Movlog

Food

ഇഡലി പാത്രത്തിൽ സോഫ്റ്റായുള്ള പാൽ ബൺ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് പാൽ ബൺ. ബൺ കഴിക്കാൻ ആയി ഇനി ബേക്കറികളിൽ പോകേണ്ടതില്ല. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതേയുള്ളൂ. എല്ലാ വീട്ടിലും സുലഭമായിട്ടുള്ള ഇഡലി പാത്രത്തിൽ പാൽ ബൺ ഉണ്ടാക്കാൻ സാധിക്കും. പാവ് ബജി ഉണ്ടാക്കാൻ തയ്യാറാക്കുന്ന ബണിന്റെ ഷേപ്പിൽ ആണ് ഈ പാൽ ബൺ തയ്യാറാക്കുന്നത്. പാൽ ബൺ തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് ഇളം ചൂടുള്ള ഒരു കപ്പ് പാൽ ഒഴിക്കുക. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും രണ്ടു ടീസ്പൂൺ യീസ്റ്റും ചേർക്കുക. ഇനി ഇത് നന്നായി പാലിൽ യോജിപ്പിക്കുക. ഇനി ഒരു മൂടി ഉപയോഗിച്ച് അഞ്ചു മിനിറ്റ് നേരത്തേക്കായി ഇത് പൂട്ടി വെക്കുക.

അഞ്ചു മിനിറ്റ് കഴിയുമ്പോൾ മൂടി തുറക്കുമ്പോൾ ഇത് നന്നായി പൊന്തി വന്നത് കാണാം. ഇതിലേക്ക് രണ്ടു കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഈ മിശ്രിതം ചപ്പാത്തിക്ക് കുഴയ്ക്കുന്നത് പോലെ നന്നായി കുഴക്കുക. ഇത് നന്നായി കുഴച്ചതിനു ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർക്കുക. ഇനി വീണ്ടും ഇത് നന്നായി കൂട്ടി യോജിപ്പിക്കുക. നന്നായി കുഴച്ചതിനു ശേഷം ഒരു ഫുഡ് റാപ്പ് ഉപയോഗിച്ച് പാത്രം നന്നായി മൂടുക. ഇത് രണ്ടു മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക.

രണ്ടു മണിക്കൂർ കൊണ്ട് മാവ് പുളിച്ച് പൊന്തി വരും. വീണ്ടും ഈ മാവ് കുഴച്ചിട്ട് ഒരു കത്തി ഉപയോഗിച്ച് മാവ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഈ കഷ്ണങ്ങൾ ചെറിയ ഉരുളകൾ ആക്കി മാറ്റുക.അതിനു ശേഷം ഈ ഉരുളകൾ കേക്ക് മോൾഡിലേക്ക് വെക്കുക. കേക്ക് മോൾഡിന് പകരം ഇഡലി തട്ടും ഉപയോഗിക്കാം.ഒരു തുണി ഉപയോഗിച്ച് ഇത് മൂടി വെച്ച് പതിനഞ്ചു മിനിറ്റ് മാറ്റി വെക്കുക. അപ്പോഴേക്കും ഇത് ഒന്ന് കൂടി പൊന്തിയിട്ടുണ്ടാകും. ഇനി ഒരു ബ്രഷ് ഉപയോഗിച്ച് കുറച്ചു പാൽ ഇതിനു മുകളിലായി തേക്കുക. ഇനി ഒരു ഇഡലി പാത്രമെടുത്ത് തീ കത്തിച്ചതിനു ശേഷം കുറച്ചു ഉപ്പ് പാത്രത്തിൽ ഇടുക. ഈ പാത്രത്തിലേക്ക് ഒരു സ്റ്റാൻഡ് വെച്ച് പത്ത് മിനിറ്റ് നേരത്തേക്ക് പ്രീഹീറ്റ്‌ ചെയ്യുക. നോൺ സ്റ്റിക്ക് പാത്രം ഉപയോഗിക്കുമ്പോൾ ഉപ്പിടേണ്ട ആവശ്യമില്ല. പത്തു മിനിട്ടിനു ശേഷം ബൺ ഉള്ള പാത്രം വെച്ച് അടച്ചു വെക്കുക. 25 മിനിറ്റ് നേരം ലോ ഫ്ലെയിം തീയിൽ ഇത് ബേക്ക് ചെയ്യുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top