Movlog

India

ഒരുപാട് പേർക്ക് പ്രചോദനമായി ഒരു കൂലിപ്പണിക്കാരന്റെ മകളുടെ ജീവിതകഥ.

ജീവിതത്തിൽ ചില പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നോട്ടേക്ക് പോകുവാൻ പ്രചോദനമേകുന്ന ഒരുപാട് പ്രശസ്ത വ്യക്തികളുടെ ജീവിതകഥ നമുക്ക് അറിയാം. മോട്ടിവേഷണൽ വീഡിയോസ് ഒക്കെ കണ്ട് വിഷമങ്ങൾ അകറ്റുന്നുവരാണ് നമ്മളിൽ പലരും. എന്നാൽ പ്രചോദനം ലഭിക്കാൻ അങ്ങ് ദൂരെയുള്ള പ്രശസ്തരെ കുറിച്ച് ചിന്തിക്കേണ്ടതില്ല. നമ്മുടെ ചുറ്റിലുമുണ്ടാവും ജീവിതത്തോട് പോരാടി വിജയം കണ്ടെത്തുന്ന, കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവർ. അത്തരത്തിൽ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഒരു കൂലിപ്പണിക്കാരന്റെ മകളുടെ ജീവിതകഥയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരു കൂലിപ്പണിക്കാരന്റെ ജീവിതത്തിൽ ദിവസേന ജീവിച്ചു പോകുവാനുള്ള പണം മാത്രമേ ഉണ്ടാവുകയുള്ളൂ. ചില നേരങ്ങളിൽ അവരുടെ വീട്ടിൽ പട്ടിണിയുമായിരിക്കും. മറ്റു ജോലികൾ ഒന്നും ചെയ്യാൻ അച്ഛന് അറിയുമായിരുന്നില്ല. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻ കൂലിപ്പണിക്കാരൻ ആയ അച്ഛൻ ഒരുപാട് പ്രയാസപ്പെട്ടു. അച്ഛന്റെ യാതനകൾ കണ്ടു മനസിലാക്കിയ മകൾ ദേവിക ഒടുവിൽ ഒരു തീരുമാനം എടുക്കുകയായിരുന്നു. ഒരു ബിസിനസ് തുടങ്ങണം എന്ന്. എന്നാൽ ബിസിനസ് തുടങ്ങാനുള്ള പണം നൽകി സഹായിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ ആണ് ദേവിക ആദ്യമായി ഹോം നേഴ്‌സിന്റെ കുപ്പായമണിയുന്നത്.

ഒരു വർഷം ഹോം നേഴ്‌സായി ജോലി ചെയ്ത ദേവിക, ഈ ജോലിക്കൊപ്പം പാർട്ട് ടൈം ആയി പല ഫ്ളാറ്റുകളിലും ഹോംമെയ്ഡ് ആയും ജോലി ചെയ്തു. 3000 രൂപയായിരുന്നു ദേവികയുടെ ശമ്പളം. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കിയതിനു ശേഷം ബാക്കി വന്ന പണം ദേവിക സൂക്ഷിച്ചു വച്ചു. അങ്ങനെ 8000 രൂപ ആയപ്പോൾ വീടിനോട് ചേർന്ന് ഒരു ഷെഡിൽ ഒരു ചെറിയ കട തുടങ്ങി വച്ചു.4 കാറ്റാടി കമ്പിൽ നാലുവശവും പലക തറച്ച് തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യത്തെ ചുവട് വെച്ചു ദേവിക. നാല് മിഠായി ഭരണിയും കുറച്ചു കറിപ്പൊടികളും മാത്രമുള്ള കടയെന്നു പറഞ്ഞ് കളിയാക്കിയവർ ഒരുപാട് പേരായിരുന്നു. ഒരു പെൺകുട്ടി എത്ര ഓടിയാലും ഇത്രയേ ഉണ്ടാവു എന്ന് മുഖത്ത് നോക്കി പരിഹസിച്ചവരുമുണ്ട്. ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ എന്ന് മുഖത്ത് നോക്കി ചിരിച്ചവരോട് മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു മാത്രം നിന്നു ദേവിക.

