Movlog

Movie Express

അനുപമ പരമേശ്വരന്റെ “ഫ്രീഡം അറ്റ് മിഡ്നൈറ്റ് ” എന്ന ഹ്രസ്വചിത്രത്തിനെ കുറിച്ചുള്ള ഡോക്ടർ നിഷയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതനായ ആർ ജെ ഷാൻ സംവിധാനം ചെയ്‌ത്‌ അനുപമ പരമേശ്വരൻ കേന്ദ്രകഥാപാത്രമായി എത്തിയ ഹ്രസ്വചിത്രം “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വളരെ ശക്തമായ ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമയെ വിമർശിച്ചും പിന്തുണച്ചും പല ചർച്ചകളും സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുന്നുണ്ട്. ചന്ദ്ര എന്ന നായിക കഥാപാത്രമായി അനുപമ പരമേശ്വരനും ദാസ് എന്ന നായക കഥാപാത്രമായി ഹക്കിം ഷാജഹാനും എത്തുന്ന “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” എഴുതി സംവിധാനം ചെയ്തത് ആർ ജെ ഷാൻ ആണ്. ഇവർ രണ്ടുപേരും മാത്രം അണിനിരക്കുന്ന ഈ ഹ്രസ്വചിത്രം മലയാളം, തെലുങ്ക്, കന്നട എന്നീ മൂന്ന് ഭാഷകളിലായി ആണ് റിലീസ് ചെയ്തത്. പോഷ് മാജിക് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അബ്ദുറഹിം ആണ്. ലിജിൻ ബാബിനോ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

കേരളത്തിലും ദുബായിലും റേഡിയോ ജോക്കിയായി പ്രവർത്തിച്ച ആർ ജെ ഷാൻ ഇതിനുമുമ്പ് മഞ്ജുവാര്യർ, ഷെയിൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച “കെയർ ഓഫ് സൈറാബാനു” വിൽ ബിപിൻ ചന്ദ്രനൊപ്പം തിരക്കഥ എഴുതിയിരുന്നു. ഷാനിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് “ഫ്രീഡം അറ്റ് മിഡ്നൈറ്റ്”. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർ നിഷ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” പൊളിറ്റിക്കലി കറക്റ്റ് അല്ലായിരിക്കാം. പക്ഷേ കേരളത്തിലെ പല സ്ത്രീകളുടെയും അവസ്ഥ അതാണ്. കുടുംബബന്ധങ്ങളിൽ വിർച്വൽ ബന്ധങ്ങൾ വില്ലനാവുന്നിടത്ത് കാര്യങ്ങളുടെ യഥാർത്ഥമായ പോക്കിന് ആ ശൈലിയുമായി സാമ്യമുണ്ട്. ഡിപ്രഷനോളം പോകുന്ന പല സ്ത്രീകളും, വളരെ പതുക്കെ ഇവോൾവ് ചെയ്യുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ആശ്വാസം കണ്ടെത്താൻ പുരുഷ സുഹൃത്തുക്കളോട് അടുക്കുന്നവരും അങ്ങനെ മറ്റൊരു കുടുംബത്തിലേക്കും കൂടി നീളുന്ന