പാലക്കാട് അയ്യർ കുടുംബത്തിൽ ജനിച്ച വിദ്യാബാലൻ ഇന്ന് ബോളിവുഡിലെ താര റാണി ആണ്. നായകന്മാർ വാഴുന്ന ബോളിവുഡ് സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്ത് തന്റെതായ ഇടം നേടിയ താരമാണ് വിദ്യാബാലൻ. ബംഗാളി ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആണ് വിദ്യാബാലൻ ഇന്ന് കാണുന്ന താര പദവി നേടിയെടുത്തത്. പന്ത്രണ്ടോളം സിനിമകളിൽ അവസരം ലഭിച്ചിരുന്നെങ്കിലും ഓരോ കാരണം കൊണ്ട് ഈ സിനിമകളെല്ലാം വിദ്യയ്ക്ക് നഷ്ടമാവുകയായിരുന്നു. ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തുനിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമായി മാറി വിദ്യാബാലൻ.
മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. മനസ്സിലുള്ളത് ഒളിയും മറയും ഇല്ലാതെ വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ. അങ്ങനെ തുറന്നു പറഞ്ഞ പല കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ കാളിദാസ് ജയറാമിനെ കുറിച്ച് വിദ്യാബാലൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും ഏകമകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് , “എന്റെ വീട് അപ്പൂന്റേം” എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ കാളിദാസ് പിന്നീട് നായകനായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
മലയാളത്തിലും തമിഴിലും സജീവമായിട്ടുള്ള താരപുത്രന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു “പാവ കദൈകൾ”. ഈ ചിത്രത്തിൽ കാളിദാസ് അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് നേടിയത്. കാളിദാസന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് താര റാണി വിദ്യാ ബാലനും മുന്നോട്ട് വന്നിട്ടുണ്ട്. അതിഗംഭീരമായ പ്രകടനമാണ് കാളിദാസ് “പാവ കദൈകൾ” എന്ന ചിത്രത്തിൽ കാഴ്ചവച്ചത്. പല രംഗങ്ങളിലും കാളിദാസന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട് എന്നും കാളിദാസ് കരയുന്നതു കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നിയെന്നും വിദ്യാബാലൻ അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് കഴിവുള്ള നടനാണ് കാളിദാസ് എന്നും ഇനിയും ഒട്ടനവധി നല്ല കഥാപാത്രങ്ങൾ കാളിദാസനെ തേടിയെത്തട്ടെ എന്ന് വിദ്യ ആശംസിച്ചു.