ലോക ജനതയെ മുഴുവൻ ഭീതിയിലാഴ്ത്തി ഒരു വർഷത്തിലേറെയായി വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരി ആണ് കോവിഡ് 19. കഴിഞ്ഞ വർഷം ഈ സമയത്ത് രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ആദ്യത്തെ ലോക്ക് ഡൗൺ കഴിയുന്നതോടെ ഈ അസുഖം പൂർണ്ണമായും ഇല്ലാതാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ഭയാനകമായി കേസുകളും മരണം നിരക്കുകളും വർധിച്ചുവരുന്നതായിരുന്നു പിന്നീട് നമ്മൾ കണ്ടത്.ആദ്യത്തെ മാസങ്ങളിൽ അസുഖത്തിന് എതിരെ വാക്സിൻ കണ്ടു പിടിക്കാത്തത് ഭീഷണിയുയർത്തി. ലോക്ക്ഡൗണിലെ പല ഘട്ടങ്ങളിലൂടെ കടന്ന് അസുഖത്തിന്റെ വ്യാപനം തടയാൻ ശ്രമിച്ചെങ്കിലും ലോക്ക് ഡൗൺ കഴിഞ്ഞതോടെ എല്ലാം പഴയപടിയായി. പ്രശോഭ് കൃഷ്ണയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
കോവിഡ് വ്യാപനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളുകൾ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. സിനിമ തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ ആരംഭിച്ചു. ഒരിടയ്ക്ക് കോവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും അതിശക്തമായ കോവിഡ് 19 സെക്കൻഡ് വേവ് നേരിടുകയാണ് നമ്മുടെ രാജ്യം ഇപ്പോൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിലും കേരളത്തിലുമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 77 ശതമാനവും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്. സാമൂഹിക അകലവും സാനിറ്റൈസറും മാസ്കുകളും എല്ലായിടത്തും നിർബന്ധമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ട ഈ സമയത്ത് ഇതെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് ഇലക്ഷൻ പ്രചാരണങ്ങൾ നടക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നാടിന്റെ സുരക്ഷാ ഉറപ്പു വരുത്തണം എന്ന് ഘോരഘോരം പ്രസംഗിച്ച നേതാക്കളുടെ പ്രചാരണ പരിപാടികളിൽ പോലീസ് അകമ്പടിയോടെ മാസ്ക് ഇല്ലാതെ എല്ലാവരെയും കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് നാമിപ്പോൾ നമുക്കു ചുറ്റും കാണുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സമ്മേളനങ്ങളിൽ ചെറിയ കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. തിയേറ്ററുകൾ അടഞ്ഞിരിക്കുന്ന ഇടം ആണെന്നും ഏസി ഉള്ളതുകൊണ്ട് കോവിഡ് രോഗം വരാനുള്ള സാധ്യതകൾ ഏറെയാണെന്ന് പറയുന്ന രാഷ്ട്രീയ പ്രവർത്തകരാണ് കണ്ണിന്റെ മുന്നിൽ ഇത്രയും വലിയൊരു തെറ്റ് നടക്കുമ്പോഴും സ്വന്തം കാര്യത്തിനു വേണ്ടി ആളുകൾ കൂടുന്നത് കണ്ടില്ലെന്നു വെക്കുന്നത്. അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളിലും ആഘോഷങ്ങളിലും എന്തിനു ബാറുകളിൽ പോലും ഇപ്പോൾ ആളുകൾ കൂടുന്നതിന് യാതൊരു പ്രശ്നവുമില്ല.എന്നാൽ സിനിമാ തിയേറ്ററുകൾ ഹൗസ് ഫുൾ ആകുന്നതാണ് ഏറ്റവും വലിയ വിഷയം. രാജ്യത്തിന്റെ പുനർനിർമിതിക്ക് ഇത്തരം പ്രചാരണപരിപാടികൾ ആവശ്യമാണെന്ന് കരുതുന്നവർ കൊറോണക്ക് രാഷ്ട്രീയവും മതവും യാതൊന്നുമില്ലെന്ന് ഓർത്താൽ നന്ന്.
