Movlog

India

പതിനാലാം വയസിൽ വിവാഹം, പതിനെട്ടാം വയസിൽ രണ്ടു കുട്ടികളുടെ ‘അമ്മ…. ഇന്ന് ലേഡി സിംഗം എന്ന് അറിയപ്പെടുന്ന അംബിക ഐ പി എസ്സിന്റെ വിജയകഥ.

ജീവിതത്തിൽ വിജയങ്ങളും പരാജയങ്ങളും സുനിശ്ചിതമാണ്. എന്നാൽ പരാജയങ്ങളിൽ തളർന്നു പോകുന്നവർക്ക് എന്നും പരാജയങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പരാജയങ്ങളിൽ നിന്നും പ്രചോദനവും ഊർജ്ജവുമുൾക്കൊണ്ട് വിജയത്തിലേക്ക് എത്തുന്നവരുടെ കഥകളാണ് എന്നും എല്ലാവരും ആഘോഷിച്ചിട്ടുള്ളത്. അങ്ങനെ പ്രതിസന്ധികളിൽ വീഴാതെ പൊരുതി വിജയം കണ്ടെത്തിയ അംബിക എന്ന ഐപിഎസുകാരിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പതിനാലാം വയസ്സിൽ വിവാഹിതയായ അംബിക പതിനെട്ടാം വയസ്സിൽ രണ്ടുകുട്ടികളുടെ അമ്മയാവുകയായിരുന്നു. ദുരിതപൂർണമായ ജീവിതത്തിനു മുന്നിൽ തോറ്റു കൊടുക്കാതെ പൊരുതി നേടിയ വിജയമാണ് അംബികാദേവി ഐപിഎസിന്റെത്. ഒരു പോലീസ് കോൺസ്റ്റബിളും ആയിട്ടായിരുന്നു പതിനാലാം വയസ്സിൽ അംബികയുടെ വിവാഹം.

ഒരിക്കൽ റിപ്പബ്ലിക് ദിന പോലീസ് പരേഡിന് ഭർത്താവിനോടൊപ്പം കാണാനെത്തിയ അംബിക ഭർത്താവ് ഉന്നത ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നത് കണ്ടു അദ്ദേഹത്തിനോട് ചോദിച്ചു, എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ ചെയ്യുന്നത്, അവർ ആരാണ് എന്ന്. അപ്പോൾ ഭർത്താവ് അംബികയോട് പറഞ്ഞു അവർ ഐപിഎസ് ഉദ്യോഗസ്ഥരാണ് എന്ന്. ഐപിഎസ് ഓഫീസർ ആകാൻ എന്ത് ചെയ്യണം എന്ന് അംബിക ചോദിച്ചു. ഐപിഎസ് ഓഫീസറാകാൻ സിവിൽ സർവീസ് പരീക്ഷ വിജയിക്കണമെന്ന് ഭർത്താവ് പറഞ്ഞുകൊടുത്തു. അങ്ങനെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതാനും ഐപിഎസ് ഓഫീസർ ആവാനും അംബിക ആഗ്രഹിക്കുന്നത്. സ്കൂൾ പഠനം പകുതി വഴിയിൽ ഉപേക്ഷിച്ച, രണ്ട് കുട്ടികളുടെ അമ്മയായ ആ വീട്ടമ്മയെ തടയുവാൻ ആർക്കും സാധിച്ചില്ല. നിരുത്സാഹപ്പെടുത്തുന്ന ഒരുപാട് വർത്തമാനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടും സ്വകാര്യ പരിശീലനത്തിലൂടെ പത്താംക്ലാസ് പാസാകുകയും വിദൂര പഠനത്തിലൂടെ ബിരുദം നേടിയും തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു അംബിക.

എന്നാൽ ഡിണ്ടിഗലിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനകേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല. ഭാര്യക്ക് പൂർണ്ണ പിന്തുണയേകി ഭർത്താവ് ഒപ്പം തന്നെ ഉണ്ടായിരുന്നു. ചെന്നൈയിൽ താമസസൗകര്യം ഒരുക്കിക്കൊടുക്കുകയും പഠിക്കാനുള്ള സകല സൗകര്യങ്ങളും നൽകുകയും ചെയ്തു. കൂടാതെ മക്കളുടെ കാര്യം ഓർത്ത് വിഷമിക്കേണ്ട എന്നും അവരുടെ കാര്യങ്ങൾ യാതൊരു കുറവും കൂടാതെ നോക്കി പരിപാലിക്കും എന്ന വാഗ്ദാനം നൽകുകയും ചെയ്തു . ആദ്യം സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോൾ പരാജയപ്പെട്ട അംബികയ്ക്ക് പൂർണ്ണ പിന്തുണയും ധൈര്യം നൽകിയത് ഭർത്താവായിരുന്നു. രണ്ടാമതും മൂന്നാമതും പരീക്ഷയിൽ പരാജയപ്പെട്ടതോടെ ബാഗുകൾ പാക്ക് ചെയ്തു തിരികെ വരാൻ ഭർത്താവ് പറഞ്ഞു. എന്നാൽ അവസാനമായി ഒന്നു കൂടി ശ്രമിക്കാൻ ആഗ്രഹമുണ്ടെന്ന് അംബിക ഭർത്താവിനോട് പറയുകയായിരുന്നു. അദ്ദേഹം സമ്മതിച്ചു. ആ ശ്രമത്തിൽ മെയിൻ, പ്രിലിമിനറി, സിവിൽസർവീസ് ടെസ്റ്റ് അഭിമുഖം എന്നിവ അംബിക പാസായി. അങ്ങനെ 2008ൽ ഐപിഎസ് പട്ടികയിൽ അംബികയുടെ പേരും ഇടം പിടിച്ചു.

ഗുണ്ടകൾ കൊണ്ട് നിറഞ്ഞ മഹാരാഷ്ട്രയിൽ ആയിരുന്നു അംബികയുടെ ആദ്യത്തെ പോസ്റ്റിങ്ങ്. എന്നാൽ അംബികയുടെ ഇച്ഛാശക്തിയുടെയും ധൈര്യത്തിന് മുന്നിൽ അവരെല്ലാം അടിയറവ് വെക്കുകയായിരുന്നു. ധീരതയാർന്ന പോലീസ് ഉദ്യോഗസ്ഥയായ അംബിക ലേഡി സിംഗം എന്നാണ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയപ്പെടുന്നത്. 2019ൽ മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയിരുന്നപ്പോൾ ലോകമാതാ മഹാരാഷ്ട്രീയൻ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി അംബിക. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കളെയും വിധിയേയും പഴിക്കുന്നവർ അംബികയിൽ നിന്നും പ്രചോദനമുൾക്കൊള്ളണം. ജീവിതത്തിൽ വിജയം നേടാൻ പ്രായമോ കുട്ടികളോ ഒരു പ്രശ്നമല്ല എന്നും കഠിനാധ്വാനവും നിരന്തരമായ പരിശ്രമവും തന്നെയാണ് ജീവിതത്തിന് വിജയം നേടി തരിക എന്ന വലിയ പാഠമാണ് അംബിക ഐപിഎസ്ന്റെ ജീവിതകഥ മറ്റുള്ളവർക്ക് നൽകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top