ബിഗ് ബോസ് താരം ഡിമ്പലിന്റെ പിതാവ് സത്യവീർ സിംഗ് ബാൽ അന്തരിച്ചു. ബിഗ് ബോസ് മലയാളം സീസൺ 3ലെ ഏറ്റവും ശക്തയായ ഒരു മത്സരാർത്ഥിയാണ് ഡിമ്പൽ ബാൽ. പന്ത്രണ്ടാം വയസ്സിൽ ക്യാൻസർ എന്ന മഹാ രോഗത്തിനെ അതിജീവിച്ച് തന്റെ ജീവിതത്തിൽ മുന്നോട്ടുവന്ന ഡിമ്പൽ മോഡലിങ്ങിലും സജീവമാണ്. ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടങ്ങളിൽ പൂർണ പിന്തുണ നൽകിയത് തന്റെ കുടുംബമാണ് എന്ന് ഡിമ്പൽ ബിഗ് ബോസ് ഹൗസിൽ പറഞ്ഞിട്ടുണ്ട്. കുടുംബത്തെക്കുറിച്ച് വാചാലയാകാറുണ്ട് താരം. ഷോയിൽ ഒരുപാട് തവണ അച്ഛനെ കുറിച്ച് മനസ്സ് തുറന്നിട്ടുണ്ട് ഡിമ്പൽ.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിമ്പലിന്റെ അച്ഛൻ സത്യവീർ. ഡിമ്പലിന്റെ അമ്മ കട്ടപ്പന സ്വദേശിയും. ഈസ്റ്റർ ദിനത്തിൽ പിതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം ഒരു സർപ്രൈസ് ആയി ഡിമ്പലിന് ബിഗ് ബോസ് കാണിച്ചിരുന്നു. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഡിമ്പൽ ബിഗ്ബോസിൽ നിന്നും പുറത്തേക്കു പോകാനുള്ള സാധ്യതകളേറെയാണ്. ഡിമ്പലിന് താങ്ങാവുന്നതിനും അപ്പുറം വേദനയായിരിക്കും അച്ഛന്റെ മരണമെന്നും താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു.
തന്റെ ശാരീരിക പരിമിതികളെ ഒന്നും വകവയ്ക്കാതെ മികച്ച പ്രകടനമാണ് ഡിമ്പൽ ബിഗ് ബോസ് ഹൗസിൽ കാഴ്ചവയ്ക്കുന്നത്. ക്യാൻസർ സർവൈവറും സൈക്കോളജിസ്റ്റായ ഡിമ്പലിന്റെ സഹോദരിയാണ് മോഡലായ തിങ്കൾ ബാൽ. ബിഗ് ബോസിന് സമാനമായ മലയാളി ഹൗസിൽ പങ്കെടുത്തിട്ടുണ്ട് തിങ്കൾ ബാൽ. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്. അച്ഛന്റെ വിയോഗം ഇതുവരെ ഡിമ്പൽ അറിഞ്ഞിട്ടില്ല. ഈ വാർത്തയോട് ഡിമ്പൽ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയിലാണ് പ്രേക്ഷകർ.