Movlog

Kerala

1000 സ്‌ക്വയർ ഫീറ്റ് വീടുണ്ടാക്കാൻ ഇറങ്ങി 4000 സ്‌ക്വയർ ഫീറ്റിന്റെ വീടുണ്ടാക്കിയ ശേഷം ജീവിതത്തിൽ സംഭവിച്ചത്

രണ്ടു ചെറിയ ബെഡ്റൂമും ഹാളും അടുക്കളയും ഉള്ള 1000 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കാൻ സന്തോഷും ഭാര്യ ശ്യാമയും തീരുമാനിച്ചു. 1000 സ്ക്വയർ ഫീറ്റ് ആയതുകൊണ്ട് ചെറിയ ചിലവിൽ തന്നെ നിൽക്കും. കുറച്ചു ലോൺ എടുത്താലും ചെറിയ വീട് തന്നെയാണ് നല്ലത് എന്ന് ശ്യാമയും പറഞ്ഞു. അടുത്ത വർഷം പുതിയവീട്ടിൽ ആയിരിക്കുമെന്ന സന്തോഷത്തോടെ അവർ കഴിഞ്ഞു.

ഒരിക്കൽ ഒരു അമ്മാവൻ വന്നു വീടിനെക്കുറിച്ചുള്ള വിശദീകരണം ആരംഭിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം വയ്ക്കുന്ന ഒന്നാണ് വീട് എന്നും പിന്നീട് അതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കാൻ ഇടവരരുത് എന്നും അമ്മാവൻ ഉപദേശിച്ചു. വിരുന്നുകാർ വരുമ്പോൾ അവർക്കുവേണ്ടി ഒരു മുറി മാറ്റിവെക്കണം. 3ബെഡ്റൂം എങ്കിലും ഉണ്ടാവണം. രണ്ടുനില വീട് എങ്കിലും പണിയണം, എന്നാൽ ഭാവിയിൽ മുകളിലെ നില വാടകയ്ക്ക് കൊടുക്കാം. അമ്മാവൻ പോയി കഴിഞ്ഞപ്പോൾ ആയിരുന്നു പറഞ്ഞതിൽ ചില കാര്യങ്ങൾ ഉണ്ടെന്നു അവർക്ക് തോന്നിയത്. വീട് രണ്ടുനില ആക്കാൻ തീരുമാനിച്ചു.

പിന്നീടൊരിക്കൽ ശ്യാമയുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയി. ആർഭാടം ഉള്ള ഒരു വീടായിരുന്നു അത്. വീടുവയ്ക്കാൻ തീരുമാനിച്ചാൽ പിന്നീട് ശ്രദ്ധിക്കുന്നത് എല്ലാം വീടുകൾ മാത്രമായിരിക്കും. സന്തോഷിന്റെ വീടിന് തീരുമാനിച്ചതിനേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള മാസ്റ്റർ ബെഡ്റൂമും ബാൽക്കണിയും ബെഡ് റൂമിനോട് ചേർന്ന് ഡ്രസിങ്ങിന് പ്രത്യേകത ഭാഗവും കണ്ണാടിയെ കൊണ്ട് സ്പ്ലിറ്റ് രീതിയിലെ ബാത്റൂമും കണ്ടപ്പോൾ ശ്യാമയും സന്തോഷും വീണ്ടും സ്വന്തം വീടിനെ കുറിച്ചുള്ള ചർച്ച തുടങ്ങി.

വീടു കുറച്ചുകൂടി ആർഭാടം ആക്കാൻ തീരുമാനിച്ചു. അങ്ങനെ ശ്യാമയുടെ അനിയത്തി ഹേമയോട് പറഞ്ഞു അവളുടെ വീടിന്റെ ആധാരം പണയം വെക്കാൻ തീരുമാനിച്ചു. അങ്ങനെ കൂട്ടുകാരിയുടെ വീട്ടിലെ ബാല്കണിയും അടുക്കളയോട് ചേർന്ന് സെപ്പറേറ്റ് സെർവന്റ് ഏരിയയും എല്ലാം തങ്ങളുടെ വീട്ടിൽ വേണമെന്നും അവർ തീരുമാനിച്ചു. ഇതോടെ എഞ്ചിനിയറിനു വശം കെട്ടു. ആറു പ്രാവശ്യമാണ് ഡിസൈൻ മാറ്റി വരപ്പിച്ചത്. 1000 സ്‌ക്വയർ ഫീറ്റിൽ ആരംഭിച്ച വീട് ഇപ്പോൾ 3500 സ്ക്വയർ ഫീറ്റ് ആയിരിക്കുന്നു.