പ്രശ്നങ്ങളുമുണ്ട്. ഭർത്താവിന്റെ അവിഹിതം അറിഞ്ഞാലേ സ്വന്തം സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുകയുള്ളൂ എന്ന് ചോദിക്കാൻ എളുപ്പമാണ്. മധ്യവർഗ്ഗ മലയാളി പെൺകുട്ടിക്ക് കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളും ഭർത്താവുമായി സന്തോഷമായി കഴിയുക എന്നതാണ് ഇപ്പോഴും വലിയ സ്വപ്നം. അതൊരു ശരി എന്നല്ല പറഞ്ഞത്. അതാണ് അവസ്ഥ. ഭർത്താവിന്റെ കുടുംബത്തിൽ തന്നെ താമസിക്കേണ്ടി വരുന്നവർക്ക് അവിടുത്തെ നിലവിളക്ക് ആകുക എന്ന ക്ലീഷേ ഉപദേശം ആകും അമ്മ കൊടുത്തു വിടുക. അതിനൊരു സാമ്പത്തിക വശം കൂടി ഉണ്ട്. മക്കളെ പഠിപ്പിച്ചു പ്രൊഫഷണൽ ഒക്കെ ആക്കി വിട്ട് മാതാപിതാക്കൾ ഒന്ന് സ്വസ്ഥം ആകുക ആണ് ചെയ്യുക. അതൊരു ഭാരം ഇറക്കൽ ഒന്നും ആയി കാണേണ്ടതില്ല. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരം വാദിക്കാൻ ഉള്ള പ്രിവിലേജിൽ അവർ ഇന്നത്തെ തലമുറയെ എത്തിച്ചത് അവരുടെ പല താല്പര്യങ്ങളും മാറ്റിവെച്ച് പ്ലാൻ ചെയ്ത ഒക്കെ ജീവിച്ചിട്ട് ആകും. ഇന്ന് അറുപതുകളിൽ ഒക്കെ നിൽക്കുന്ന മാതാപിതാക്കളുടെ കാര്യമാണ്. അത് ഭർത്താവിന്റെ ആയാലും അങ്ങനെ തന്നെ. അപ്പോൾ അതൊക്കെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കണ്ടങ്ങ് ഓടിത്തുടങ്ങും. അതൊരു മനോഹരമായ കൊടുക്കൽ വാങ്ങലും ആകാം. ചൂഷണവും ആകാം. അങ്ങനെയുള്ള സാഹചര്യത്തിൽ തിരിച്ചറിവ് ഏറെ താമസിച്ചു വരുന്നവരും വരാത്തവരും കാണും. അതാണ് റിയാലിറ്റി.

തിരക്കഥയിലെ പാളിച്ചകളും ആശയപരമായ ക്ലാരിറ്റി ഇല്ലായ്മയും ഒക്കെ സത്യം ആയിരിക്കെ തന്നെ, ഇതിനെ വിമർശിക്കുന്നവർ എത്രപേർ ഇണയുടെ മറ്റൊരു ഇണ എന്ന് സത്യത്തോട് പകയില്ലാതെ പൊരുത്തപ്പെടും എന്ന് പറയണം. ഒരു സ്ത്രീയുടെ കേസ് ഓർമ്മയുണ്ട്. അഞ്ചാറു കൊല്ലം മുമ്പ്, അവർ വളരെ സ്വസ്ഥമായി ജീവിച്ചിരുന്ന ലോകത്തേക്ക് ഭർത്താവിന്റെ മുൻകാമുകിയുടെ സാന്നിധ്യം വരുന്നത് അയാളുടെ വാട്സ്ആപ്പ് ഗാലറിയിൽ മറ്റേതോ ചിത്രം കാണിക്കുന്നതിനിടയിൽ കണ്ണിൽ പെട്ട അവരുടെ ഫോട്ടോയിലൂടെ ആണ്. അവർ അത് ആരാണ് എന്ന് ചോദിച്ചപ്പോൾ അയാൾ ആരോ എന്ന് പറയുന്നു. പക്ഷെ മുൻകാമുകി ഇതിനു മുന്നേ ഭാര്യയോട് ഫേസ്ബുക്കിൽ സംസാരിച്ചിട്ടുണ്ട്. അവരെപ്പറ്റി പറഞ്ഞിട്ടുണ്ട് എങ്കിലും