നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പൗളി വത്സൻ. 2008ൽ പുറത്തിറങ്ങിയ “അണ്ണൻ തമ്പി” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം നാടകങ്ങളിൽ സജീവമായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ “ഈ മാ യൗ ” എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് കേരള സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് വൽസൻ ഒരു നാടകനടൻ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ പൗളിയുടെ ഭർത്താവ് വത്സൻ വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു എന്നും ചികിത്സാ ചിലവിനായി സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഭർത്താവിന് ഡയാലിസിസ് ചെയ്യാൻ നാല്പതിനായിരം രൂപയുടെ ഇൻജക്ഷൻ ആവശ്യമാണെന്നും അതിനാൽ പൗളി വൽസൻ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി മുന്നോട്ടു വരുകയാണ് താരം. ആരോടും അഞ്ചു പൈസ പോലും ചോദിച്ചിട്ടില്ലെന്നും എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോൾ തന്നെ കിട്ടാനുള്ള പൈസ അക്കൗണ്ടിൽ വന്നിട്ടുണ്ട് എന്നും പൗളി വത്സൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. ദയവുചെയ്ത് ആരും പൈസ അയക്കരുത് എന്നും പൗളി കൂട്ടിച്ചേർത്തു.
പൗളിക്കും ഭർത്താവ് വത്സനും കോവിഡ് ആണ്. ഭർത്താവ് ഡയാലിസിസ് രോഗി ആയതുകൊണ്ട് കുറച്ച് ഗുരുതരമാണ്. അദ്ദേഹം ഐസിയുവിലാണ്. ആരോടും ഞാൻ പൈസ ചോദിച്ചിട്ടില്ലെന്നും ജോലി ചെയ്ത പണം തന്നെ കിട്ടാൻ ഉണ്ടായിരുന്നത് അസുഖമാണെന്ന് അറിഞ്ഞപ്പോൾ അക്കൗണ്ടിലേക്ക് വന്നു. അതിനാൽ ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് താരം പറഞ്ഞത്. വ്യക്തിപരമായി തന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ട് എന്നും അതിനാൽ ഇങ്ങനെ സഹായം ചോദിക്കേണ്ടി വരില്ല എന്നും താരം കൂട്ടിച്ചേർത്തു. തന്നോടുള്ള സ്നേഹം കൊണ്ടായിരിക്കും ആളുകൾ പൈസ ഇടുന്നത് എന്ന് അറിയാം എന്നാൽ ഇപ്പോൾ തനിക്ക് ജോലി ചെയ്ത് പണം ലഭിക്കുന്നുണ്ട് എന്നും നിലവിൽ മൂന്ന് സിനിമകൾ ചെയ്തു കൊണ്ടിരിക്കുകയാണ് അതിന്റെ പണവും കിട്ടാനുണ്ട് എന്നും താരം വെളിപ്പെടുത്തി.
പിരിവിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിനാൽ ദയവുചെയ്ത് തന്നെ തെറ്റിദ്ധരിക്കരുത് എന്നും താരം പറയുന്നു. തന്റെ ഭർത്താവിനെ നോക്കേണ്ടത് തന്റെയും മക്കളുടെയും കടമയാണ് എന്നും ഇതുവരെ ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും തന്നെ സഹായിച്ചവർക്ക് തിരികെ പണം അയച്ചുകൊടുത്തിട്ടുണ്ട് എന്നും ചിലരുടെ അഡ്രസ് ലഭിക്കാത്തതിനാൽ അവർ തന്നെ വിളിച്ച് ആ പൈസ തിരിച്ചു വാങ്ങിക്കണം എന്നും താരം പറഞ്ഞു. 500 രൂപ തനിക്ക് തരുന്ന ഒരാളുടെ വരുമാനം എന്താണെന്ന് ഊഹിക്കാൻ കഴിയും. ഈ കാലഘട്ടത്തിൽ എല്ലാവരും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അതിനാൽ ഇനി ആരും പണം അയക്കരുതെന്നും ദയവായി സഹകരിക്കണമെന്നും താരം കൂട്ടിച്ചേർത്തു.