മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് വിജയകരമായ മൂന്നു സീസണുകൾക്ക് ശേഷം നാലാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഷോയിലെ മത്സരാർത്ഥികൾ തമ്മിൽ പരിചയപ്പെടുകയും അവരുടെ ജീവിത കഥകൾ പറയുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഒരു തുള്ളി കണ്ണീരില്ലാതെയായിരുന്നു മുക്കം സ്വദേശിയായ ജാസ്മിൻ മൂസ തന്റെ ജീവിതത്തിൽ അനുഭവിച്ച പീഡനങ്ങൾ എല്ലാം തുറന്നു പറഞ്ഞത്.
ബ്ലസിയുടെയും അശ്വിൻറെയും കഥകേട്ട് ബിഗ് ബോസ് മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കരഞ്ഞു. ഇപ്പോഴിതാ എതിർപ്പുകളെ എല്ലാം അവഗണിച്ചു സിനിമ മതിയെന്ന് ഉറച്ചു തീരുമാനിച്ച് വിജയം കണ്ടെത്തിയ ജാനകി സുധീറിന്റെ ജീവിത കഥയാണ് ശ്രദ്ധേയമാവുന്നത്. ജാനകിയുടെ അമ്മയുടെയും അച്ഛൻറെയും പ്രണയ വിവാഹമായിരുന്നു. അതിനാൽ അച്ഛന്റെ വീട്ടുകാർ ശക്തമായി എതിർത്തു. എന്നാൽ അമ്മയുടെ വീട്ടുകാർ സ്വീകരിച്ചിരുന്നു.
ആ കുടുംബത്തിലെ ആദ്യത്തെ കുട്ടി ജാനകിയുടെ ചേച്ചി ആയിരുന്നു. ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി കൊടുത്തായിരുന്നു വളർത്തിയിരുന്നത്. എന്നാൽ ജാനകി പിറന്നതും അമ്മാവന്റെ ട്രാവൽ ഏജൻസി പൊട്ടി അവർ കടത്തിൽ ആയി നാടുവിട്ടു. ഇതോടെ ജാനകിയുടെ ജനനത്തോടെ ആണ് നാശം തുടങ്ങിയത് എന്ന് പറഞ്ഞു താരത്തിനോട് വെറുപ്പായി. എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും വീണ്ടും പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുന്ന ഒരു പ്രകൃതമാണ് അമ്മയുടേത്.
അച്ഛനാണെങ്കിൽ മുഴുക്കുടിയൻ. കുടിച്ചില്ലെങ്കിൽ അച്ഛനെ പോലെ നല്ലൊരു മനുഷ്യൻ വേറെ ഉണ്ടാവില്ല. തല്ലും വഴക്കും കണ്ടു വളർന്ന ഒരു ബാല്യമായിരുന്നു ജാനകിയുടെത്. പേരിനു മാത്രമുള്ള ഒരു വീട്. എന്നിരുന്നാലും അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു ജാനകിക്ക്. അച്ഛൻ പോലീസുകാരൻ ആണെങ്കിലും ഒന്നും മക്കൾക്ക് വാങ്ങി കൊടുത്തിരുന്നില്ല. അമ്മയായിരുന്നു കഷ്ടപ്പെട്ട് മക്കളെ വളർത്തിയത്. മുസ്ലിം വീടുകളിൽ നിന്ന് സക്കാത്ത് കിട്ടുന്ന സാരി കൊണ്ട് പട്ടുപാവാട തുന്നി കൊടുക്കുമായിരുന്നു അമ്മ.
മദ്യപിച്ചു വരുന്ന അച്ഛന്റെ ചവിട്ടും തൊഴിയും കൊണ്ട് മക്കൾക്ക് വേണ്ടി ജീവിച്ച ഒരു അമ്മ. അച്ഛന്റെ മരണ ശേഷമാണ് യഥാർത്ഥത്തിൽ അവർ ജീവിച്ചു തുടങ്ങിയത്. സ്വത്തുക്കൾ പോലും വിറ്റ് കുടിച്ചിരുന്ന അച്ഛൻ കരൾ രോഗത്തെ തുടർന്ന് ആയിരുന്നു മരിച്ചത്. അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടു ചേച്ചി ഡിഗ്രി ആയപ്പോഴേക്കും ഇവൻട് മാനേജ്മെന്റ് ഷോകളിൽ ആങ്കറിങ് ചെയ്യാൻ തുടങ്ങി. ജാനകി ഡിഗ്രിക്ക് എത്തിയപ്പോൾ ജാനകി ചേച്ചിയുടെ കൂടെ കൂടി.
എണ്ണൂറ് രൂപയായിരുന്നു കരിയറിൽ ആദ്യം ലഭിച്ച പ്രതിഫലം. പിന്നീട് ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ മാഗസിൻ കവർ ഗേൾ ആയി വന്നു. പിന്നീട് ഓരോ ഇവെന്റുകൾക്ക് പോകുമ്പോഴും നാട്ടുകാർ പലതും പറയാൻ തുടങ്ങി. അച്ഛൻ മരിച്ചപ്പോൾ മക്കൾ രാത്രിയും പകലും എല്ലാം പോകുന്നുവെന്ന തരത്തിൽ സംസാരം വന്നപ്പോഴായിരുന്നു താമസം കൊച്ചിയിലേക്ക് മാറ്റിയത്. അമ്മയോട് ഏവിയേഷൻ കോഴ്സിന് ചേർന്നു എന്ന് പറഞ്ഞായിരുന്നു ജാനകി കൊച്ചിയിലേക്ക് പോയത്.
ആ സമയത്താണ് സീരിയലിൽ അവസരം കിട്ടുന്നത്. “ചങ്ക്സ്” സിനിമയിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ ശ്രദ്ധേയമായി. ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും കാര്യമായ പ്രതിഫലം ഒന്നും കിട്ടാത്തതിനെ തുടർന്ന് സീരിയലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിനിമയും സീരിയലും ഇല്ലാത്ത ഒരു സമയത്തായിരുന്നു ഒരു ബിക്കിനി ഫോട്ടോഷൂട്ട് നടത്തി വൈറലായത്. ഫിസിക്കലി ഫിറ്റ് ആണെന്ന് തോന്നിയപ്പോൾ, കണ്ടാൽ അയ്യേ എന്ന് തോന്നില്ല എന്ന് ഉറപ്പു വന്നപ്പോഴായിരുന്നു ബിക്കിനി ഇടാൻ ധൈര്യപ്പെട്ടത്.
ഇതിനു പിന്നാലെയായിരുന്നു രണം എന്ന മ്യൂസിക് ആൽബം. ഒരു ഷോർട്ട് ഫിലിമിലെ അഭിനയം കണ്ടിട്ട് ആയിരുന്നു “ഹോളിവൂണ്ട്” എന്ന സിനിമയിൽ അവസരം ലഭിച്ചത്. ചിത്രത്തിൽ ലെസ്ബിയൻ ആയിട്ടാണ് താരം അഭിനയിച്ചത്. ചിത്രത്തിലെ അഭിനയം കണ്ട് സ്വയം അഭിമാനം തോന്നിയിരുന്നു എന്ന് ജാനകി പങ്കു വെച്ചു. എന്നാൽ ഒന്ന് തോളിൽ തട്ടി അഭിനന്ദിക്കാൻ ആരുമില്ലായിരുന്നു എന്നും വിഷമത്തോടെ ജാനകി പറയുന്നു. ജാനകി എവിടെയും എത്തില്ല, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തന്റെ ആദ്യ സിനിമ എന്ന് ജാനകി സുധീർ അഭിമാനത്തോടെ പറയുന്നു.
