Movlog

Faith

ഒരു മരണത്തിൽ സന്തോഷിക്കുന്നത് തെറ്റാണെന്നു അറിയാമെങ്കിലും അങ്ങനെ ചിന്തിക്കുന്നു ! അങ്ങനൊരു ചിന്തയ്ക്ക് പിന്നിലെ കാരണം പറഞ്ഞു ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കാൻസർ എന്ന മഹാമാരിയോട് നീണ്ട ഒമ്പത് വർഷങ്ങൾ പോരാടി ജീവൻ വെടിഞ്ഞ നടി ശരണ്യയുടെ വിയോഗം മലയാളികൾക്ക് തീരാദുഖം ആയിരിക്കുകയാണ്. സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്ന ശരണ്യയ്ക്ക് 2012ലാണ് ട്യൂമർ സ്ഥിരീകരിക്കുന്നത്. ഒരു തെലുങ്ക് പരമ്പരയുടെ ചിത്രീകരണത്തിനിടെ അസഹ്യമായ തലവേദന കാരണം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ആണ് തന്റെ ജീവിതത്തെ മാറ്റി മറക്കുന്ന അസുഖത്തെ കുറിച്ച് ശരണ്യ അറിയുന്നത്. പിന്നീട് ഓരോ വർഷവും ട്യൂമർ വളരുകയും ശസ്ത്രക്രിയ നടത്തുന്നതും പതിവായി. തളരാത്ത ഹൃദയവും ആത്മവിശ്വാസവും ആയി ഓരോ തവണയും ജീവിതത്തിലേക്ക് തിരിച്ചു വന്ന ശരണ്യ ഒരുപാട് പേർക്ക് പ്രചോദനം ആണ്.

നിരന്തരമായ ശസ്ത്രക്രിയകൾ കാരണം ശരണ്യയുടെ ശരീരം തളർന്നിരുന്നെങ്കിലും ആ ചിരി ഒരിക്കലും മാഞ്ഞിരുന്നില്ല. കാൻസർ കാരണം അഭിനയത്തിൽ നിന്നും വിട്ടു നിന്ന ശരണ്യ പിന്നീട് “സിറ്റി ലൈറ്റ്‌സ്” എന്ന യൂട്യൂബ് ചാനൽ ആരംഭിച്ച് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ടായിരുന്നു. ഒമ്പതാമത്തെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോവുകയായിരുന്നു. കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. വെറ്റിലേറ്ററിൽ ആയിരുന്ന ശരണ്യയ്ക്ക് ട്രക്കിയോസ്റ്റമി ചെയ്യേണ്ടി വന്നു. ഈ വേദനകൾക്കിടയിൽ ശരണ്യയ്ക്ക് താങ്ങ് ആയി നിന്നത് ശരണ്യയുടെ ‘അമ്മ ആയിരുന്നു. ഒരു കൊച്ചു കുട്ടിയെ പരിചരിക്കുന്നത് പോലെ ശരണ്യയുടെ ‘അമ്മ, മകൾക്ക് ഒപ്പം നിന്ന് ശരണ്യയെ നോക്കി.

വർഷങ്ങൾ നീണ്ട ചികിത്സ കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായപ്പോൾ നടി സീമ ജി നായർ അടക്കം നിരവധി താരങ്ങൾ ആയിരുന്നു ശരണ്യയ്ക്ക് സഹായ ഹസ്തവുമായി എത്തിയത്. ഒരു ചേച്ചിയുടെ സ്ഥാനത്തിൽ ശരണ്യയുടെ യാത്രയിലുടനീളം നടി സീമ ജി നായർ ഒപ്പം ഉണ്ടായിരുന്നു. അവസാനകാലത്ത് ശരണ്യയുടെ രോഗ വിവരങ്ങളും ആരോഗ്യനിലയെ കുറിച്ചും ആരാധകരുമായി പങ്കു വെച്ചിരുന്നത് സീമ ജി നായർ ആയിരുന്നു. ഒടുവിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരം ഈ ലോകത്തോട് വിട പറഞ്ഞത്. നിരവധി താരങ്ങളും ആരാധകരും ആണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ശരണ്യയെ കുറിച്ച് ഒരു ആരാധകൻ പങ്കു വെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്.

ഒരു മരണത്തിൽ സന്തോഷിക്കുന്നത് തെറ്റാണെന്നു അറിയാമെങ്കിലും വേദനകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ശരണ്യ വിട വാങ്ങിയതിലുള്ള ആശ്വാസം പങ്കു വെക്കുകയാണ് ആരാധകൻ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പര കണ്ടപ്പോൾ തുടങ്ങിയ ക്രഷ് പിന്നീട് ചോട്ടാ മുംബൈയിലെ വേഷം കണ്ടപ്പോൾ ഇഷ്ടം ആയി മാറുകയായിരുന്നു. പിന്നീട് കാൻസർ വന്നതും, കാൻസർ മാറിയതും, വിവാഹം കഴിഞ്ഞു ഭർത്താവ് ഉപേക്ഷിച്ചതും എല്ലാം അറിഞ്ഞു. ഏറ്റവും ഒടുവിൽ യൂട്യൂബ് ചാനൽ ആരംഭിച്ചപ്പോൾ അത് സംബ്സ്ക്രൈബ് ചെയ്തു. കുക്കിംഗ് വീഡിയോസ് കാണുന്ന പതിവില്ലെങ്കിലും ശരണ്യയുടെ ചാനലിന് വ്യൂ കിട്ടുവാൻ ആയി ശരണ്യയുടെ കുക്കിംഗ് വീഡിയോസ് കാണുമായിരുന്നു. വർഷങ്ങളായി ആരോഗ്യം വഷളാവുമ്പോഴും ഏറ്റവും അവസാനം അസുഖം മൂർച്ഛിപ്പോഴും എന്തിനാണ് ഇത്രയേറെ വേദനകൾ ശരണ്യയ്ക്ക് കൊടുക്കുന്നതെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചു പോയി. വേദനയില്ലാത്ത ഒരു ലോകത്തിൽ ശരണ്യ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആരാധകൻ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top