Movlog

Faith

ആഗ്രഹിച്ചു പണിത വീട് കടലെടുത്തു ! ബിഗ് സ്‌ക്രീനിൽ എല്ലാവരെയും ചിരിപ്പിച്ച കോബ്ര രാജേഷിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത്‌ നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു “ആക്ഷൻ ഹീറോ ബിജു”. ബിജു പൗലോസ് എന്ന സബ് ഇൻസ്പെക്ടറെ മലയാളികൾ മറക്കാനിടയില്ല. ഒരു പോലീസ് സ്റ്റേഷനിൽ ഉള്ള സംഭവങ്ങളെ തനതായ രീതിയിൽ ആവിഷ്കരിച്ച ഒരു സിനിമയായിരുന്നു “ആക്ഷൻ ഹീറോ ബിജു”. എബ്രിഡ് ഷൈൻ, ഷിബു തെക്കുംപുറം, നിവിൻപോളി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായത്.

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന സുരാജ് വളരെ ഗൗരവമാർന്ന ഒരു കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. വളരെ കുറച്ചു നേരം മാത്രമേ സ്ക്രീനിൽ എത്തിയെങ്കിലും വികാരഭരിതമായ ആ രംഗങ്ങൾ തന്റെ അഭിനയ മികവ് കൊണ്ട് അവിസ്മരണീയം ആക്കി തീർത്തു സുരാജ്. ചിത്രത്തിൽ വളരെ കുറച്ച് രംഗങ്ങളിൽ എത്തിയ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു എന്ന സവിശേഷതയാണ് ഈ സിനിമയ്ക്ക് ഉള്ളത്. ചിത്രത്തിലെ “മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനം ആലപിച്ചു കൊണ്ട് അഭിനയിച്ച അരിസ്റ്റോ സുരേഷ് ഈ സിനിമയിലൂടെ ഏറെ ശ്രദ്ധേയമായിരുന്നു.

ഇതുപോലെ പ്രേക്ഷകരുടെ ഉള്ളിൽ തങ്ങി നിൽക്കുന്ന ഒരു രംഗമായിരുന്നു ജോജു ജോർജ്ജ് അവതരിപ്പിച്ച പോലീസ് കഥാപാത്രത്തിന്റെ വയർലെസ് മോഷ്ടിച്ച രംഗം. വയർലെസ് മോഷ്ടിച്ച് ഇംഗ്ലീഷിൽ സംസാരിച്ചും തെറി പറഞ്ഞും മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ആ കലാകാരൻറെ പേരാണ് രാജേഷ്. ഈ ചിത്രത്തിനുശേഷം കോബ്ര രാജേഷ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യരംഗം അഭിനയിച്ച് ഫലിപ്പിച്ച രാജേഷ് ഇപ്പോൾ ജീവിതത്തിൽ മറ്റൊരു വേഷം ആടി തീർക്കുകയാണ്.

നാടകങ്ങളിൽ വളരെ സജീവമായിരുന്ന രാജേഷ് നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. വളരെ ചെറിയ വേഷങ്ങളിലൂടെ തന്റെ കലാജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു ഈ കലാകാരൻ. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അനുഭവിക്കുന്ന രാജേഷിന് സ്വന്തമായി വീടില്ലായിരുന്നു. രാജേഷിന്റെ ഏറ്റവും വലിയ സ്വപ്നവും അതുതന്നെയായിരുന്നു. നടൻ ജഗദീഷിന്റെയും ഗായിക റിമി ടോമിയുടെയും ഗൾഫിലുള്ള ചില സുമനസ്സുകളുടെ സഹായം കൊണ്ട് വീട് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് രാജേഷ്.

എന്നാൽ ആ സന്തോഷം വേണ്ടുവോളം ആസ്വദിക്കുന്നതിനു മുമ്പ് വിധി അത് തട്ടിയെടുത്തു. ജീവിതകാലമത്രയും രാജേഷ് ആഗ്രഹിച്ച് കാത്തിരുന്ന് സ്വന്തമാക്കിയ വീട്ടിൽ അധികനാൾ സന്തോഷത്തോടെ കഴിയാൻ രാജേഷിന് ഭാഗ്യമുണ്ടായില്ല. ഒന്നിന് പുറകെ ഒന്നായി ഓരോ ദുരന്തങ്ങൾ രാജേഷിന്റെ ജീവിതത്തെ മാറ്റി മറക്കുകയായിരുന്നു. ഓഖി ചുഴലിക്കാറ്റ് കേരളക്കരയിൽ നാശം വിതച്ചപ്പോൾ നിരവധി ജീവിതങ്ങൾ ആയിരുന്നു തകർന്നത്. ആശിച്ചു ഉണ്ടാക്കിയ വീട്ടിൽ കൊതിതീരുവോളം താമസിക്കുന്നതിനു മുമ്പ് ചുഴലിക്കാറ്റിൽ രാജേഷിന്റെ വീട് പൂർണമായും തകർന്നു.

രാജേഷിന് ഇത് വലിയൊരു ആഘാതം തന്നെയായിരുന്നു. ഇപ്പോൾ ഭാര്യയും മക്കളുമൊത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. മിമിക്രിയും സിനിമയും ആയി സമാധാനപരമായ ജീവിതം നയിക്കുമ്പോൾ ആയിരുന്നു വീണ്ടും വിധിയുടെ വിളയാട്ടം. കോവിഡ് പ്രതിസന്ധികൾ കാരണം സ്റ്റേജ് ഷോകൾ ഇല്ലാതായതോടെ രാജേഷിന്റെ വരുമാനം നിലച്ചു. എന്നാൽ വിധിക്കുമുന്നിൽ നിസ്സഹായനായി നോക്കി നിൽക്കാൻ രാജേഷ് തയ്യാറല്ലായിരുന്നു.

ജീവിതം തിരിച്ചുപിടിക്കാനായി മറ്റൊരു വേഷം തകർത്ത് ആടുകയാണ് രാജേഷ് ഇപ്പോൾ. കടപ്പുറത്ത് ഉണക്ക മീൻ വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തുകയാണ് രാജേഷ്. ആലപ്പുഴയിൽ കടപ്പുറത്ത് ഉണക്കമീൻ വിറ്റിട്ടാണ് ഇപ്പോൾ നിത്യവൃത്തിക്കുള്ള വരുമാനം രാജേഷ് കണ്ടെത്തുന്നത്. വിധി തന്റെ സ്വപ്നങ്ങൾ എല്ലാം തുടച്ചു നീക്കുവാൻ ശ്രമിക്കുമ്പോൾ അതിലൊന്നും തളരാതെ ദൃഢനിശ്ചയത്തോടെ, കഠിനാധ്വാനം കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് ഉയർത്തെഴുന്നേൽക്കുകയാണ് രാജേഷ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top