Movlog

Faith

സന്തോഷ് പണ്ഡിറ്റ് വിഷയത്തിൽ പ്രതികരണവുമായി അസീസ് !

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് സ്റ്റാർ മാജിക് എന്ന ഷോയെ കുറിച്ചുള്ള വിവാദങ്ങൾ ആണ്. ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. മിമിക്രി രംഗത്തും സീരിയൽ മേഖലയിലും ഉള്ള താരങ്ങൾ അണിനിരക്കുന്ന ഗെയിം ഷോ അവതരിപ്പിക്കുന്നത് ലക്ഷ്മി നക്ഷത്ര ആണ്. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സ്റ്റാർ മാജിക്കിന്റെ അടുത്തിടെ സംപ്രേഷണം ചെയ്ത എപ്പിസോഡ് ആണ് വിവാദങ്ങൾക്ക് ഇടയായത്. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഉള്ള പ്രതിഷേധവും വിമർശനങ്ങളും ആണ് താരങ്ങൾക്കും പരിപാടിക്കും എതിരെ ഉയർന്നത്.

സന്തോഷ് പണ്ഡിറ്റ് അതിഥി ആയി എത്തിയ എപ്പിസോഡിൽ തന്നെ ആയിരുന്ന പ്രശസ്ത നടിമാർ ആയ നിത്യ ദാസും നവ്യ നായരും അതിഥികൾ ആയെത്തിയത്. എന്നാൽ ക്ഷണിച്ചു വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ മനഃപൂർവം പരിഹസിക്കുന്ന രീതി ആയിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. നവ്യയും, നിത്യയും, അവതാരകയും, മറ്റു താരങ്ങളും സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. സ്റ്റാർ മാജിക്കിനെതിരെയും താരങ്ങൾക്ക് എതിരെയും രൂക്ഷ വിമർശനങ്ങളും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ “ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ” എന്ന സിനിമയിലെ ഗാനം പാടാൻ ആവശ്യപ്പെട്ടിട്ട് അത് പാടുമ്പോൾ ഗജനി യിലെ “സുട്ടും വിഴി ചൂടരെ” എന്ന പാട്ടു പാടി കളിയാക്കുകയായിരുന്നു ഓർക്കസ്ട്ര അടക്കം മറ്റു താരങ്ങൾ. ഇങ്ങനെ സന്തോഷ് പണ്ഡിറ്റ് പാടിയ ഓരോ പാട്ടിനും അതിനേക്കാൾ ശബ്ദത്തിൽ മറ്റു പാട്ടുകൾ പാടിക്കൊണ്ട് സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകൾ എല്ലാം അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അവർ എന്ന് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുന്നത്. ക്ഷണിച്ചു വരുത്തിയ അതിഥിയെ ഈ വിധം അപമാനിക്കരുത് എന്നാണ് പ്രേക്ഷകർക്ക് ഒന്നടങ്കം പറയാനുള്ളത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്തു നിർമിച്ച സിനിമയിലെ എല്ലാ മേഖലകളും കൈകാര്യം ചെയ്‌തു സ്വയം സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ച താരം ആയിരുന്നു സന്തോഷ് പണ്ഡിറ്റ്. വേഷവിധാനങ്ങൾ കൊണ്ടും സംസാര ശൈലി കൊണ്ടും അദ്ദേഹം ഒരു കോമാളി ആണെന്ന് മലയാളികൾ മുദ്ര കുത്തി. എന്നാൽ ശക്തമായ നിലപാടുകൾ കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും തന്റെ കർമങ്ങൾ കൊണ്ടും സന്തോഷ് പണ്ഡിറ്റ് ഇത് മാറ്റി മറിച്ചു .

ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഉള്ളിലെ നല്ല മനസ് മലയാളികൾ പിന്നീട് തിരിച്ചറിഞ്ഞു. അങ്ങനെ കളിയാക്കിയവരെ പോലും ആരാധകർ ആക്കി മാറ്റി ശരിക്കും സുപ്പർസ്റ്റാർ ആവുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന് നേരിടേണ്ടി വന്ന അപമാനം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സ്റ്റാർ മാജിക്കിനും താരങ്ങൾക്കും അവതാരകയ്ക്കും എതിരെയുള്ള പ്രതിഷേധങ്ങൾ വ്യാപകമായപ്പോൾ പ്രതികരണവുമായി സ്റ്റാർ മാജിക് താരങ്ങൾ മുന്നോട്ട് വന്നിരിക്കുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ സ്റ്റാർ മാജിക് താരം അസീസ് നെടുമങ്ങാട് പ്രതികരിക്കുകയാണ്. വിവാദമായ ആ എപ്പിസോഡിൽ അസീസ് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾ ഒത്തു ചേരുമ്പോൾ ഉണ്ടാകുന്ന തമാശകളും കളിചിരികളും മാത്രമാണ് സ്റ്റാർ മാജിക്കിൽ ഉണ്ടാവുന്നത്. പരസ്പരം പറയുന്ന കൗണ്ടറുകളിലെ ആ രീതിയിൽ ആണ് എല്ലാവരും എടുക്കുന്നത്. അല്ലാതെ ഒരിക്കലും ഒരു വ്യക്തിയെ വേദനിപ്പിക്കാനോ മനപ്പൂർവ്വം അപമാനിക്കാനോ അവിടെ ആരും ശ്രമിക്കാറില്ല എന്ന് അസീസ് തുറന്നുപറയുന്നു. സ്റ്റാർ മാജിക്കിൽ വിളിച്ച് അന്വേഷിച്ചപ്പോൾ സന്തോഷ് പണ്ഡിറ്റ് പാട്ടുപാടുമ്പോൾ മറ്റ് ഗാനങ്ങൾ പാടി കൊള്ളാൻ സമ്മതിച്ചിരുന്നു എന്ന് അവർ പറഞ്ഞു.

പ്രേക്ഷകർ കാണുന്നതെല്ലാം എഡിറ്റിംഗ് കഴിഞ്ഞ് എത്തുന്നതാണ് എന്നും അങ്ങനെ മനപ്പൂർവ്വം മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അത് എഡിറ്റ് ചെയ്യാതെ പുറത്ത് വിടില്ലായിരുന്നു എന്ന് അസീസ് പറയുന്നു. സന്തോഷ് പണ്ഡിറ്റിനെ ഒരു അതിഥിയായിട്ടല്ല മത്സരാർത്ഥി ആയിട്ട് ആയിരുന്നു സ്റ്റാർ മാജിക്കിലേക്ക് ക്ഷണിച്ചിരുന്നത്. ഷോയിനെ കുറിച്ച് അറിയാത്തത് കൊണ്ടായിരിക്കാം സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ പ്രതികരിച്ചതെന്ന് അസീസ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഭാവി നശിപ്പിക്കാനുള്ള ശ്രമം ആയിരുന്നു അവിടെ നടന്നത് എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചു എന്നും അങ്ങനെ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അസീസ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top