Movlog

Kerala

ചുഴലിക്കാറ്റ് കര തൊട്ടില്ലെങ്കിലും ന്യൂനമർദ്ദത്തിൽ പരക്കെ വൻ നഷ്ട്ടം ! അറിയിപ്പ് – സൂക്ഷിക്കുക

കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കൻ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിലായി. വ്യാഴാഴ്ച അർദ്ധരാത്രിയോടെ തന്നെ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ ആയിരുന്നു. കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകിയതോടെ കാലടി, ജഗതി പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ചോളം കുടുംബങ്ങളെ കാലടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കോവിഡ് 19 അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ സമ്മർദ്ദത്തിന് ഇടയിലാണ് ന്യൂനമർദ്ദത്തിന്റെ ആക്രമണം. നിരവധി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നദികളിൽ നിന്ന് മാലിന്യം നീക്കാത്തതും കയ്യേറ്റവും വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നുണ്ട്. ഇടുക്കിയിൽ മഴ ശക്തമായതോടെ അടിമാലി കല്ലാർകുട്ടി ഡാം തുറന്നു. ഹൈറേഞ്ചിൽ വ്യാപകനാശം ആണ് മഴയിലും കാറ്റിലും ഉണ്ടായത്. ടൗട്ടെ ചുഴലിക്കാറ്റിന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവർത്തനവും സജ്ജമാക്കിയിട്ടുണ്ട്. കടൽ പ്രദേശങ്ങളെല്ലാം പ്രക്ഷുബ്ധമായിരിക്കുകയാണ്. കലങ്ങിമറിഞ്ഞ വെള്ളമാണ് കടൽ തീരത്തേക്ക് ഇടിച്ചുകയറുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കാസർഗോഡ് കണ്ണൂർ തീരങ്ങളിൽ തൊടുന്നില്ലെങ്കിലും ഇതിനെ തുടർന്നുണ്ടാകുന്ന ശക്തമായ മഴയാണ് വ്യാപകമായ നഷ്ടം ഉണ്ടാക്കുന്നത്. ദേശീയപാതകളിൽ അടക്കം മരങ്ങൾ വീണു വലിയ തോതിൽ ഗതാഗത തടസ്സങ്ങളും വൈദ്യുതി തടസ്സവും ഉണ്ടായിരിക്കുകയാണ്.

കടൽ കൂടുതൽ തീരത്തിലേക്ക് അടിച്ചു കയറുന്ന സാഹചര്യമാണ് പലയിടങ്ങളിലും കണ്ടുവരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച നടത്താനിരുന്ന വാക്സിനേഷൻ ക്യാമ്പുകൾ റദ്ദാക്കുകയാണ്. ഇതിനോടകം 356 ദുരിതാശ്വാസ ക്യാമ്പുകൾ കൊല്ലം ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം തീരങ്ങളിൽ മത്സ്യബന്ധനം പൂർണമായും നിലച്ചിരിക്കുകയാണ്. നിന്ന നിൽപ്പിൽ കടൽതീരത്തെ വീടുകൾ നിലം പൊത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പൊതുജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്.

ടൗട്ടെ ചുഴലിക്കാറ്റിന് എതിരെയുള്ള തയ്യാറെടുപ്പ് വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതിനെ തുടർന്നാണ് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ടു ദിവസങ്ങളായി കനത്ത മഴ തുടരുന്നത്. കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത എങ്കിലും അതീവ ജാഗ്രത നിർദ്ദേശമാണ് കണ്ണൂരും കാസർകോടും നൽകിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top