Movlog

Kerala

പൂർണ ഗർഭിണി ആയിട്ടും ഐ. സി. യു വിൽ ജോലിക്ക് വന്ന ഒരു സ്റ്റാഫിനോട് ഞാൻ ലീവ് എടുത്തൂടെ എന്ന് ചോദിച്ചു – ഉത്തരം കേട്ട് മറുപടി പോലും നല്കാൻ സാധിച്ചില്ല ! ഡോക്ടറുടെ കുറിപ്പ്

ഒരു ഡോക്ടർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഭൂമിയിലെ മാലാഖമാർ എന്നാണ് നഴ്സുമാരെ വിശേഷിപ്പിക്കുന്നത്. സ്വന്തം ജീവൻ പണയം വെച്ചും മുന്നിൽ വരുന്ന രോഗികളെ പരിചരിക്കുകയും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിസ്വാർത്ഥമായി പ്രയത്നിക്കുകയും ചെയ്യുന്നവരാണ് നേഴ്സുമാർ. നിപ്പ, കൊറോണ തുടങ്ങിയ മഹാമാരിയുടെ കാലത്തും സ്വന്തം ജീവന് അപകടം വരും എന്ന് അറിഞ്ഞുകൊണ്ട് നാടിനെ സംരക്ഷിക്കാൻ ആയി മുൻനിരയിലുണ്ടായിരുന്ന കാവലാളുകളാണ് നഴ്സുമാർ. എന്നാൽ പലപ്പോഴും അവർ നൽകുന്ന സേവനങ്ങളുടെ അംഗീകാരം ഒന്നും അവർക്ക് ലഭിക്കാറില്ല. കഷ്ടപ്പാടുകൾക്ക് ഇടയിലും അർഹിക്കുന്ന ശമ്പളം പോലും നഴ്സുമാർക്ക് ലഭിക്കുന്നില്ല. ഡോക്ടർ സൗമ്യ സരിൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിൽ മാലാഖമാരെ കുറിച്ച് തുറന്നു പറയുകയാണ് ഡോക്ടർ സൗമ്യ.

കഴിഞ്ഞ ഫെബ്രുവരി 12 വരെ പാലക്കാട് നെമ്മാറയിലെ അവൈറ്റിസ് ആശുപത്രിയിൽ ആയിരുന്നു സൗമ്യ വർക്ക് ചെയ്തിരുന്നത്. ചെയ്യുന്ന തൊഴിൽ ആസ്വദിച്ച് മൂന്ന് വർഷങ്ങൾ ആണ് സൗമ്യ അവിടെ പ്രവർത്തിച്ചത്. ഒരുപാട് സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും നൽകിയ ആ നാടിനോടും സൗമ്യയ്ക്ക് ഒരുപാട് സ്നേഹം ആയിരുന്നു. സൗമ്യയ്ക്ക് ഈ കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഏറ്റവും പ്രിയപ്പെട്ടതാവാൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് തന്റെ നഴ്‌സ് സുഹൃത്തുക്കൾ ആണെന്ന് സൗമ്യ പറയുന്നു. നഴ്സുമാരെക്കുറിച്ച് ഓർക്കാൻ പ്രത്യേക ഒരു ദിവസത്തിന്റെ ആവശ്യമില്ല എന്നും സൗമ്യ കൂട്ടിച്ചേർത്തു. മനസ്സൊന്നു വേദനിക്കുമ്പോൾ, സാരമില്ല മാഡം ഒക്കെ ശരിയാവും എന്ന് പറയാനും ഒരു നല്ല ഫോട്ടോ ഇടുമ്പോൾ, ഇതിന് ആ കമ്മൽ ആയിരുന്നു കുറെ കൂടി ചേർച്ച എന്ന് പറഞ്ഞു തന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും എന്നും കൂടെ ഉണ്ടായവർ ആയിരുന്നു സൗമ്യക്കൊപ്പം പ്രവർത്തിച്ചിരുന്ന നഴ്‌സ് സുഹൃത്തുക്കൾ.

