നമ്മുടെ വീടുകളിൽ ഇപ്പോഴും ഉണ്ടാവുന്ന രണ്ടു സാധനങ്ങളാണ് പാലും ചെറുപയറും. ഈ രണ്ടു ചേരുവകൾ കൊണ്ട് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാൻ സാധിക്കും. ചെറിയകുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒരു വിഭവം ആണിത്. പായസം ഇഷ്ടമില്ലാത്തവർ ആയി ആരുമുണ്ടാവില്ല. ഒരു കപ്പ് ചെറുപയറും പാലും കൊണ്ട് എങ്ങനെ രുചിയേറിയ പായസം ഉണ്ടാക്കാൻ കഴിയും എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് ചെറുപയർ നന്നായി കഴുകി വൃത്തിയാക്കി കുക്കറിൽ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. അതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി രണ്ടു ടീസ്പൂൺ ജീരകം വറുത്തു പൊടിച്ചതും, ഒന്നര ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതും, ഒന്നര ടീസ്പൂൺ പഞ്ചസാരയും ഏലക്കായും ചേർത്ത് പൊടിച്ചതും ചേർത്ത് നല്ല പോലെ ഇളക്കുക.
ഇതിലേക്ക് രണ്ടര കപ്പ് പശുവിൻ പാൽ ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ ചൂടാക്കി മൂന്ന് ടീസ്പൂൺ നെയ്യ് ചൂടാക്കുക. ഇതിലേക്ക് ഉണക്കമുന്തിരിയും, കശുവണ്ടിയും, തേങ്ങാക്കൊത്തും ചേർത്ത് വറുത്തെടുക്കുക. ഇതെല്ലം ചെറുപയറിലേക്ക് ചേർത്തിളക്കുക. ഒരു നുള്ള് ഉപ്പ് കൂടി ചേർത്താൽ നല്ല സ്വാദിഷ്ടമായ പായസം തയ്യാർ. വളരെ എളുപ്പത്തിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു പായസം ആണിത്. പെട്ടെന്ന് അതിഥികൾ വീട്ടിലേക്ക് വന്നാൽ ഒരു മധുരം നൽകണം എന്ന് തോന്നുകയാണെങ്കിൽ ഇത് എന്തായാലും പരീക്ഷിച്ചു നോക്കുക.
