തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ 96 വയസ്സായ ഗോമതി അമ്മയ്ക്കാണ് ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചത്. അമ്മയുടെ പോസ്റ്റൽ വോട്ട് അപേക്ഷ ലഭിച്ചിട്ടും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് ഇല്ലാതാക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇവരുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുകയാണ് കുടുംബം. കഴക്കൂട്ടം മണ്ഡലത്തിൽ ഇവൻകോടിൽ താമസിക്കുന്ന ഗോമതി അമ്മ രണ്ടാഴ്ച മുമ്പാണ് ബന്ധുക്കളുടെ സഹായത്തോടെ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചത്.
ബി എൽ ഓ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഗോമതി അമ്മയുടെ വീട്ടിലെത്തി രേഖകൾ പരിശോധിക്കുകയായിരുന്നു. വോട്ടറെ നേരിട്ട് കണ്ട് അപേക്ഷ സ്വീകരിച്ചു തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ എന്നിവയും പരിശോധിച്ചു. എന്നാൽ വോട്ട് രേഖപ്പെടുത്തേണ്ട സമയമായപ്പോൾ ആരും എത്തിയില്ല. ഒടുവിൽ കൊച്ചുമക്കൾ അന്വേഷിച്ചപ്പോഴാണ് ഗോഗോമതി അമ്മയുടെ പേര് മരിച്ചവരുടെ പട്ടികയിൽ ആണുള്ളത് എന്ന ഞെട്ടിക്കുന്ന മറുപടി ഉദ്യോഗസ്ഥർ നൽകിയത്.
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേര് എങ്ങനെ മരിച്ചവരുടെ പട്ടികയിൽ എത്തി എന്ന ഉത്തരം ഉദ്യോഗസ്ഥർ നൽകുന്നില്ല. പോസ്റ്റൽ വോട്ടിന് പട്ടികയിൽ ആരോ ഡെഡ് എന്നതിന്റെ ഡി രേഖപ്പെടുത്തിയതാണ് ഗോമതി അമ്മയുടെ വോട്ടവകാശം നഷ്ടപ്പെടുത്താൻ കാരണമായത്. കോവിഡ് സാഹചര്യത്തിൽ ഈ പ്രായത്തിൽ ബൂത്തിലെത്തി വോട്ട് ചെയ്യാനാവാത്തതിനാലാണ് ‘അമ്മ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചത്. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം ഗോമതി അമ്മയ്ക്ക് നിഷേധിക്കപ്പെട്ടത് തന്റെ പൗരാവകാശമാണ്.
