Movlog

Health

കൈകളിൽ അനുഭവപ്പെടുന്ന പെരിപ്പും തരിപ്പും അവഗണിക്കരുത്

ഇന്ത്യയിൽ ഇന്ന് പ്രതിവർഷം ഒരു കോടിയിലധികം രോഗികൾ അനുഭവിക്കുന്ന ഒന്നാണ് കൈകളിലെ പെരിപ്പും തരിപ്പും. സ്ത്രീകളിൽ ആണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ദൈനംദിന ജീവിതത്തിൽ പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു അവസ്ഥയാണ് കൈകളിലെ പെരിപ്പും തരിപ്പും. ഉറക്കത്തിൽ ചിലപ്പോൾ ഞെട്ടി എഴുന്നേൽക്കുമ്പോൾ കൈ തരിച്ചതായി പലർക്കും അനുഭവപ്പെടാറുണ്ട്. ഇതാണ് ഈ അസുഖത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഈ അസുഖം വ്യാപിക്കുകയും അത് ദൈനംദിന ജീവിതത്തിൽ പ്രകടമാവുകയും ചെയ്യുന്നു.

അസുഖം കൂടുന്നതിന് അനുസരിച്ച് കയ്യിന്റെ പെരിപ്പും തരിപ്പിന്റെയും കാഠിന്യവും ദൈർഘ്യവും കൂടുന്നു. പിന്നീട് മസാജ് ചെയ്യുന്നതിലോ കൈ കുടയുന്നതിലോ തരിപ്പ് നിൽക്കാതെ വരുന്നു. പിന്നീട് ഇത് പേശികളെ ബാധിക്കുകയും പേശികളുടെ കട്ടി കുറയുകയും അങ്ങനെ ബലക്ഷയം സംഭവിച്ച് വസ്തുക്കൾ എടുക്കാൻ പോലും ആവാത്ത അവസ്ഥയിലെത്തുന്നു. കൈത്തണ്ടയിൽ നിന്നും പോകുന്ന ഞരമ്പുകൾ കാർപൽ ടണൽ വഴിയാണ് കൈകളിലേക്ക് എത്തുന്നത്. ഈ ഞരമ്പുകൾ ചുരുങ്ങുന്നതോടെ അതിന്റെ പ്രവർത്തനം ഭംഗപ്പെടുന്നു. ഇങ്ങനെയാണ് കയ്യുകൾക്ക് പെരിപ്പും തരിപ്പും അനുഭവപ്പെടുന്നത്.

ദൈനം ദിന ജീവിതചര്യ ആണ് ഇതിനു പ്രധാന കാരണം. കൈത്തണ്ടയ്ക്ക് ഉണ്ടാവുന്ന ആവർത്തിച്ചുള്ള ചലനമാണ് ഞരമ്പുകൾ ചുരുങ്ങാൻ കാരണമാകുന്നത്. ഇത് കൂടാതെ തൈറോയ്‌ഡിന്റെ അളവ് കുറയുന്നത്, പ്രമേഹം, അമിത വണ്ണം , വാദം എന്നിവയും കൈത്തരിപ്പിനുള്ള പ്രധാന കാരണങ്ങളാണ്. ആദ്യം കൈപ്പത്തിയിൽ തരിപ്പ് അനുഭവിക്കാൻ തുടങ്ങി പിന്നീട് അത് വ്യാപിച്ച് തോളുകൾ വരെ എത്തുന്നു. ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു ഭേദപ്പെടുത്തേണ്ടതുണ്ട്.

കാർപൽ ടണൽ സിൻഡ്രം എന്ന രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇതിനെ മൂന്നായി തരം തിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ജീവിതരീതികളിൽ മാറ്റം കൊണ്ട് വരുന്നതിലൂടെ ഈ അസുഖത്തെ തടയാൻ സാധിക്കും. അമിതവണ്ണം, പ്രമേഹം, വാദം എന്നിവ മരുന്നുകളിലൂടെ കുറയ്ക്കാൻ ശ്രമിക്കുക. കൈത്തണ്ടയ്ക്ക് ബലമേകുന്ന ചില വ്യായാമങ്ങൾ ചെയ്യുന്നതിലൂടെയും കൈ പെരിപ്പും തരിപ്പും കുറയ്ക്കാൻ സാധിക്കും. രണ്ടാം ഘട്ടത്തിൽ മരുന്നുകളുടെ സഹായം തേടേണ്ടി വരും. എന്നാൽ മൂന്നാം ഘട്ടത്തിൽ ഞരമ്പുകൾക്ക് ഹാനിസംഭവിക്കാനുള്ള സാദ്ധ്യതകൾ ഏറെയായതിനാൽ ഓപ്പറേഷൻ ചെയ്യേണ്ടതായി വരും. അവസാന ഘട്ടത്തിൽ ഞരമ്പുകൾക്ക് ഹാനി സംഭവിച്ചതിനു ശേഷം ഓപ്പറേഷൻ ചെയ്‌താൽ പൂർവ സ്ഥിതിയിലേക്ക് എത്തുവാൻ സാധിക്കില്ല. അതിനാൽ ലക്ഷണങ്ങൾ പ്രകടമാവുന്ന സമയത്ത് തന്നെ പെട്ടെന്ന് വൈദ്യസഹായം തേടുന്നതാണ് ഉത്തമം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top