ഒരു വാക്കു കൊണ്ടു പോലും സൗമ്യ അവരെ അപമാനിക്കുകയോ കീഴ് ജോലിക്കാരായി കാണുകയോ ചെയ്തിട്ടില്ല. അതിനുകാരണം അവരോടുള്ള അടങ്ങാത്ത ബഹുമാനം തന്നെയാണ്. നഴ്സുമാർ ഇല്ലെങ്കിൽ ഡോക്ടർമാർ ഇല്ല എന്ന് കൃത്യമായുള്ള ബോധ്യമുള്ളതു കൊണ്ടാണത്. എന്നാൽ നഴ്സുമാർക്ക് അർഹിക്കുന്ന അംഗീകാരവും സാമ്പത്തിക ഭദ്രതയും ലഭിക്കുന്നില്ല എന്ന വേദനിപ്പിക്കുന്ന സത്യവും സൗമ്യ വെളിപ്പെടുത്തുന്നു. നവജാതശിശുക്കളുടെ ഐസിയുവിൽ പ്രവർത്തിക്കുന്നതിനാൽ ഒരു കുഞ്ഞു ഡിസ്ചാർജ് പോകുന്നത് വരെയുള്ള ഓരോ നഴ്സുമാരുടെ മാനസികസംഘർഷങ്ങൾ സൗമ്യ ഒരുപാട് കണ്ടിട്ടുണ്ട്. ഉറക്കമില്ലാതെ കണ്ണിലെണ്ണയൊഴിച്ച് ആണ് അവർ ഓരോ കുഞ്ഞുങ്ങളെയും പരിചരിക്കുന്നത്. ഓരോ അമ്മമാരെയും അവർ ആശ്വസിപ്പിക്കുന്നു. പലരും പറയുന്ന ചീത്ത വാക്കുകൾ കേട്ട് മിണ്ടാതെയിരുന്നു കരയുന്നു.

ഒരിക്കൽ പൂർണ്ണഗർഭിണിയായ ഒരു നഴ്‌സ് ഐസിയുവിലേക്ക് വന്നപ്പോൾ, ലീവ് എടുത്തുകൂടെ എന്ന് സൗമ്യ ചോദിച്ചു. എന്നാൽ വീടുപണിക്ക് ലോൺ എടുക്കുന്നതിന്റെ അടവ് ഉള്ളതിനാൽ അവർക്ക് ജോലിക്ക് വന്നേ മതിയാവൂ. അവർക്ക് ഒരു മറുപടി നൽകാൻ സൗമ്യയ്ക്ക് സാധിച്ചില്ല . ഒരു ദിവസത്തെ മാലാഖ വിളി അല്ല അവർക്ക് ആവശ്യം എന്ന് സൗമ്യ ഡോക്ടർമാരോടും സമൂഹത്തോടും സർക്കാരിനോടും വിളിച്ചുപറയുന്നു. നേഴ്സുമാരെ ബഹുമാനിക്കാതെ കേസ് ഷീറ്റുകൾ അവരുടെ മുഖത്തേക്ക് വലിച്ചെറിയുന്ന ഒരുപാട് ഡോക്ടർമാർ ഉണ്ട്. അപമര്യാദയായി അവരോട് പെരുമാറുന്ന ഒരുപാട് ആളുകളുമുണ്ട്. അവരുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന സർക്കാരിനെയും കണ്ടിട്ടുണ്ട്. എന്നാൽ അവർ ഇതെല്ലാം സഹിക്കേണ്ടവരല്ല എന്ന് സൗമ്യ ശക്തമായും വ്യക്തമായും പറയുന്നു. തലയുയർത്തി ജീവിക്കാൻ അവർക്ക് അവകാശം ഉണ്ടെന്നും അതിന് അനുവദിക്കണമെന്നും സൗമ്യ തന്റെ കുറിപ്പിലൂടെ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top