Movlog

Faith

തിരിച്ചു വരവില്ലാത്ത ലോകത്തേക്ക് അവൻ മടങ്ങി ! കാൻസർനെ ചിലിരയിലൂടെ തോൽപ്പിച്ച നന്ദു വിടവാങ്ങി

ക്യാൻസർ അതിജീവന സന്ദേശങ്ങളിലൂടെ ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകിയ അതിജീവനത്തിന്റെ രാജകുമാരനായിരുന്നു നന്ദു മഹാദേവ. ശനിയാഴ്ച പുലർച്ചെ 3:30 ആയിരുന്നു നന്ദു(27) മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു, കോഴിക്കോട് എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്തരിച്ചത്. “അതിജീവനം” കൂട്ടായ്മയുടെ മുഖ്യസംഘാടകൻ ആയിരുന്നു നന്ദു മഹാദേവ. ഒരു നിമിഷം മാത്രമേ കയ്യിൽ ഉള്ളൂവെങ്കിലും ആ ഒരു നിമിഷം പുകയാതെ ജ്വലിക്കണം എന്ന് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് കാണിച്ചു തന്ന, അസുഖത്തിന്റെ ഒരു ഘട്ടത്തിലും തോറ്റു പോവാതെ പോരാടിയ ഒരു പോരാളി ആണ് നന്ദു.

രോഗത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹമാധ്യമങ്ങളിലൂടെ തന്റെ പ്രിയപ്പെട്ടവരേ അറിയിച്ചിരുന്നു. ഒരുപാട് പേരാണ് നന്ദുവിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും ബാധിച്ചിരുന്നു. വളരെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ തളർന്നു പോവുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയാണ് നമുക്കു ചുറ്റും ഉള്ളത്. അത്തരം ആളുകൾക്ക് പ്രചോദനമാണ് നന്ദുവിന്റെ ജീവിതം. അർബുദം പോലൊരു മാരക രോഗത്തെ ഓരോ ഘട്ടത്തിലും ചിരിച്ചുകൊണ്ട് നേരിട്ട് നന്ദു ജീവിതത്തിന്റെ മൂല്യം എന്താണെന്ന് മറ്റുള്ളവരെ പഠിപ്പിച്ചു തന്നിട്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

ശരീരത്തിലെ ഓരോ അവയവങ്ങളെയും കാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ പൂർവാധികം ശക്തിയോടെ ആയിരുന്നു ഓരോതവണയും നന്ദു മടങ്ങിവന്നത്. തന്റെ അസുഖത്തെക്കുറിച്ച് അവസാനമായി നന്ദു എഴുതിയ കുറിപ്പാണ് ഇപ്പോൾ ആരാധകരെ വിഷമത്തിൽ ആക്കുന്നത്. അസഹനീയമായ വേദന ശരീരത്തിനെ കുത്തിനോവിക്കുമ്പോഴും ഇങ്ങനെയും നിവർന്നുനിന്ന് ജീവിതം പൊരുതാൻ ഉള്ളതാണ് എന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക് എന്ന് തുടങ്ങുന്ന കുറിപ്പിൽ ഇനി രോഗവുമായി ഉള്ള യുദ്ധം ഒറ്റയ്ക്കാണെന്ന് നന്ദു തുറന്നു പറയുന്നുണ്ട്. നന്ദുവിന്റെ ക്യാൻസറിന്റെ മോളികുലാർ റിസൾട്ട് വന്നപ്പോൾ നന്ദു മാത്രമല്ല ചികിത്സിച്ച ഡോക്ടർമാരും ഞെട്ടി എന്ന് നന്ദു പറയുന്നു.

കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനെ ഒരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ നിലവിൽ ഇതിനു മരുന്നില്ല എന്നും ഇനി മരുന്ന് കണ്ടുപിടിക്കണം എന്നും നന്ദു പങ്കുവെച്ചിരുന്നു. ഇനി കീമോയോ മരുന്നുകളോ സർജറിയോ ഒന്നും ഉണ്ടാകില്ല എന്നും ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളെ എന്നും നന്ദു കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉള്ളവരുടെ ഹൃദയത്തെ കുത്തിനോവിക്കുന്നത്. ജീവിതത്തിലെ ഒരു ഘട്ടത്തിലും പരാജയപ്പെടുമെന്ന് മുൻ വിധിയെഴുതി തോൽക്കാൻ സ്വയം നിന്ന് കൊടുക്കരുത് എന്നും മുന്നിലുള്ള ഓരോ സാധ്യതകളെയും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം എന്ന മഹത്തായ ഒരു സന്ദേശം കൂടി നന്ദു തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

ഈ ചെറിയ പ്രായത്തിനിടെ നെഞ്ചോടു ചേർത്തു വെക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടിയത് വലിയൊരു പുണ്യമായി കരുതുന്നു എന്ന് നന്ദു പലപ്പോഴും പറഞ്ഞിരുന്നു. അസുഖം ഉണ്ടാക്കുന്ന വേദനകളും ബുദ്ധിമുട്ടുകളും നന്ദുവിന്റെ ശരീരത്തെ തളർത്തിയിരുന്നു എങ്കിലും മനസ്സുകൊണ്ട് സുഖമാണ്, സന്തോഷമാണ് എന്ന് പറയാൻ നന്ദുവിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. നിരവധി പേരാണ് അവരുടെ പ്രിയപ്പെട്ട നന്ദുവിന് ആദരാഞ്ജലികളർപ്പിച്ചു സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരും നന്ദുവിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top