മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. “സാക്ഷ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച മഞ്ജു വാരിയർ, “ആറാം തമ്പുരാൻ”, “കളിവീട്”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “കന്മദം”, “തൂവൽ കൊട്ടാരം”, “ഈ പുഴയും കടന്ന്”, “പ്രണയവർണ്ണങ്ങൾ”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “കളിയാട്ടം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു. വെറും മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ അതി ശക്തമായ കഥാപാത്രങ്ങളും അഭിനയപാടവം കൊണ്ടും മലയാളികളുടെ ഹൃദയങ്ങളിൽ പകരം വെക്കാനാവാത്ത ഒരിടം തീർക്കുകയായിരുന്നു മഞ്ജുവാര്യർ.
ദിലീപുമായുള്ള പ്രണയവിവാഹത്തിന് ശേഷമായിരുന്നു മഞ്ജു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയായിരുന്നു മഞ്ജു. പലപ്പോഴും മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകർ ചോദിച്ചുവെങ്കിലും മകൾ മീനാക്ഷിയുടെ കാര്യങ്ങൾ നോക്കി നല്ല ഒരു കുടുംബിനിയായി കഴിയുവാൻ ആണ് മഞ്ജു തീരുമാനിച്ചത്. നീണ്ട 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ദിലീപും മഞ്ജുവും വിവാഹമോചിതരാവുക ആയിരുന്നു.
ദിലീപുമായുള്ള വിവാഹ മോ ച നത്തിന് ശേഷം ആയിരുന്നു മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിനെ രണ്ടാം വരവ്. മഞ്ജുവിന്റെ തിരിച്ചു വരവിനെന്ന പോലെ മറ്റൊരു താരത്തിന്റെയും തിരിച്ചുവരവിനായി മലയാളികൾ കാത്തിരുന്നിട്ടുണ്ടാവില്ല. പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിനെ കാത്തിരുന്നത്.
രണ്ടാം വരവിൽ കൂടുതൽ ചെറുപ്പം ആയി ആരാധകരെ ഞെട്ടിക്കുകയാണ് മഞ്ജു. “ഹൗ ഓൾഡ് ആർ യു ” മുതൽ “ചതുർമുഖം” വരെ വളരെ വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടിയെത്തുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു. “അസുരൻ” എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായിക ആയിട്ടാണ് മഞ്ജു തമിഴ് സിനിമാലോകത്തേക്ക് ചുവട് വെച്ചത്. പ്രതിസന്ധികളിൽ ഒന്നും തളരാതെ ഒരു പുഞ്ചിരിയോടെ മുന്നോട്ട് പറന്നുയരുകയാണ് മഞ്ജു.
ഇപ്പോഴിതാ ബോളിവുഡ് സിനിമയിലും തന്റെ സാന്നിധ്യം അറിയിക്കുവാൻ ഒരുങ്ങുകയാണ് മഞ്ജു. അടുത്തിടെ നടൻ പാർഥിപൻ മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഞ്ജുവുമായി യാതൊരു മുൻ പരിചയവും പാർത്ഥിപന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ “എന്റെ കതൈ തിരക്കഥയ് വാസനം” എന്ന സിനിമ കണ്ടു മഞ്ജു അദ്ദേഹത്തിന്റെ ഫോൺ നമ്പർ തേടി കണ്ടുപിടിച്ച് അഭിനന്ദിക്കാൻ വിളിച്ചിരുന്നു.
എന്റെ “ഒത്ത സെരുപ്പ്” എന്ന സിനിമ മഞ്ജു കണ്ടിട്ടില്ലെന്നു തോന്നുന്നു, കണ്ടിരുന്നെങ്കിൽ എന്നെ വിളിച്ച് അഭിനന്ദിച്ചേനെ. നമ്പർ അല്ല എന്റെ ഫോൺ തന്നെ തരാം നിങ്ങൾ നേരിട്ട് ഡയൽ ചെയ്യൂ എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരു പൊതുവേദിയിൽ പാർത്ഥിപൻ ഇങ്ങനെ പറയാൻ കാരണം ഒരു നല്ല സിനിമ കണ്ട് അത് നല്ലതാണെന്ന് പറയാൻ ഒരു നല്ല മനസ്സ് വേണം. അതുകൊണ്ടാണ് മഞ്ജു നമ്പർ തേടി കണ്ടുപിടിച്ച് പാർത്ഥിപനെ വിളിച്ചത്.
തമിഴ്നാട്ടിലെ കൃപാനന്ദ വാര്യർ എന്ന ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ആത്മീയ പ്രഭാഷകനാണ്. അദ്ദേഹവും മഞ്ജുവാര്യരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മഞ്ജുവാര്യർ ആത്മീയത പ്രസംഗിക്കുന്നില്ല. ഒരു പെണ്ണിന്റെ ശക്തി എന്താണെന്ന് അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു. ഉദാഹരണത്തിന് ഒരു കമ്പി ചുമ്മാതിരുന്നാൽ അത് തുരുമ്പ് പിടിച്ചു നശിക്കും. എന്നാൽ അതിനുള്ളിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അത് ഒരിക്കലും തുരുമ്പിക്കില്ല.
ഒരു പെണ്ണ് പെണ്ണ് ആണെന്ന് പറഞ്ഞു കൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവ് എല്ലാം നശിച്ചുപോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാളാണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജറ്റിക് ആയിരിക്കും. കമ്പിയിലെ കറണ്ട് പോലെയാണ് ആളുകളുടെ ഉള്ളിലെ എനർജി. മഞ്ജുവിന്റെ സിനിമയും അഭിനയവും കാണുമ്പോൾ അഭിമാനം തോന്നുന്നു. ഒരു പെണ്ണിന്റെ ഉള്ളിൽ ശക്തി എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് മഞ്ജുവാര്യർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.