മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ മത്സരാർത്ഥികൾ എല്ലാവരും ഒരു വീട്ടിൽ തന്നെ കഴിഞ്ഞു മത്സരിക്കുന്നതാണ് ബിഗ് ബോസിനെ മറ്റു ഷോകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മത്സരാർത്ഥികൾക്ക് ഇടയിലുള്ള സൗഹൃദവും പിണക്കങ്ങളും തർക്കങ്ങളും എല്ലാം ആണ് ഈ ഷോയുടെ സ്വീകാര്യത കