തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർ നായികയാണ് മീന. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങി മീന. ബാലതാരമായി 45 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സിബി മലയിൽ സംവിധാനം ചെയ്ത “സാന്ത്വനം” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ചുവട് വെക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള മീന ഇപ്പോഴും സിനിമകളിൽ സജീവമാണ്. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡി ആയിരുന്നു മോഹൻലാൽ മീനയുടേത്. നിരവധി സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. വർണ്ണപകിട്ട്, ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.
രണ്ടു പതിറ്റാണ്ട് കാലത്തോളം ആയി തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് മീന. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തന്റെ മകളുടെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട് മീന. അങ്ങനെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. “ദൃശ്യം 2 “ന്റെ തെലുങ്ക് റീമേക്ക് ചിത്രവുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ കുടുംബത്തോടൊപ്പമുള്ള അവസാനത്തെ ദിനമായിരുന്നു ഇന്ന് എന്നാണ് മീന കുറിച്ചത്. വീണ്ടും തിരിച്ചെത്തുമെന്നും താരം കൂട്ടിച്ചേർത്തു. ആന്റണി പെരുമ്പാവൂർ, ജിത്തുജോസഫ്, വെങ്കിടേശ് എന്നിവർക്കും നന്ദി അറിയിച്ചു താരം. “ദൃശ്യം 2 “വിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തിനെ തെലുങ്കിൽ അവതരിപ്പിക്കുന്നത് വെങ്കിടേഷ് ആണ്.
ആശാ ശരത് അഭിനയിച്ച ഗീതാ പ്രഭാകർ ഐപിഎസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തിയത് നദിയാമൊയ്തു ആണ്. ജീത്തു ജോസഫ് തന്നെയാണ് തമിഴിലും തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ സെറ്റിൽ വെച്ചുള്ള മീനയുടെയും നദിയ മൊയ്തുവിന്റെയും ചിത്രം ഇതിനുമുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മലയാളത്തിൽ ദൃശ്യം 2 നിർമ്മിച്ച ആശീർവാദ് സിനിമാസ് തന്നെയാണ് തെലുങ്ക് റീമേക്കിലും നിർമ്മാണ പങ്കാളികൾ. ആശിർവാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷൻസും, രാജകുമാർ തീയേറ്റേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2013ൽ ജിത്തുജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ “ദൃശ്യം” എന്ന ചിത്രം മലയാള സിനിമയിൽ എക്കാലത്തെയും മികച്ച വിജയം നേടുകയായിരുന്നു . അതേ വർഷം തന്നെ ഈ ചിത്രം തെലുങ്കിലും കന്നടയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മികച്ച വിജയമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രം നേടിയെടുത്തത്.