ഒന്നുമില്ലായ്മയിൽ താനിട്ടത് തന്റെ സ്വപ്നം ആയിരുന്നു എന്ന തിരിച്ചറിവ് ദേവികയ്ക്ക് ഉണ്ടായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ അത് കൊണ്ട് നിന്നില്ല. രോഗമായും മഴയും വെയിലായും ഒന്ന് കഴിഞ്ഞു ഒന്നായി ദേവികയുടെ ജീവിതത്തിൽ തിരിച്ചടികൾ വന്നു കൊണ്ടേയിരുന്നു. കൂട്ടിവെച്ച പണമൊക്കെ മറ്റു പല അത്യാവശ്യങ്ങൾക്കായി ചിലവായി പോകുമ്പോൾ ദേവിക തന്റെ സ്വപ്നത്തെ പേടിയോടെ ഒന്ന് നോക്കും. അങ്ങനെ മാസങ്ങളോളം എലിയോ പാമ്പോ വരുമോ എന്ന് ഭയന്ന് കൊണ്ട് കാറ്റിൽ പാറാത്ത മഴയത്ത് നനയാത്ത ആ കൊച്ചു കടയിൽ ദേവിക നിന്നു .ജീവിതത്തിലേക്ക് കൂട്ടായി ഒരാൾ എത്തിയപ്പോൾ ദേവിക ആശ്വസിച്ചെങ്കിലും വിധി അവളെ വീണ്ടും ഒറ്റക്കാക്കി. രോഗങ്ങൾ കുടുംബത്തിന്റെ അടിവേര് ഇളക്കുമ്പോഴും ദേവികയെ വേദനിപ്പിച്ചത് പ്രിയപ്പെട്ട ആളുടെ ശാപവാക്കുകളായിരുന്നു.

എന്നാൽ തോൽക്കാൻ മനസ്സില്ലായിരുന്നു ദേവികയ്ക്ക്. പണം സമ്പാദിക്കാൻ ആയി കട്ട ചുമക്കാനും തേക്കാനും, മിറ്റല് കോരാനും, വീടുപണിക്കും എല്ലാം ദേവിക പോയി. പെണ്ണായതു കൊണ്ടെന്താ സ്വപ്നം കണ്ടൂടെ എന്ന ചിന്ത ദേവികയെ മുന്നോട്ടേക്ക് നയിച്ചു. കരഞ്ഞു തീർക്കാനുള്ളതല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തോട് പോരാടി ആറു മാസം കൊണ്ട് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു ദേവിക. അങ്ങനെ ആരോടും കടം വാങ്ങാതെ കാറ്റും മഴയും കടക്കാത്ത ഒരു കൊച്ചു കടയുടെ ഉടമസ്ഥയാണ് ദേവിക ഇപ്പോൾ. ദേവിക തന്നെയാണ് കടയുടെ പണിക്ക് തേച്ചതും പെയിന്റ് ചെയ്തതുമെല്ലാം. നശിച്ചു പോകുമെന്ന് പറഞ്ഞ വ്യക്തിക്ക് മുന്നിൽ തന്റെ ഷോപ്പിനു മുന്നിൽ തല ഉയർത്തി നിൽക്കാൻ ദേവികയ്ക്ക് സാധിച്ചു. വലിയ കടയും വലിയ വരുമാനവും ഒന്നും ഇല്ലെങ്കിലും ജീവിതത്തിൽ തളരാതെ പോരാടിയ ദേവികയുടെ കഥ ഒരുപാട് പേർക്ക് പ്രചോദനം തന്നെയാണ്.

ദേവികയുടെ അച്ഛൻ ഒരു ഹൃദ്രോഗിയാണ്, ‘അമ്മ കാൻസർ രോഗിയും. ഇവരുടെ മരുന്നുകൾക്ക് മാത്രം വേണം ഒരുപാട് പണം. എങ്കിലും എനിക്ക് ഒന്നുമില്ല എന്ന് പറയുന്നവർക്ക് വേണ്ടി ദേവിക തന്റെ ജീവിതകഥ പങ്കു വെക്കുകയാണ്. മനസ്സറിഞ്ഞു ശ്രമിക്കുകയാണെങ്കിൽ നമുക്കും പലതും ചെയ്യാൻ സാധിക്കുമെന്ന് ദേവിക തന്റെ ജീവിതം കൊണ്ട് കാണിച്ചു തരുന്നു. സമൂഹം മുഴവനും നമ്മളെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ തളരരുത്. നിനക്ക് നീ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ഒരുപാട് ശക്തിയേകും. കളിയാക്കലും കുറ്റപ്പെടുത്തലുകളും തളരാനുള്ള വഴിയാകരുത്, വളരാനുള്ള കരുത്താവണം. ജീവിതത്തോട് പൊരുതി തോൽപ്പിച്ചവരുടെ മുന്നിൽ ജയിച്ചു കാണിക്കണം. ഒരിക്കലും വിധിയെന്ന് പറഞ്ഞ് സ്വയം തോറ്റു പോകരുത് എന്നും ദേവിക തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top