Movlog

Movie Express

ആരാധകരുടെയും സുഹൃത്തുക്കളുടെയും കണ്ണ് നിറപ്പിച്ച് സോമദാസിന്റെ അവസാനത്തെ വീഡിയോ

ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ സോമദാസ് ബിഗ് ബോസ് മലയാളം സീസൺ 2 ലും പങ്കെടുത്തിരുന്നു. കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന സോമദാസ് കോവിഡ് മുക്തനായി തീവ്രപരിചരണവിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റാൻ ഇരിക്കുവേയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. സോമദാസിന്റെ സുഹൃത്തുക്കളും ആരാധകരും ഇപ്പോഴും ആ വേദനയിൽ നിന്നും മോചിതരായിട്ടില്ല. ഭാര്യയും നാലു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണ് ആയിരുന്നു സോമദാസ്. മക്കളെ കുറിച്ച് എപ്പോഴും വാചാലനാവുന്ന സോമുവിന്റെ അഭിമുഖങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സംഗീത വേദികളിലെ നിറസാന്നിധ്യമായിരുന്നു സോമു. അടുത്തിടെ ബിഗ് ബോസ് താരങ്ങൾ അണിനിരന്ന സ്റ്റാർട്ട് മ്യൂസിക് പരിപാടിയിൽ സോമദാസ് പങ്കെടുത്തിരുന്നു. സോമു പങ്കെടുത്ത എപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു സംപ്രേഷണം ചെയ്തത്. ഈ വീഡിയോ ഇപ്പോൾ സഹപ്രവർത്തകരുടെയും ആരാധകരുടേയും കണ്ണു നിറയ്ക്കുകയാണ്. തെസ്നി ഖാൻ, രഘു, അലസാന്ദ്ര എന്നിവരായിരുന്നു സോമദാസിന്റെ ടീമിൽ ഉണ്ടായിരുന്നത്. വീണാനായർ, ഫുക്രു, പ്രദീപ് ചന്ദ്രൻ, സുരേഷ് കൃഷ്ണ എന്നിവരായിരുന്നു എതിർ ടീമിൽ ഉണ്ടായിരുന്നത് . നിലവറയിലെത്തി അമ്പതിനായിരം രൂപ സോമദാസ് ഈ എപ്പിസോഡിൽ നേടിയിരുന്നു. ഈ എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം ചാനലിൽ സംപ്രേഷണം ചെയ്തത്.

പ്രിയ സുഹൃത്തിന്റെ അകാല മരണത്തിൽ സ്റ്റാർട്ട് മ്യൂസിക്കിനിടെ അദ്ദേഹവുമായി ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് നടിയും അവതാരകയുമായ ആര്യ കുറിപ്പ് പങ്കുവെച്ചിരുന്നു. “വിശ്വസിക്കാനാവുന്നില്ല, ദിവസങ്ങൾക്കു മുമ്പ് സ്റ്റാർട്ട് മ്യൂസിക്കിന്റെ അവസാന എപ്പിസോഡ് നമ്മൾ ഏറെ സന്തോഷത്തോടു കൂടിയാണ് ചിത്രീകരിച്ചത്. ആ എപ്പിസോഡ് ഞാൻ എങ്ങനെ കാണും എന്റെ പൊന്നു സോനു. അത്രയും നിഷ്കളങ്കം ഉള്ള ഒരു ആത്മാവായിരുന്നു. ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും വേണ്ടി പാടിയ മനോഹരഗാനങ്ങൾക്ക് എല്ലാം നന്ദി. ഞങ്ങൾക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ പുഞ്ചിരികൾക്കും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെ ഇരിക്കൂ പ്രിയപ്പെട്ടവനെ. “കണ്ണാനെ കണ്ണേ” എന്ന ഗാനം ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാൻ ആവില്ല.

ഷൂട്ടിംഗ് ഫ്ലോറിൽ നിന്ന് പോകുന്നതിനുമുമ്പ് എന്റെ കൈ പിടിച്ച് സോമു അവസാനമായി പറഞ്ഞത് ഇങ്ങനെ ആയിരുന്നു- ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്കൊന്നു അടിച്ചുപൊളിക്കാൻ. നമ്മുടെ പദ്ധതികൾക്കായി ഇനിയും കാത്തിരിക്കണം എന്ന് തോന്നുന്നു സോമു. നിങ്ങളുടെ അടുത്തേക്ക് ഞാൻ എത്തുന്നതുവരെ സമാധാനത്തോടെ ഇരിക്കണം.” എന്നു പറഞ്ഞു കൊണ്ടാണ് ആര്യ കുറിപ്പ് അവസാനിപ്പിച്ചത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top