മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു പത്രോസ്.
ശ്വേത മേനോൻ അവതരിപ്പിച്ച “വെറുതെയല്ല ഭാര്യ” എന്ന ഷോയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പത്രോസ്, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾ മഞ്ജുവിനെതിരെ ഉയർന്നിരുന്നു.
2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു.
മോഹൻലാൽ നായകൻ ആയ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ” എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് മഞ്ജു. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു മഞ്ജു. “ബ്ലാക്കീസ് വ്ലോഗ് ” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി മഞ്ജു പങ്കു വെക്കാറുണ്ട് .
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് മഞ്ജു പത്രോസ് ഭർത്താവ് സുനിച്ചനെ ഉപേക്ഷിച്ചു എന്നും മറ്റൊരാൾക്കൊപ്പം ആണ് ഇപ്പോൾ എന്നും ആണ്. മഞ്ജു സുനിച്ചൻ എന്ന പേരു മാറ്റി മഞ്ജു പത്രോസ് എന്ന് ആക്കിയത് ആയിരുന്നു ഇതിനു കാരണം. ഇപ്പോൾ സുനിച്ചനെ വേണ്ട എന്നും ഒരു പത്രോസിനു പിന്നാലെയാണ് മഞ്ജു എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ പത്രോസ് എന്നത് തന്റെ അച്ഛന്റെ പേരാണെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു. വിവാഹം കഴിക്കുമ്പോൾ തന്നെ തന്റെ പേര് മാറ്റില്ല എന്ന് മഞ്ജു സുനിച്ചനോട് പറഞ്ഞിരുന്നു. സുനിച്ചനും അത് സമ്മതമായിരുന്നു.
എന്നാൽ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴാണ് സുനിച്ചന്റെ ഭാര്യ ആയതിനാൽ മഞ്ജു സുനിച്ചൻ എന്ന പേരിൽ അറിയപ്പെട്ടത്. എന്നാൽ തന്റെ യഥാർത്ഥ പേര് മഞ്ജു പത്രോസ് ആണെന്ന് വെളിപ്പെടുത്തി താരം. സുനിച്ചൻ വിദേശത്തായതിനാൽ സുനിച്ചനൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവെക്കാത്തതുകൊണ്ട് പലരും കരുതിയിട്ടുള്ളത് മഞ്ജു സുനിച്ചനെ ഉപേക്ഷിച്ച് എന്നാണ്. സുനിച്ചൻ വിദേശത്തായതിനാൽ തന്റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്നും അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന് മഞ്ജു പത്രോസ് പ്രതികരിച്ചു.