Movlog

Movie Express

അഭിനയമോഹം കാരണം എയർ ഫോഴ്‌സിലെ ജോലി ഉപേക്ഷിച്ച് ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിൽ എത്തി ഇന്ന് മലയാള സിനിമയിലെ “ഭാഗ്യ നടനും ” മിനിസ്‌ക്രീനിലെ നിറസാന്നിധ്യവും ആയി മാറിയ ബാലാജിയുടെ വിശേഷങ്ങൾ..

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് “മൗനരാഗം”. “മൗനരാഗ”ത്തിൽ, ഒരു പെൺകുട്ടിയായതിന്റെ പേരിൽ സ്വന്തം മകളോട് പോലും പക സൂക്ഷിക്കുന്ന ഒരു അച്ഛന്റെ വേഷത്തിൽ എത്തുന്ന താരമാണ് ബാലാജി. ഐശ്വര്യ റാം സായി, നലീഫ് എന്നീ അന്യഭാഷ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ നായിക കഥാപാത്രമായ കല്യാണിയുടെ അച്ഛന്റെ വേഷമാണ് ബാലാജി കൈകാര്യം ചെയ്യുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ബാലാജി. വർഷങ്ങളായി ജനപ്രിയ പരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുന്ന താരം ബിഗ് സ്ക്രീനിലും സജീവമാണ്. തക്കം കിട്ടുമ്പോഴൊക്കെ മകളെ ദ്രോഹിക്കുന്ന, സംസാരശേഷിയില്ലാത്ത സ്വന്തം മകളെ അംഗീകരിക്കാത്ത കല്യാണിയുടെ അച്ഛൻ ആയി മികച്ച അഭിനയം തന്നെയാണ് ബാലാജി കാഴ്ച വെക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ആ കഥാപാത്രത്തോട് ഇത്രയേറെ വെറുപ്പ് തോന്നുമ്പോൾ അവിടെ ബാലാജിയുടെ അഭിനയ പാടവത്തെ പ്രശംസികാത്തിരിക്കാൻ സാധിക്കില്ല.

ഇന്ന് സിനിമയിലും സീരിയലിലും സജീവമായിട്ടുള്ള താരത്തിന്റെ ആദ്യകാലം അത്ര സുഖകരമായിരുന്നില്ല. മലയാള സിനിമയിലെ “ഭാഗ്യ നടൻ” എന്ന പേര് നേടിയെടുക്കാൻ ബാലാജി ശർമ്മ അതിജീവിച്ച പ്രതിസന്ധികൾ ഒരുപാട് ആണ്. ബാലാജി അഭിനയിച്ച ചില സിനിമകൾ തുടർച്ചയായി 50 കോടി 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെയാണ് ഇങ്ങനെയൊരു പേര് വീണത്. തിരുവനന്തപുരം സ്വദേശിയായ ബാലാജിയുടെ അച്ഛനുമമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു.

ഏഴാം ക്ലാസ് വരെ അച്ഛന്റെ ക്വാർടേഴ്സിലായിരുന്നു ബാലാജി താമസിച്ചിരുന്നത്. പിന്നീട് അച്ഛൻ പൂജപ്പുരയ്ക്ക് അടുത്ത് വട്ടവിളയിൽ 10 സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു. പെട്ടെന്നൊരുനാൾ പൊട്ടിമുളച്ചതല്ല ബാലാജിയുടെ അഭിനയമോഹം. വളരെ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടുതന്നെ അഭിനയമോഹം ഉള്ളിലുണ്ടായിരുന്നു. പതിനാറാം വയസ്സിൽ എയർഫോഴ്സ് പരീക്ഷ വിജയിച്ചതോടെ പോലീസ് ആയി ജോലി കിട്ടി.

എന്നാൽ അപ്പോഴും അഭിനയമോഹം ഒരു കനലായി തന്നെ തുടരുന്നുണ്ടായിരുന്നു. പിന്നീട് ജോലിയിൽ ഇരുന്നു കൊണ്ട് ഡിഗ്രിയും എൽ എൽ ബിയും എല്ലാം നേടിയെടുത്തു. അങ്ങനെ ജീവിതത്തിൽ കുറച്ചു കൂടി റിസ്ക് എടുക്കാനുള്ള ധൈര്യം കിട്ടിയപ്പോൾ ആയിരുന്നു ജോലി രാജിവെച്ച് സിനിമാനടൻ ആകുവാൻ ആയി ഇറങ്ങിത്തിരിച്ചത്. ഒരു അവാർഡ് ചിത്രത്തിൽ തോണി തള്ളുന്ന ഒരു രംഗത്തിൽ ആയിരുന്നു ആദ്യമായി ബാലാജി അഭിനയിച്ചത്.

ഇത്രയും നല്ലൊരു ജോലി കളഞ്ഞ് നടനാകാൻ വന്നത് ഇങ്ങനെ ഒരു വേഷം ചെയ്യാൻ ആണോ എന്ന് സ്വയം ചോദിച്ചു പോയ ഒരു നിമിഷം ആയിരുന്നു അത്. അപ്പോഴാണ് കൂടെ തോണി തള്ളാൻ വന്ന മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് എസ് ഐ ആണെന്ന് മനസ്സിലായത്. ഇങ്ങനെ തുടരുന്നതിൽ അർഥമില്ലെന്ന് മനസ്സിലായപ്പോഴാണ് വാണിജ്യ സിനിമകളുടെ സംവിധായകരുടെ സിനിമകളിൽ നേരിട്ട് പോയി ചാൻസ് ചോദിക്കാൻ തുടങ്ങിയത്. സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ബാലാജിക്ക് പിന്നീട് സീരിയലുകളിലും അവസരം ലഭിച്ചു തുടങ്ങി.

മധുപാൽ “ഒഴിമുറി” എന്ന ചിത്രത്തിലേക്ക് വിളിച്ചത് ബാലാജിയുടെ സിനിമ ജീവിതത്തിൽ തന്നെ വഴിത്തിരിവായി മാറി. ചിത്രത്തിൽ ബാലാജി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അതോടെ “ഭാഗ്യ നടൻ” എന്ന വിശേഷണം വീണു. ഇതിനോടകം 90 സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഇന്നും അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ തന്നെയാണ് സകുടുംബം താമസിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top