Movlog

Faith

പ്രമുഖ സിനി -സീരിയൽ സീനിയർ ആക്ടർ ജി കെ പിള്ള വിടപറഞ്ഞു !

മലയാള സിനിമയുടെ അനശ്വര നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു താരത്തിന് പ്രായം. മലയാള സിനിമയുടെ കാരണവർ സ്ഥാനത്ത് ഉള്ള താരം തിരുവനന്തപുരം ജില്ലയിലെ ഇടവകയിലെ വസതിയിലായിരുന്നു അന്ത്യശ്വാസം കൊണ്ടത്.

65 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 325 ഓളം സിനിമകളിൽ അഭിനയിച്ച ജി കെ പിള്ള, 1954ൽ പുറത്തിറങ്ങിയ “സ്നേഹസീമ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.

ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു താരം. 1924ൽ ഗോവിന്ദപ്പിള്ളയുടെയും സരസ്വതി അമ്മയുടേയും മകനായി തിരുവനന്തപുരം ചിറയിൻകീഴിൽ ജനിച്ച ജി കേശവപിള്ള പതിനാറാം വയസ്സിൽ ആയിരുന്നു രാജ്യത്തെ സേവിക്കാനായി പട്ടാളത്തിൽ ചേർന്നത്. 12 വർഷം നീണ്ട സേവനങ്ങൾക്ക് ശേഷം ആയിരുന്നു അദ്ദേഹം കലാ ജീവിതത്തിലേക്ക് കടന്നത്. മലയാള സിനിമയിലെ നിത്യഹരിത നായകനായ പ്രേം നസീറിനെ കണ്ടുമുട്ടിയത് ആയിരുന്നു ജി കെ പിള്ള യുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ചിറയിൻകീഴ് സ്വദേശി കൂടിയായിരുന്ന പ്രേംനസീറും ആയുള്ള ബന്ധം ആണ് അദ്ദേഹത്തെ വെള്ളിത്തിരയിലേക്ക് എത്തിച്ചത്. അക്കാലത്ത് വില്ലൻ വേഷങ്ങളിൽ ജി കെ പിള്ളയെ അല്ലാതെ മറ്റൊരു താരത്തിനെ മലയാള സിനിമാ പ്രേക്ഷകർക്ക് സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല.

70- 80 കാലങ്ങളിൽ തിരക്കേറിയ ഒരു നടനായിരുന്നു അദ്ദേഹം. 1980 കാലഘട്ടത്തിൽ സിനിമയിൽ സജീവമായിരുന്നു അദ്ദേഹം പിന്നീട് അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു.

പിന്നീട് 2005ൽ ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. ഇന്നും ആളുകൾ ചർച്ച ചെയ്യുന്ന “കടമറ്റത്തു കത്തനാർ” എന്ന പരമ്പരയിലൂടെ ആയിരുന്നു മിനിസ്ക്രീനിലേക്ക് ഉള്ള തുടക്കം. പിന്നീട് “കുങ്കുമപ്പൂവ്”, “മേഘം”, “എന്റെ മാനസപുത്രി”, “ഓട്ടോഗ്രാഫ്” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. “കുങ്കുമപ്പൂവ്” എന്ന പരമ്പരയാണ് അദ്ദേഹത്തെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ജനപ്രിയമാക്കുന്നത്.

ഇനി ചുണ്ടിൽ എരിയുന്ന പൈപ്പും, കയ്യിൽ പുകയുന്ന പിസ്റ്റളും, മുട്ടിനു താഴെ ഇറങ്ങി കിടക്കുന്ന നൈറ്റ് ഗൗണും ഒന്നുമില്ലാതെ ഉള്ള വിശ്രമമാണ് അദ്ദേഹത്തിന്. “സ്നാപകയോഹന്നാൻ”, “തുമ്പോലാർച്ച”, “ലൈറ്റ്ഹൗസ്”, “നായരു പിടിച്ച പുലിവാല്”, “സ്ഥാനാർഥി സാറാമ്മ”, “കണ്ണൂർ ഡീലക്സ്”, “ലോട്ടറിടിക്കറ്റ്”, “ഹരിശ്ചന്ദ്ര”, “പട്ടാഭിഷേകം”, “ആരോമലുണ്ണി”, “അശ്വമേധം”, “ചോല”, “കാര്യസ്ഥൻ” എന്നിവയാണ് ജി കെ പിള്ളയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങൾ.

വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഉല്പലാക്ഷി അമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ എന്നിവരാണ് മക്കൾ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങളും സിനിമാപ്രവർത്തകരും ആണ് ഇതിഹാസ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top