Movlog

Faith

ഉപേക്ഷിച്ചുപോയ യജമാനന് വേണ്ടിയുള്ള നായയുടെ കാത്തിരിപ്പ് നൊമ്പര കാഴ്ചയാകുന്നു !

വളർത്തുമൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന ചില യജമാനന്മാരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ മാധ്യമപ്രവർത്തകയായ ലക്ഷ്മിനാരായണൻ പങ്കുവെച്ചത്. പയ്യന്നൂരിൽ ആണ് സംഭവം നടക്കുന്നത്. തന്റെ യജമാനൻ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരു മിണ്ടാപ്രാണി. സ്നേഹിക്കാനും സംരക്ഷിക്കാനും മാത്രം അറിയാവുന്ന ആ മിണ്ടാപ്രാണിക്ക് തന്റെ യജമാനന്റെ ക്രൂര മനസ്സ് കാണാൻ അറിയാതെ പോയി . പയ്യന്നൂർ പുതിയ സ്റ്റാൻഡിനു സമീപമാണ് ഒരു വളർത്തുനായയെ അതിന്റെ യജമാനൻ നിഷ്കരുണം റോഡിൽ തള്ളി യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കടന്നുപോയത്. നായയുടെ കാത്തിരിപ്പ് അവിടെയുള്ളവർക്ക് നൊമ്പര കാഴ്ചയായി മാറി.

ഒരു ഓട്ടോറിക്ഷയിൽ രാവിലെ കൊണ്ടു വന്ന് റോഡിലേക്ക് തള്ളിവിടുകയായിരുന്നു യജമാനൻ. യജമാനനെ വിട്ടു ഇറങ്ങുവാൻ നായ വിസമ്മതിച്ചപ്പോൾ കാലുകൊണ്ട് തള്ളി താഴെ ഇടുകയായിരുന്നു എന്ന് കണ്ടവർ പറയുന്നു. യജമാനൻ ഉപേക്ഷിച്ചുപോയ സ്ഥലത്ത് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ആ മിണ്ടാപ്രാണി. കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് എന്ന ചൊല്ല് പറയുമ്പോലെ പ്രായമായ, രോമം കൊഴിഞ്ഞ ആ വളർത്തുനായയെ നിഷ്കരുണം ഉപേക്ഷിക്കുകയായിരുന്നു ഉടമ. ഇത് ആദ്യമായിട്ടല്ല വളർത്തു നായ്ക്കളെ ഇങ്ങനെ ഉപേക്ഷിച്ചു പോകുന്നത്.മാലിന്യങ്ങൾ വലിച്ചെറിയുന്ന ലാഘവത്തോടെയാണ് വളർത്തുമൃഗങ്ങളെ ആളുകൾ തെരുവിൽ ഉപേക്ഷിക്കുന്നത്.

വീടുകളിൽ കൃത്യസമയത്ത് ഭക്ഷണം ലഭിച്ച് ജീവിച്ച വളർത്തുമൃഗങ്ങൾക്ക് തെരുവിൽ ആഹാരം കണ്ടെത്താൻ അറിയാതെ നരകിച്ച് ചാവുക ആണ് പതിവ്. വിദേശരാഷ്ട്രങ്ങളിൽ ഇതുപോലെ തെരുവിൽ ഉപേക്ഷിക്കുന്ന വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ഇന്ത്യയിൽ അത് ഇല്ലെന്ന് മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ മൃഗസംരക്ഷണ വകുപ്പിനോ ഒന്നും ചെയ്യാനുള്ള സംവിധാനങ്ങളും ഇല്ല. ഈ കൊടും ക്രൂരകൃത്യം ചെയ്ത ആൾക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാരും മൃഗസ്നേഹികളും ആവശ്യപ്പെടുന്നുണ്ട്. ടൗണിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ നായയെ കൊണ്ടുവന്ന ഓട്ടോയും ആളെയും കണ്ടെത്താൻ സാധിക്കും എന്ന വിശ്വാസത്തിൽ ആണ് ഇവർ. എന്നാൽ ഇവിടെ ഇരയായത് ഒരു മിണ്ടാപ്രാണി ആയതിനാൽ അധികൃതർ മൗനം പാലിക്കാൻ ആണ് സാധ്യത എന്ന് ലക്ഷ്മിനാരായണൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top