ബിഗ് ബോസ് മലയാളം സീസൺ 3 ലെ വാശിയേറിയ മത്സരാർത്ഥി ആണ് ഡിമ്പൽ ബാൽ. കാൻസർ സർവൈവറും സൈക്കോളജിസ്റ്റുമായ ഡിമ്പൽ മോഡലിംഗിലും സജീവമാണ്. തന്നെ പോലെ രോഗത്തെ അതിജീവിച്ച ഒരുപാട് പേർക്ക് പ്രചോദനമേകാൻ ആണ് ഡിമ്പൽ ബിഗ് ബോസ് പോലുള്ള വലിയൊരു ഗെയിം ഷോയിൽ എത്തിയിരിക്കുന്നത്. ആരുടെയും സിംപതി അല്ല മറിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാർത്ഥി ആയി മാറിയിരിക്കുകയാണ് ഡിമ്പൽ. ബിഗ് ബോസ് ഹൗസിലെ ഡിമ്പലിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു മജിസിയ ബാനു. മജിസിയയെ ആത്മാർഥമായി കെയർ ചെയ്യുന്ന ഡിമ്പലിനെ പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്.
ബിഗ് ബോസ് ഹൗസിൽ നൂറു ദിവസം തികയ്ക്കാൻ മാത്രം കഴിവുള്ള ഒരു മത്സരാർത്ഥി ആയിരുന്നിട്ട് പോലും പകുതി വഴിക്ക് ബിഗ് ബോസ് ഹൗസിൽ നിന്നും മജിസിയയ്ക്ക് പോകേണ്ടി വന്നു. മജിസിയയ്ക്ക് ശേഷം ഡിമ്പലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു മണിക്കുട്ടൻ. ഇവരുടെ സൗഹൃദം ആരാധകരും ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചില വ്യക്തിപരമായ കാരണത്താൽ മണിക്കുട്ടനും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. മണിക്കുട്ടൻ പോയതറിഞ്ഞ് നിയന്ത്രണം വിട്ടു ഡിമ്പൽ കരയുന്നത് പ്രേക്ഷകരും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ മറ്റൊരു ദുഃഖ വാർത്തയാണ് പുറത്തേക്ക് വരുന്നത്. കുട്ടിക്കാലം മുതൽക്കേ ഡിമ്പലിന് താങ്ങായി പൂർണ പിന്തുണയേകിയ ഡിമ്പലിന്റെ അച്ഛൻ മരണപ്പെട്ടു.
ഇതിനു പിന്നാലെ ഡിമ്പൽ ഷോ നിർത്തി പുറത്തേക്ക് വന്നു എന്ന വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു. എന്നാൽ കാര്യങ്ങൾ വ്യക്തമാക്കി ഡിമ്പലിന്റെ ഉറ്റ സുഹൃത്ത് മജിസിയ മുന്നോട്ട് വന്നിരുന്നു. ഡിമ്പൽ ഇത് വരെ അച്ഛന്റെ മരണവാർത്ത അറിഞ്ഞിട്ടില്ല എന്നും ഡിമ്പലിന്റെ സഹോദരി തിങ്കളും അമ്മയും ഡൽഹിയിൽ എത്തിയിട്ടില്ല എന്നും മജിസിയ പറയുന്നു. ഡൽഹിയിലെത്തി അവിടത്തെ അവസ്ഥ നോക്കി മാത്രമേ ഡിമ്പലിനെ അറിയിക്കാനോ തിരിച്ചു കൊണ്ട് വരുന്നതിനെ കുറിച്ചോ ചിന്തിക്കുകയുള്ളൂ എന്നും മജിസിയ കൂട്ടിച്ചേർത്തു. ഡിമ്പലിന്റെ ആരാധകരുടെ ചോദ്യങ്ങൾ ഒരുപാട് വന്നതോടെ ആണ് മജിസിയ പ്രതികരണവുമായി രംഗത്തെത്തിയത്.