സന്തോഷിന്റെ വീടിന്റെ കല്ലിടൽ ചടങ്ങിനു പോയപ്പോൾ പരിചയക്കാരും കരുതി, ഇവനിത് എങ്ങനെ 4000 സ്ക്വയർ ഫീറ്റ് ഉള്ള വീട് വയ്ക്കുന്നത് എന്ന്. വീടിനു മുകളിൽ സ്വിമ്മിങ് പൂളും ഉണ്ടെന്നു അറിഞ്ഞപ്പോൾ ഉറപ്പായും സന്തോഷ് കൈ കൂലി വാങ്ങിക്കുന്നുണ്ടാകും എന്ന് അവർ ഉറപ്പിച്ചു. 11 ലക്ഷം രൂപ ലോണിനായി പോയ ബാങ്ക് മാനേജർ ഇപ്പോൾ സന്തോഷിനോട് മുഷിഞ്ഞിരിക്കുകയാണ്.

അനിയത്തിയുടെ വീടിന്റെ പ്രമാണം കൂടി ആയി വന്ന് 45 ലക്ഷം രൂപയാണ് സന്തോഷ് ആവശ്യപ്പെടുന്നത്. പരമാവധി 20 ലക്ഷം തരാമെന്ന് ബാങ്ക് മാനേജർ കട്ടായം പറഞ്ഞു. വീടുപണി പുരോഗമിക്കുന്നതിന് അനുസരിച്ച് സന്തോഷിന്റെ പ്രസരിപ്പും ചുറുചുറുക്കും എല്ലാം പോയി പകുതി ആയിരിക്കുകയാണ്. പണ്ടൊക്കെ ജോലിയിൽ കൃത്യനിഷ്ഠത കാണിച്ചിരുന്ന സന്തോഷ് ഇപ്പോൾ ഒരുപാട് തെറ്റുകൾ വരുത്തുന്നു. വീടുപണിയുമ്പോൾ സ്വന്തം മനസ്സിന്റെ തീരുമാനങ്ങൾക്ക് മാത്രമേ വില കൊടുക്കാവൂ എന്ന് സഹപ്രവർത്തകനായ ജോണിക്കുട്ടി ഉപദേശിച്ചത് ആയിരുന്നു.

ജോലിസ്ഥലത്ത് മാത്രമല്ല വീട്ടിലും സന്തോഷിന് സമാധാനം ഇല്ലായിരുന്നു. വാസ്തു പ്രകാരം ബാത്റൂമിലെ പൊസിഷൻ അൽപമൊന്ന് മാറ്റണമെന്നും ഒരു ചുമർ ഇടിക്കണമെന്നും ആണ് പറയുന്നത്. അതിനു രണ്ട് ലക്ഷം രൂപ അധികം ചെലവാകും എന്നും പറഞ്ഞു സന്തോഷും ഭാര്യയും വഴക്കായി. ബാത്റൂമിന്റെ ചുമരിടിച്ചു മാറ്റി കെട്ടിയപ്പോൾ ബാത്രൂം കുറച്ച് കൂടി വലുതായി വീട് 4100 സ്ക്വയർ ഫീറ്റ് ആയി. ഇതോടെ വിജിലൻസ് ഓഫീസറുടെ അടുത്ത് സന്തോഷിന് എതിരെയുള്ള ഊമക്കത്തുകൾ എത്തിയിരുന്നു. സന്തോഷ് കുമാർ എന്ന ഉദ്യോഗസ്ഥൻ 5000 സ്ക്വയർ ഫീറ്റ് വീട് വെച്ചു, ഓട്ടോമാറ്റിക് ഗേറ്റും, സ്വിമ്മിങ് പൂളും, ഇറ്റാലിയൻ മാർബിൾ പതിപ്പിച്ച ഒരു കോടിയിൽ കൂടുതൽ ചെലവായിട്ടുള്ള വീടിന്റെ വരുമാനം അന്വേഷിക്കണമെന്നും ആയിരുന്നു ഊമക്കത്ത്. അങ്ങനെ സർവ്വ ഡോക്യൂമെന്റസുമായി ഓഫീസിൽ ഹാജരാകാൻ സന്തോഷിനെ അറിയിച്ചു.

