Movlog

Movie Express

“ചെരാതുകൾ” എന്ന ചിത്രത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മാത്യു മാമ്പ്ര -യെന്ന ബിസിനസുകാരൻ

അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച 3 കഥാപാത്രങ്ങളായിരുന്നു “ആർക്കറിയാം” എന്ന ചിത്രത്തിലെ ബിജുമേനോൻ ചെയ്ത കഥാപാത്രം, “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ” എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ചെയ്ത കഥാപാത്രവും, “ചെരാതുകൾ” എന്ന ചിത്രത്തിൽ ഡോക്ടർ മാത്യു മാമ്പ്ര അവതരിപ്പിച്ച കഥാപാത്രം. പ്രായത്തേക്കാൾ കൂടുതൽ പ്രായമുള്ള ഒരു കഥാപാത്രത്തെ ചെയ്യുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. വാർധക്യത്തിന്റെ വേറിട്ട മുഖങ്ങൾ ആയിരുന്നു ഈ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. “ചെരാതുകൾ” എന്ന ചിത്രത്തിലെ മുതിർന്ന പൗരൻറെ വേഷം പ്രേക്ഷർക്ക് വൈകാരികമായി കൂടുതൽ അടുത്തുനിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു. വാത്സല്യവും നിഷ്കളങ്കതയും ഒളിപ്പിച്ചുവെച്ച ശാന്തമായ ചിരി ആ കഥാപാത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

ആദ്യമായി സ്ക്രീനിൽ എത്തി അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് മാത്യു മാമ്പ്ര. ഒരു പ്രമുഖ സിനിമാ നടൻ അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു ഇത്. എന്നാൽ കോവിഡ് പ്രതിസന്ധികളെ തുടർന്ന് ആ നടന് അഭിനയിക്കാൻ ലൊക്കേഷനിൽ എത്താൻ സാധിക്കാതെ വന്നപ്പോൾ സിനിമയുടെ പ്രൊഡ്യൂസർ കൂടിയായ മാമ്പ്ര ഈ കഥാപാത്രം ഏറ്റെടുക്കുകയായിരുന്നു. ബംഗളൂരുവിൽ നാടകങ്ങളിൽ സജീവമായിരുന്ന മാത്യു ബിസിനസ് തിരക്കുകൾ കാരണം അഭിനയത്തിൽ നിന്നും കുറച്ചുനാളായി മാറിനിൽക്കുകയായിരുന്നു. എങ്കിലും ജന്മസിദ്ധമായ കഴിവുകൾ ഒരിക്കലും മായ്ച്ചുകളയാൻ ആവില്ലല്ലോ. എം ബി എ റാങ്കുകാരൻ ആയ മാത്യു കടുത്ത ഒരു സിനിമ പ്രേമിയും, ഗാനരചയിതാവും കൂടിയാണ്. ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റും ഉണ്ട്.

ബംഗളൂരുവിൽ കേരളത്തിലെ പോലുള്ള ചുറ്റുപാടുകൾ ഉണ്ടാക്കി മലയാള തനിമയോടെയുള്ള ജീവിതം നയിക്കുകയാണ് ഈ കുട്ടനാട്ടുകാരൻ. വളരെ അനായാസമായിട്ട് ആയിരുന്നു മാമ്പ്ര അഭിനയിച്ചത് എന്ന് സംവിധായകൻ ഷനൂബ് പറയുന്നു. നാടകത്തിൽ നിന്നും വിട്ടു നിന്നിട്ട് കുറച്ച് ആയെങ്കിലും അതിന്റെ യാതൊരു വീഴ്ചകളും ഇല്ലാതെ അധികം റീടേക്കുകൾ ഇല്ലാതെയായിരുന്നു ഓരോ രംഗങ്ങൾ ചിത്രീകരിച്ചത്. ലണ്ടൻ ഇന്റർനാഷണൽ വെബ് ഫിലിംഫെസ്റ്റിവൽ, സെർബിയൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേൾഡ് ഫിലിം കാർണിവൽ എന്നീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ എല്ലാം നല്ല നടനുള്ള പുരസ്കാരവും ലഭിച്ചു അദ്ദേഹത്തിന്. മലയാള സിനിമയിലെ മറ്റ് ഏതെങ്കിലും പ്രശസ്ത നടൻ ആയിരുന്നെങ്കിൽ ഇന്ന് ഇത് വലിയ വാർത്തകൾ ആവുമായിരുന്നു. ഈ സിനിമയിലെ മനോഹരമായ ഗാനങ്ങൾ എഴുതിയതും മാത്യു മാമ്പ്ര തന്നെ. മലയാള സിനിമയ്ക്ക് വൈകി വന്ന വസന്തം പോലെ ലഭിച്ച ഒരു അതുല്യകലാകാരൻ തന്നെയാണ് മാത്യു മാമ്പ്ര. ഈ കലാകാരന്റെ കഴിവുകൾ മലയാള സിനിമ വേണ്ടവിധം വിനിയോഗിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top