Movlog

Kerala

സഹോദരിയുടെ വിവാഹം എന്ന ഉത്തരവാദിത്വം ഇനിയെങ്കിലും ആണ്മക്കളുടെ തലയിൽ വച്ച് കൊടുക്കാതിരിക്കുക…ശ്രദ്ധേയമായി അനഘയുടെ കുറിപ്പ്

തൃശൂരിൽ സഹോദരിയുടെ വിവാഹത്തിന് സ്വർണ്ണം വാങ്ങിക്കുവാൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ യുവാവിനെക്കുറിച്ച് ജേർണലിസ്റ്റ് അനഘ ജയൻ പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വളരെ വിഷമത്തോട് കൂടിയായിരുന്നു ഈ വാർത്ത പത്രത്തിൽ വായിച്ചത്. സഹോദരിയുടെ വിവാഹം എന്ന ഏറ്റവും വലിയ ഉത്തരവാദിത്വം കുടുംബത്തിലെ ആൺമക്കൾക്ക് ആണെന്ന് പഠിപ്പിക്കുന്ന കുടുംബാംഗങ്ങൾ തന്നെയാണ് ആ യുവാവിന്റെ വിയോഗത്തിന് കാരണം.

നമ്മൾ കണ്ടു വളർന്ന സിനിമകളിൽ പോലും അതാണ് കാണിക്കുന്നത് . കുടുംബത്തിന്റെ ഭാരവും സഹോദരികളുടെ ഉത്തരവാദിത്വം വഹിക്കുന്നത് കുടുംബത്തിലെ ആൺമക്കൾ ആണ്. ഇത് കണ്ടു വളർന്ന സമൂഹം ആണ് നമുക്ക് ചുറ്റുമുള്ളത്. എത്ര ദൗർഭാഗ്യകരമായ ഒരു കാര്യം ആണ് ഇത്. വെറും 26 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. യൗവ്വനകാലം ആസ്വദിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു യുവാവ്.

പെട്രിയാർക്കിക്കൽ സമൂഹം കാരണം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നമ്മൾ ചർച്ച ചെയ്യാറുണ്ട്. ഇതുകാരണം നമ്മുടെ നാട്ടിലെ ആണുങ്ങൾ നേരിടുന്ന ക്രൂ ര തകളെ കുറിച്ച് പലരും ചിന്തിക്കാറില്ല. വിവാഹം നടക്കാൻ പോകുന്ന ഈ സഹോദരി പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്. അച്ഛന്റെ വേർപാടിനു ശേഷം ആൺമക്കൾക്ക് മാത്രമല്ല പെൺമക്കൾക്കും കുടുംബത്തിന്റെ ഉത്തരവാദിത്വം പങ്കിടേണ്ട ആവശ്യകത ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നേടിയിട്ട് ഉണ്ടാവുന്ന ആ സഹോദരി എങ്ങനെയാണ് സഹോദരനും ബാധ്യത ആവുന്നത്.

സ്വയം സമ്പാദിച്ച് കുടുംബം നോക്കി, ഇഷ്ടപ്പെട്ട ആളിനോടൊപ്പം ഇഷ്ടമുള്ളപ്പോൾ ഒരു ജീവിതം തുടങ്ങാൻ സ്വാതന്ത്ര്യമുണ്ട് ആ പെൺകുട്ടിക്ക്. അതിന് നിയമപരമായ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. ആണൊരുത്തൻ കൂടപ്പിറപ്പായി ഉള്ളപ്പോൾ പെണ്ണുങ്ങൾ അധ്വാനിച്ച് സ്വന്തം കല്യാണം നടത്തുകയോ എന്ന് മൂക്കിൽ വിരൽ വെച്ച് പറയുന്ന ആളുകൾ ഉണ്ടാവും. പ്രായമായാൽ അന്യ വീട്ടിലേക്ക് വിവാഹം കഴിച്ചു പോകാതെ സ്വന്തം വീട് പുലർത്തുകയോ എന്ന് ചോദിക്കുന്നവരുമുണ്ട്.

ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ അമ്മയെയും പെങ്ങളെയും പണിക്ക് വിടില്ല എന്ന് പറയുന്ന ആൺമക്കളും ഉണ്ട്. ഇത്തരം ചോദ്യങ്ങളും ചിന്താഗതികളും തന്നെയാണ് ഇതുപോലുള്ള ജീവത്യാഗങ്ങൾക്ക് കാരണമാകുന്നത്. പെങ്ങളുടെ വിവാഹം നടത്തിയില്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനായി മുദ്രകുത്തപ്പെടും എന്ന മിഥ്യാധാരണയാണ് ആ ചെറുപ്പക്കാരനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ആ ധാരണ ആ യുവാവിൽ എന്ന പോലെ പലരിലും കുത്തി വച്ചിരിക്കുന്നത് ഈ സമൂഹം തന്നെയാണ്.

അതുകൊണ്ട് ഇനിയെങ്കിലും ന്യായം പറയുന്ന നാട്ടുകാരും, പുരുഷന്മാരും, മാതാപിതാക്കളും, ബന്ധുക്കളും സ്ത്രീകളെ കുടുംബത്തിന്റെ ബാധ്യതയോ ഉത്തരവാദിത്വമോ ആയി കാണാതിരിക്കുക. ഏതൊരാളെയും പോലെ വിദ്യാഭ്യാസം നേടുന്ന ഒരു മനുഷ്യൻ മാത്രമാണ് സ്ത്രീകൾ. അവരുടെ ജീവിതവും വിവാഹവും ചെലവും എല്ലാം അവർ സ്വയം ജോലിയെടുത്തു നോക്കട്ടെ. കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ അവരെയും പങ്കാളികളാക്കുക.

അല്ലാതെ വെറും ആശ്രിതരായി കണ്ട് കഴുതയെപ്പോലെ കുടുംബ ഭാരം മുഴുവൻ ഒറ്റയ്ക്ക് ഏറ്റെടുത്ത് കഷ്ടപ്പെടേണ്ട കാര്യം പുരുഷന്മാർക്ക് ഇല്ല. നമ്മുടെ നാട്ടിലെ സംസ്കാര പ്രകാരം സ്ത്രീകളെ വളർത്തിക്കൊണ്ടു വരുന്നത് തന്നെ വീട്ടിലെ ഭരണം നടത്താൻ വേണ്ടിയാണ്. ജോലിക്ക് പോകുന്ന സ്ത്രീകൾ പോലും വീട്ടിലെ ചെലവ് നോക്കുമ്പോഴും പുരുഷന്റെ തണലായി നിൽക്കാനാണ് താൽപര്യപ്പെടുന്നത്. ഇന്നും ഗൃഹനാഥൻ എന്ന സ്ഥാനത്തിന് കേരളത്തിലെ ഓരോ കുടുംബത്തിലും പ്രാധാന്യമുണ്ട്.

അങ്ങനെയൊരു നാഥന്റെ ആവശ്യം ഒരു വീടിനും ഇല്ല എന്നതാണ് സത്യം. കുടുംബത്തിലെ ഓരോ അംഗങ്ങളും ഒത്തുചേർന്ന് ഒരുമിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. സമത്വത്തിന്റെ ആദ്യ പടിയാണ് അത്. വീട്ടിലെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ തന്നെ അധ്വാനിച്ച് കുടുംബം നോക്കുമ്പോൾ, അവർ വിവാഹം കഴിക്കാൻ സ്വന്തമായി തീരുമാനിക്കുമ്പോൾ സദാചാരം പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുകയും അവരെ തളർത്തുകയും ചെയ്യാതിരിക്കുക.

വീട്ടിലെ ജോലികളെല്ലാം സ്ത്രീകൾക്കു മാത്രം വേണ്ടി മാറ്റി വെക്കാതെ എല്ലാവരും ചേർന്ന് പങ്കിട്ടു ചെയ്യുക. കുടുംബത്തിലെ സകല ബാധ്യതകൾ ആൺകുട്ടിയുടെ തലയിൽ വിട്ടുകൊടുത്ത് ആൺകുട്ടികളുടെ മനസ്സമാധാനവും ജീവിതം നശിപ്പിക്കാതിരിക്കുക. എന്നാൽ മാത്രമേ ഇത് പോലെ ഇനിയും ജീവനുകൾ പൊലിയാതിരിക്കൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top