അയാൾ അവരുടെ ഫോട്ടോ ഒന്നും കാണിച്ചിരുന്നില്ല. എഫ് ബി പരിചയം പുള്ളി അറിഞ്ഞിട്ടില്ല. “സില്ലുണ് ഒരു കാതൽ” സ്റ്റൈൽ കൺസെപ്റ്റ് ഒക്കെയായിരുന്നു ഭാര്യയുടെ മനസ്സിൽ. അവർ അത് കാര്യമാക്കുന്നില്ല. പതുക്കെ ഭർത്താവ് ഫോൺ അങ്ങോട്ട് ലോക്ക് ചെയ്തു വയ്ക്കുന്നു. അത് അയാളുടെ പ്രൈവസി ആണ്. ശരിയായിരിക്കാം. പക്ഷേ ഭർത്താവ് ഉള്ളപ്പോൾ അല്ലാതെ അയാളുടെ ഫോണിൽ തൊടുക പോലും ചെയ്യാത്ത സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്ത ഒരാളായിരുന്നു അവർ അതുവരെ. അപ്പോൾ നമ്മൾ അവരുടെ സ്വാതന്ത്ര്യ ബോധത്തെ പരിഹസിക്കാം. പക്ഷേ സ്വന്തം ലോകമെന്നത് ഒരാളിലേക്ക് ചുരുക്കുക എന്നത് ചോയ്സ് ആയി എടുക്കുന്നവർ ഉണ്ട്. അവിടെ ആ വ്യക്തിയുടെ ബ്രോട്ട് അപ്പ് തുടങ്ങി പല കാര്യങ്ങളും ഭാഗമാകുന്നുണ്ട്. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷൻ ചൂസ് ചെയ്യുന്ന ഒരാൾക്ക് മറുവശം നിൽക്കുന്ന ഒരാൾക്ക് വേണ്ടി ചില മനസ്സിലാക്കലുകൾ നടത്താനുള്ള ബാധ്യതയുണ്ട്. അല്ലെങ്കിൽ ഓപ്പൺ റിലേഷൻഷിപ്പ് ഒക്കെ പറ്റി അറിയുകയും അതിലേക്ക് മനസ്സ് എത്തുകയും ചെയ്തിട്ടുള്ള ആളാണ് എന്ന് നോക്കിക്കണ്ടു ഒക്കെ തിരഞ്ഞെടുക്കണം.

മുൻപ് പറഞ്ഞ കേസിലേക്ക് വരാം. ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിന് മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നോക്കി കഴിയുകയും സ്വന്തം കരിയർ തൽക്കാലം കുഞ്ഞുങ്ങൾക്കുവേണ്ടി ഒതുക്കി വെക്കുകയും ചെയ്ത സ്ത്രീയോട് അയാൾ പറഞ്ഞു, ഇത് എന്റെ പോളിസിയാണ് ഇനി മുതൽ. എന്റെ ഫോണിന്റെ പ്രൈവസി ആണ് എന്ന്. ആ സ്ത്രീ ആകെ ഷെറ്റേർഡ്. ആയി അതുവരെ ആ വീട്ടിൽ അവർ പ്രൈവസി എന്താണ് എന്ന് അറിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. അവർ പല രീതിയിൽ അതിൽ നിന്ന് പുറത്തുകടക്കാൻ നോക്കി. അയാളോട് അവർ ആദ്യം പറഞ്ഞത് ആരോടെങ്കിലും താല്പര്യമുണ്ടെങ്കിൽ അത് താൻ അറിയാതെ നോക്കണം, മെസ്സേജ് ഒക്കെ ഡിലീറ്റ് ചെയ്തോളൂ, പക്ഷേ ഫോൺ ലോക്ക് ചെയ്യരുത് എന്നാണ്. അവരുടെ ഭർത്താവ് അവരുടേതാണ് എന്നൊരു തോന്നൽ അവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമാണ്. അവർ അയാൾക്ക് ഏറെ സമയം കൊടുത്തു. പക്ഷേ അയാൾ അതൊരു സൗകര്യം ആക്കിയെടുത്തു.

