Movlog

Kerala

പ്രണയത്തിനു പ്രായമില്ല…വാലന്റൈൻസ് ദിനത്തിൽ ശ്രദ്ധേയമായി 58 കാരൻ രാജന്റെയും 65 കാരി സരസ്വതിയുടെയും വിവാഹ ചിത്രങ്ങൾ.

പ്രണയത്തിനു പ്രായമില്ല എന്ന് തെളിയിക്കുകയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ആയ രാജനും സരസ്വതിയും. ഒരുപാട് വർഷങ്ങളായി ശബരിമല സീസണിൽ കടകളിൽ ജോലിചെയ്തുവരികയാണ് രാജൻ. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോക്ക് ഡൗൺ ആയതോടെ കച്ചവടം ഇല്ലാതായി. ഇതിനെതുടർന്ന് രാജൻ ഉൾപ്പെടെ ആറു പേരെ പമ്പ പോലീസ് താൽക്കാലിക സംരക്ഷണത്തിനായി അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ എത്തിച്ചിരുന്നു. 2020 ഏപ്രിൽ 18 നാണ് രാജൻ സേവന കേന്ദ്രത്തിൽ എത്തുന്നത്. ഇവിടെ എത്തിയത് മുതൽ വയോജനങ്ങളുടെ സംരക്ഷണത്തിനും പാചകത്തിനും ഉള്ള ജോലികൾ രാജൻ സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു .

ഇവിടെ നിന്നുമാണ് മണ്ണടി പുളിക്കൽ വീട്ടിൽ സരസ്വതിയെ രാജൻ കണ്ടുമുട്ടുന്നത്. ജീവിത യാത്രയിൽ ഒറ്റപ്പെട്ടുപോയ സരസ്വതിയെ പൊതു പ്രവർത്തകരും പോലീസും ചേർന്ന് 2018 ഫെബ്രുവരി 2നാണ് സേവന കേന്ദ്രത്തിൽ എത്തിച്ചത്. സംസാര വൈകല്യം ഉള്ള സരസ്വതി അവിവാഹിതയാണ്. മാതാപിതാക്കൾ മരണപ്പെട്ടതോടെ ജീവിതത്തിൽ തനിച്ചായ സരസ്വതിയെ മഹാത്മയിൽ വച്ച് ആണ് രാജൻ കണ്ടു മുട്ടുന്നത്. രാജനെപ്പോലെ വയോജനങ്ങളുടെ പരിചരണത്തിൽ സരസ്വതിയും സന്തോഷം കണ്ടെത്തി. തുല്യ ദുഃഖിതരായ ഇവർ സഹപ്രവർത്തകരായതോടെ പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

ജാതിയോ, നിറമോ, സംസാര വൈകല്യമോ, ഭാഷയോ, പ്രായമോ ഒന്നും പ്രണയത്തിന് അതിർവരമ്പുകൾ അല്ല എന്ന് ഇവരുടെ പ്രണയം തെളിയിക്കുന്നു. രാജൻ അവരുടെ ഇഷ്ടം ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിക്കുകയായിരുന്നു. ജീവിതത്തിന്റെ മുഖ്യപങ്കും ബന്ധുക്കൾക്കും സമൂഹത്തിനും ആയി ജീവിച്ച രണ്ടുപേർ ഇനിയെങ്കിലും അവർക്ക് വേണ്ടി ജീവിക്കട്ടെ എന്നായിരുന്നു മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയുടെ തീരുമാനം. സരസ്വതിയുടെ ബന്ധുക്കളെയും ആ മേഖലയിലെ ജനപ്രതിനിധികളെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ എല്ലാവർക്കും സമ്മതമായിരുന്നു. പിന്നീട് രാജൻറെ മക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചപ്പോൾ അവർക്കും സമ്മതം.

അങ്ങനെ പ്രണയ ദിനമായ ഫെബ്രുവരി 14 ന് രാവിലെ 11 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ, നഗരസഭാ ചെയർമാൻ സജി പള്ളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സുശീല കുഞ്ഞമ്മ കുറുപ്പ്, സാമൂഹ്യനീതി ഓഫീസർ ജാഫർ ഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാജനും സരസ്വതിയും വിവാഹിതരായി. കൊടുമൺ ജീവകാരുണ്യ ഗ്രാമത്തിൽ നിർമ്മിച്ചിട്ടുള്ള വീടുകളിൽ ഒന്നിലാണ് ഇവർ താമസിക്കുന്നത്. താമസവും തൊഴിലും നൽകി ഇവരുടെ ജീവിതം സന്തോഷകരമാക്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ എ അറിയിച്ചു. വാലന്റ്റൈൻസ് ദിനത്തിൽ ഒരുപാട് യുവാക്കളുടെ പ്രണയകഥകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇത്തവണ പ്രണയദിനത്തിൽ തരംഗമാകുന്നത് രാജന്റെയും സരസ്വതിയുടെയും പ്രണയകഥയും വിവാഹ ചിത്രങ്ങളുമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top