Movlog

Kerala

വാടക പ്രശ്നം ഒടുക്കം പോലീസ് സ്റ്റേഷനിൽ എത്തി ! എന്നാൽ അവസാനം പരാതി അന്വേഷിച്ചു പോലീസ് ചെയ്തത് ശ്രദ്ധേയമാകുന്നു

സമൂഹത്തിനു വേണ്ടി മാത്രം പ്രവർത്തിച്ചിട്ടും പൊതുജനങ്ങളുടെ കുത്തുവാക്കുകളും പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് പോലീസുകാർ. കോവിഡ് പ്രതിസന്ധികളെ തുടർന്ന് നഗരത്തിൽ പോലീസ് പരിശോധനകൾ സജീവമായതോടെ പൊലീസുകാരെ കുറ്റം പറഞ്ഞുള്ള നിരവധി കുറിപ്പുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി പോലീസുകാർ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും തെറ്റായ രീതിയിൽ ആണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. ഉത്തരവാദിത്വം നിർവഹിക്കുവാൻ ആയി രാപ്പകലില്ലാതെ അധ്വാനിക്കുന്ന പൊലീസുകാരുടെ സേവനങ്ങൾ മാനിക്കാതെ ഇവരെ വിമർശിക്കുന്ന ഒരുപാട് ആളുകളുണ്ട്. അസഹിഷ്ണുതയോടെയാണ് ഇത്തരം പരിശോധനകളെ ആളുകൾ നോക്കിക്കാണുന്നത്.

വിരലിൽ എണ്ണാവുന്ന ചില പോലീസുകാർ ചെയ്യുന്ന തെറ്റുകൾ കാരണം പലപ്പോഴും മുഴുവൻ പോലീസ് ഡിപ്പാർട്മെന്റിനാണ് പഴി കേൾക്കേണ്ടി വരുന്നത്. എന്നാൽ ഈ പ്രവണത ശരിയല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തൃശൂർ പോലീസിന്റെ നന്മയുടെ കുറിപ്പ് ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുക്കുന്നത്. വാടകയ്ക്ക് താമസിക്കുന്നവർ വാടക തരുന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു വീട്ടുടമസ്ഥൻ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തൃശൂർ പീച്ചി പൊടിപ്പാറ സ്വദേശി ജോണിയും കുടുംബത്തിനുമെതിരെ ആണ് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി വന്നത്. പരാതി അന്വേഷിക്കാൻ എത്തിയ പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ എ ഷുക്കൂർ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു.

പാറമടയിലെ ജീവനക്കാരനാണ് ജോണി. വാർദ്ധക്യ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയുന്നില്ല. മാനസിക രോഗമുള്ള കിടപ്പിലായ രോഗിയാണ് ജോണിയുടെ ഭാര്യ. രണ്ടുമക്കളും ഭിന്നശേഷിക്കാർ. ഇതുകൂടാതെ മൂത്ത മകൾക്ക് ക്യാൻസർ. ഒരുനേരത്തെ ആഹാരത്തിനു പോലും പണം കണ്ടെത്താൻ വരുമാനമില്ലാതെ വലയുന്ന ആ കുടുംബം താമസിച്ചിരുന്ന പഴയ വീട് മഴ പെയ്തു കുതിർന്നു നിലംപൊത്തിയപ്പോഴാണ് ഇപ്പോഴുള്ള വാടക വീട്ടിലേക്ക് അവർ താമസം മാറുന്നത്. ജോണിയുടെ ദുരിതപൂർണം ഉള്ള ജീവിതം കണ്ടറിഞ്ഞ് പീച്ചി പോലീസ് ഇൻസ്പെക്ടറും സംഘവും ഇവർക്ക് സ്വന്തമായി സുരക്ഷിതമായി ജീവിക്കുവാനുള്ള ഒരു ചെറിയ വീട് നിർമ്മിക്കുവാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സഹായ അഭ്യർത്ഥന മാനിച്ച് വൈസ്മെൻ ക്ലബ് അംഗങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.

ഇതുകൂടാതെ സമീപവാസികളുടെ സഹായം കൂടി ആയപ്പോൾ അടച്ചുറപ്പുള്ള ഒരു ചെറിയ വീട് ജോണിക്കായി പണികഴിപ്പിച്ചു. പുതിയ വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ ദിവസമായിരുന്നു സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ് നിർവഹിച്ചത്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ എ എ ഷുക്കൂർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫ്രണ്ട്സ്ഫ്രിൻസൺ, സനിൽകുമാർ എന്നിവരെയും വൈസ്മെൻ ക്ലബ് അംഗങ്ങളെയും ആദരിച്ചു. സ്വന്തം ജോലിയുടെ തിരക്കുകൾക്കിടയിലും നിർധനരായ ഒരു കുടുംബത്തിന് സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചതിലുള്ള അഭിമാനത്തിൽ ആണ് വൈസ്‌മെൻ ക്ലബ് അംഗങ്ങളും പീച്ചി പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top