ഇനിയാണ് അവർ മാറുന്നത്. മാറ്റങ്ങൾക്കുള്ള കാരണം അവരുടെ ഇമോഷണൽ ഇൻ സെക്യൂരിറ്റി തന്നെയാണ്. അത് ഒരു ശരാശരി മലയാളി സ്ത്രീക്ക് ഇപ്പോഴും ആവശ്യമാണ്. അത് എളുപ്പം ഒന്നു മാറി പോകില്ല. പക്ഷേ അവർക്ക് അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനോട് അവർ കൂടുതൽ അടുക്കുകയും അത് അയാളുടെ വീട്ടിൽ പ്രശ്നം ആകുകയും ഒക്കെയാണ് പിന്നീടുണ്ടായത്. ഡിപ്രഷൻ കടുത്തു വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അവരെ ആദ്യം കണ്ടത്.പക്ഷേ ആ സമയം ഭർത്താവ് അവരുടെ കൂടെ സപ്പോർട്ട് നിൽക്കുന്നുണ്ട്. അവർ അയാളിലേക്ക് മടങ്ങുകയും പിന്നീട് എന്നേക്കുമായി അയാളിൽ നിന്ന് പുറത്ത് കടക്കുകയും എന്നിട്ടും അവർ ഒരുമിച്ചു തന്നെ ജീവിക്കുകയും ചെയ്യുന്നു എന്നതാണ് കഥയുടെ അറിഞ്ഞിടം വരെയുള്ള ക്ലൈമാക്സ് (അവർ കണ്ട സൈക്യാട്രിസ്റ്റ് അവർ ഭർത്താവിൽ നിന്ന് ഒരല്പം ഡിറ്റാച്ഡ് ആകാൻ തന്നെയാണ് അവരെ ഉപദേശിച്ചത്. അയാളോട് ബഹുമാനം തോന്നി.) താൻ കേട്ട കഥകൾ എന്ന സിനിമക്കാരന്റെ വാക്ക് ശരിയാകും. ഇമോഷണൽ സെക്യൂരിറ്റി നഷ്ടമാകുമ്പോൾ മാത്രം സെക്സ് ലൈഫിനെ പോലും കാര്യമായി ശ്രദ്ധിച്ചു തുടങ്ങുന്ന പെണ്ണുങ്ങൾ ഇപ്പോഴുമുണ്ട്. മനുഷ്യൻ പോളിഗമസ് ഒക്കെ ആയിരിക്കും. പക്ഷേ ഒരാളിൽ കുടുങ്ങി കിടക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. പുരുഷന്മാരിലും അത്തരക്കാർ ഉണ്ട്. സെക്സിനെ വെറും ജൈവീക ചോദനം ആയി മാത്രം കാണുന്നവർക്ക് അപ്പുവിന്റെ “സെക്സ് ഈസ് നോട്ട് എ പ്രോമിസ്” ഒക്കെ രസകരമായി തോന്നാം. സഹിക്കാനാവാത്ത സ്നേഹത്തിന്റെ അവസാനമായി സെക്സിനെ കാണുന്നവർക്ക് അത് വല്ലാത്തൊരു ഡയലോഗ് ആയിരിക്കും.ഇണയോട് പൊസസീവ് ആവുക എന്നത് പ്രണയ മനശാസ്ത്രത്തിൽ സ്വാഭാവികമാണ്. അത് ആഗ്രഹിക്കുന്നവർ ധാരാളം ഉണ്ട്. അത് ഇണയുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന ലെവൽ ആകുമ്പോഴാണ് നെഗറ്റീവ് ആകുന്നത്.” ഫ്രീഡം അറ്റ് മിഡ്നൈറ്റ് “ൽ ശരികൾ മാത്രം എന്നല്ല പറഞ്ഞത്. യാഥാർത്ഥ്യങ്ങൾ കുറച്ചു കൂടുതൽ ഉണ്ട് എന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top