Movlog

Movie Express

“ഇനി ജീവിതത്തിൽ മുകേഷേട്ടനെ വിശ്വസിക്കില്ല”…ഇങ്ങനെ ഉർവശി പറയാൻ ഇടയായ സന്ദർഭം !

തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർസ്റ്റാറുകളുടെ എല്ലാം കൂടെ അഭിനയിച്ച മികച്ച നടിയാണ് ഉർവശി. നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ ആയാലും ഗൗരവമാർന്ന കഥാപാത്രങ്ങൾ ആയാലും എല്ലാം ഈ കൈകളിൽ ഭദ്രം ആണ്. 1980 മുതൽ 1990 വരെ മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഉർവശി രണ്ടു തവണ തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

ബാലതാരമായി മലയാള സിനിമയിലേക്ക് ചുവട് വെച്ച ഉർവശി, “എതിർപ്പുകൾ” എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്നു താരം.

ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും സിനിമാതാരങ്ങൾ ആണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “അച്ചുവിന്റെ അമ്മ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഉർവശി ഇന്നും സിനിമകളിൽ സജീവമാണ് .

ഈ അടുത്ത കാലത്തായി തമിഴിലെ സൂപ്പർ ഹിറ്റ് ആയ മൂന്ന് ചിത്രങ്ങളിലും ഉർവശി മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. നയൻതാര നായികയായ “മൂക്കുത്തി അമ്മൻ”, സൂര്യ നായകനായ “സൂരറൈ പോറ്റര്”, ജയറാമിനൊപ്പം “പുത്തൻ പുതുക്കാലം” എന്നീ ചിത്രങ്ങളിൽ വ്യത്യസ്തവും മികച്ച വേഷങ്ങളും ആണ് താരം അവതരിപ്പിച്ചത്. തമിഴ്നാട്ടിലും ഇപ്പോൾ ഉർവശിക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഉർവശിയെ പറ്റിച്ച രസകരമായ അനുഭവം പങ്കു വെക്കുകയാണ് മുകേഷ്.

വളരെ സ്വാഭാവികമായ അഭിനയം കൊണ്ട് ആളുകളെ പറ്റിക്കാൻ ബഹുമിടുക്കൻ ആണ് നടൻ മുകേഷ്. ഒരുപാട് ആളുകളെ പറ്റിച്ച രസകരമായ അനുഭവങ്ങൾ ഉണ്ട് മുകേഷിന്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് താരം ഉർവശിയെ പറ്റിച്ച രസകരമായ അനുഭവം പങ്കുവെച്ചത്. ജയറാം, മുകേഷ്, രഞ്ജിനി, ഉർവശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്.

ഷൂട്ടിംഗിന് തയ്യാർ ആയി മേക്കപ്പിട്ട് ഉർവ്വശിയും മുകേഷിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു. ഉർവശി തന്നെ ശ്രദ്ധിക്കുന്നതായി മനസ്സിലാക്കിയ മുകേഷ് ഉർവശിയെ ഒന്ന് പറ്റിച്ചേക്കാമെന്ന് കരുതി. ഒരു പേപ്പർ എടുത്ത് വളരെ ഗൗരവമായി അതിൽ എന്തെല്ലാമോ എഴുതുകയായിരുന്നു മുകേഷ്. അതു കണ്ട് ഉർവശി മുകേഷ് എന്താണ് എഴുതുന്നത് എന്ന് അറിയാൻ ആകാംഷയോടെ അടുത്തേക്ക് വരികയായിരുന്നു. പതിയെ ഒരു വശത്ത് കൂടി മുകേഷിന്റെ അടുത്തേക്ക് വന്ന് മുകേഷ് എഴുതുന്നത് നോക്കുകയായിരുന്നു.

“തിരുനെല്ലിക്കാട് പൂത്തു തിന തിന്നാൽ കിളിയിറങ്ങി കിളിയറ്റും പെണ്ണെ കണ്ണേ തിരുകാവിൽ പോകാം കരിവളയും ചാന്തും വാങ്ങി തിരിയെ ഞാൻ കുടിലിലാക്കാം” എന്നായിരുന്നു മുകേഷ് എഴുതിയത്. ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ ആ സമയം അഭിനയിച്ചു വരികയായിരുന്നു മുകേഷ്.

ചിത്രത്തിൽ പാർവതിക്കൊപ്പം ഉള്ള ഒരു ഗാനത്തിന്റെ വരികൾ ആയിരുന്നു മുകേഷ് എഴുതിയത്. ഇതൊന്നും അറിയാത്ത ഉർവശി പേപ്പർ വലിച്ചെടുത്ത് എന്താണ് എഴുതുന്നതെന്ന് നോക്കി. വെറുതെ ഇരിക്കുമ്പോൾ ഇങ്ങനെ കുത്തിക്കുറിക്കുന്നതാണ്. പിന്നീട് ആ പേപ്പർ അങ്ങ് കളയും എന്ന് മുകേഷ് തട്ടി വിട്ടു.

ഇത് വിശ്വസിച്ച ഉർവശി ആ വരികൾ വായിച്ചിട്ട് കവിത ഗംഭീരമാണെന്ന് പറഞ്ഞു. അത് കളയരുത് എന്നും ഈ കഴിവ് പരിപോഷിപ്പിക്കണം എന്നും പറഞ്ഞു. ഇത്ര മനോഹരമായ കവിത എഴുതിയതിന് ഉർവശി മുകേഷിനെ അഭിനന്ദിക്കുകയും ചെയ്തു. താൻ ഉദ്ദേശിച്ചത് പോലെ ഉർവശി തന്റെ തന്ത്രത്തിൽ വീണെന്ന് മനസിലായപ്പോൾ എഴുതിയ വരികൾക്ക് ചിലപ്പോൾ ട്യൂൺ ഇടാറുണ്ടെന്നും മുകേഷ് പറഞ്ഞു. എന്നിട്ട് ആ പാട്ട് പാടി അങ്ങ് കേൾപ്പിച്ചതോടെ ഉർവശി അത്ഭുതപ്പെട്ടു പോയി.

ഉർവശിയുടെ അടുത്ത ചിത്രത്തിൽ മുകേഷേട്ടൻ പാട്ടെഴുതി സംഗീതം നൽകുമെന്ന് സന്തോഷത്തോടെ ഉർവശി പറഞ്ഞു. എന്നാൽ സത്യാവസ്ഥ മുകേഷ് വ്യക്തമാക്കിയതുമില്ല. രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ “ദിനരാത്രങ്ങൾ” എന്ന ചിത്രം റിലീസ് ചെയ്തു. സിനിമയുടെ സെറ്റിലെ എല്ലാവരും കൂടി സെക്കൻഡ് ഷോയ്ക്ക് പോയി. സിനിമ കണ്ടതിന് ശേഷം ഇനി ജീവിതത്തിൽ മുകേഷിനെ വിശ്വസിക്കില്ലെന്നു പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ ഉർവശി പോയി എന്ന് മുകേഷ് തമാശ രൂപേണ തന്റെ വീഡിയോയിൽ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top