Movlog

Technology

നാല് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ആർച് ഡാം ഉണ്ടാക്കി റെക്കോർഡ് ഇട്ട് ചൈന

ലോകത്തിലെ ഏറ്റവും വലിയ ആർച്ച് ഡാം വെറും നാലു വർഷം കൊണ്ട് നിർമ്മിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് ചൈന. വളരെ വേഗത്തിൽ നിർമ്മിതികൾ പൂർത്തിയാക്കുന്ന കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചൈന ഡാം പണിയുന്ന കാര്യത്തിലും ഈ പതിവ് തെറ്റിച്ചില്ല. സാറ്റലൈറ്റുകളും 4ജി സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചാണ് ഇത്രയും വേഗത്തിൽ ഒരു ഡാം നിർമിക്കാൻ ചൈനയ്ക്ക് സാധിച്ചത്. യാങ്സി നദിയുടെ പോഷകനദിയായ ജിങ്ഷജിയങ് നദിക്ക് കുറുകെയാണ് 300 മീറ്റർ ഉയരത്തിൽ ചൈന ബൈട്ടൻ ഡാം നിർമ്മിച്ചിരിക്കുന്നത്. 80 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റ് ആണ് ഈ ഡാമിന് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 2000 കിലോമീറ്റർ ചുറ്റളവിൽ ഈ ജലവൈദ്യുതപദ്ധതി കൊണ്ടുള്ള ഊർജ്ജം ലഭിക്കുമെന്നാണ് ചൈനീസ് സർക്കാരിന്റെ കണക്കുകൂട്ടൽ.

ഡാമിന്റെ വലിപ്പം മാത്രമല്ല ഡാം നിർമ്മിക്കാൻ എടുത്ത സമയം ആണ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ചെങ്കുത്തായ മേഖലയിൽ ഇത്രയും വേഗം ഒരു ഡാം എങ്ങനെ നിർമ്മിക്കും എന്നായിരുന്നു പലരുടെയും ആശങ്ക. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം ആണിതെന്ന് സിചുവാൻ സർവകലാശാലയിലെ പ്രൊഫസർ ഡെങ് ചിയാൻ ഹുയി പറയുന്നു. ഏകദേശം 170 ബില്യൺ യുവാൻ അതായത് ഇന്ത്യൻ രൂപ 1.90 ലക്ഷം കോടി രൂപ ഈ പടുകൂറ്റൻ ഡാം നിർമിക്കാൻ ആയി ചൈന ചിലവഴിച്ചത്. ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഈ വർഷം തന്നെ ഡാം പ്രവർത്തിച്ചു തുടങ്ങും. ജൂലൈ ഒന്നുമുതൽ ഡാമിൽ നിന്നും ജലവൈദ്യുതി ഉത്പാദനം തുടങ്ങുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

പ്രതിവർഷം 62 ടെറാ വാട്ട് മണിക്കൂർ വൈദ്യുതി ആണ് ഇവിടെ നിന്നും ഉൽപാദിക്കുന്നത്. ഇതോടെ ചൈനയുടെ കാർബൺ പുറംതള്ളൽ 52 ദശലക്ഷം ടൺ കുറയ്ക്കാനും ഇത് സഹായിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. റെക്കോർഡുകൾ നേടുന്നതിനോടൊപ്പം തന്നെ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ബൈട്ടൻ ഡാം. ഡാം നിർമ്മിക്കുവാൻ ആയി ഒരു ലക്ഷത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചത്. മാത്രവുമല്ല ഈ പ്രദേശത്തെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകിടം മറിയും എന്നും പരിസ്ഥിതിവാദികൾ ആശങ്കപ്പെടുന്നു. ചൈനയുടെ ഏറ്റവും വലിയ നദിയായ യാങ്‌സിയുടെ പോഷക നദിയ്ക്ക് കുറുകെ ആണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഇത് നദിയിലെ മത്സ്യസമ്പത്തിനെ ഒരുപാട് പ്രതിസന്ധിയിൽ ആക്കും. മാത്രവുമല്ല വളരെ വേഗത്തിൽ നിർമ്മിച്ച ഡാമിന്റെ സുരക്ഷയെ കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top