Movlog

Kerala

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി 51 വയസുകാരി.

ഒരു അമ്മയാവുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും അടങ്ങാത്ത ആഗ്രഹമാണ്. സ്വന്തം കുഞ്ഞിനെ ഗർഭം ധരിക്കുകയും ജന്മം നൽകുകയും ചെയ്യുന്നതിന്റെ സുഖവും സന്തോഷവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. വിവാഹജീവിതത്തിൽ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. വലിയൊരു ശൂന്യത തന്നെയാണ് ഒരു കുഞ്ഞ് ഇല്ലാത്ത ജീവിതം തീർക്കുന്നത്. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ആഗ്രഹത്തിന് വർഷങ്ങളോളം പ്രാർത്ഥനയും നേർച്ചകളും ചികിത്സയും നടത്തുന്ന ഒരുപാട് ദമ്പതികൾ ഉണ്ട്. അത്തരത്തിൽ കാത്തിരുന്ന് ഒടുവിൽ 51 വയസ്സിൽ ഇരട്ട കുട്ടികളുടെ അമ്മയായ മണിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. എറണാകുളം തമ്മനം ലേബർ കോളനിയിൽ വാടാറത്തുപറമ്പിൽ വി എസ് സുരേഷ് ,ഓ വി മണി എന്നീ ദമ്പതികൾക്കാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടക്കുട്ടികൾ പിറന്നത്.

2006 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം ഒരുപാട് കാലം ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നു എങ്കിലും വിധി ഇവർക്ക് വേണ്ടി കരുതി വെച്ചത് ഇരട്ടിമധുരം ആയിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന് ഉള്ള വിഷമവും പ്രതിസന്ധികളും എല്ലാം മറികടന്ന് ചികിത്സ നേടി. എന്നാൽ ഗർഭപാത്രത്തിലെ മുഴകൾ കാരണം ഗർഭധാരണത്തിന് സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയത് ഇവരെ ആശങ്കയിലാക്കി. ഡോക്ടർമാർ ഉപേക്ഷിച്ചെങ്കിലും തളരാൻ അവർ തയ്യാറല്ലായിരുന്നു. അങ്ങനെ എബ്രഹാംസ് ഇൻഫർട്ടിലിറ്റി ആൻഡ് ഗൈനക് റിസർച് സെന്ററിൽ ചികിത്സതേടി ഈ ദമ്പതികൾ. ഡോക്ടർ സാം എബ്രഹാമിന്റെ വിശദമായ ചികിത്സയിലും പരിശോധനയിലും ഗർഭപാത്രത്തിലും അണ്ഡാശയത്തിലും ആയി 5 മുഴകൾ ഉണ്ട് എന്ന് കണ്ടെത്തി. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഈ 5 മുഴകളും നീക്കം ചെയ്യുകയായിരുന്നു.

പിന്നീട് ആരോഗ്യം മെച്ചപ്പെട്ടതോടെ കഴിഞ്ഞ ജനുവരിയിൽ വന്ധ്യതാ ചികിത്സയുമായി അവർ മുന്നോട്ടു പോയി. മൂന്നു മാസത്തെ ആശുപത്രി ചികിത്സകൾക്ക് ശേഷം ഒരു കുഞ്ഞിനെ മണി ഗർഭം ധരിച്ചു. എന്നാൽ ഒരുപാട് കാലത്തിനു ശേഷം ഒരു കുഞ്ഞിനായി കാത്തിരിക്കുന്നവർക്ക് വിധി നൽകിയത് ഇരട്ടിമധുരം ആയിരുന്നു. ഇരട്ടകുഞ്ഞുങ്ങൾ ആണ് ഇവർക്ക് പിറന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മണിയുടെ പ്രസവം. മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ബിസി ബിനു സാമിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ 23ന് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ആൺകുട്ടികൾക്കാണ് മണി ജന്മം നൽകിയത്. ഒരു ആയുസ്സിൽ അനുഭവിക്കേണ്ട വിഷമങ്ങളും വേദനകൾക്കും വിരാമമിട്ട് ഇനി സന്തോഷത്തിന്റെ നാളുകളാണ് ഈ ദമ്പതികളെ കാത്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top