വീടിന്റെ പാലുകാച്ചലിന്റെ അന്ന് കുടുംബം മുഴുവനും സന്തോഷത്തോടെ നിക്കുമ്പോൾ സന്തോഷിന് മാത്രം സന്തോഷം അഭിനയിക്കേണ്ടി വന്നു. ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞപ്പോൾ വീട്ടിലിരുന്ന വിദേശനിർമ്മിത ഫർണിച്ചറുകൾ സന്തോഷിനെ നോക്കി പരിഹസിച്ചു ഇരിക്കുകയായിരുന്നു. മുറ്റത്തെ പൂന്തോട്ടവും പുൽത്തകിടിയും കല്ലുകളും സന്തോഷിനെ നോക്കി പുച്ഛിക്കുന്നത് പോലെ. സന്തോഷിന്റെ വീട്ടിൽ മാത്രമല്ല ശ്യാമയുടെ സഹോദരി ഹേമയുടെ വീട്ടിലും പ്രശ്നങ്ങൾ പുകഞ്ഞു. ഹേമയ്ക്ക് വേണ്ടി ആധാരം പണയപ്പെടുത്തിയതിന് അവരുടെ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചു. വീടുവെക്കാൻ കടം വാങ്ങിയതിന് പലിശ കൂടി വരികയാണ്.

ഒടുവിൽ കടം വീട്ടുവാൻ ആ വീട് വിൽക്കാൻ അവർ തീരുമാനിച്ചു. അതിലും നാട്ടുകാർ ഒരുപാട് അഭിപ്രായം പറയും എന്ന് അറിയാമായിരുന്നു. എന്നാൽ ഗസ്റ്റിന് വേണ്ടി ഉണ്ടാക്കിയ മുറിയിൽ ഇതുവരെ ഒരു ഗസ്റ്റും കിടന്നിട്ടില്ല, വീടിന്റെ ബാൽക്കണിയിൽ അവർ ഇതുവരെ ഇരുന്നിട്ടില്ല. അതുകൊണ്ട് ഈ ഇക്കാര്യത്തിൽ ആരുടെയും അഭിപ്രായം മാനിക്കാതെ വീട് വിൽക്കാൻ അവർ തീരുമാനിച്ചു. രണ്ടുവർഷത്തിനുശേഷം വളരെ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതമാണ് സന്തോഷിന്റേത്. ചെറിയ വീട്ടിൽ മനോഹരമായ ഒരു ജീവിതം ആസ്വദിക്കുകയാണ് ഇവർ. മുറികളുടെ എണ്ണമോ വീടിന്റെ വലുപ്പമോ അല്ല മനസ്സിന്റെ വലുപ്പമാണ് ജീവിതത്തിൽ സന്തോഷം നൽകുന്നത് എന്ന് അവർ തിരിച്ചറിഞ്ഞു. നമുക്ക് ചുറ്റും ഇത് പോലെ വീട് പണിയാൻ നോക്കുന്ന ഒരുപാട് സന്തോഷുമാരും ശ്യാമകളും ഉണ്ടാവും. ഇത് പോലൊരു ഗതി ഉണ്ടാവാതിരിക്കാൻ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തേടാതെ സ്വന്തം കഴിവിന് അനുസരിച്ചുള്ള വീട് പണിയാൻ ശ്രമിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

To Top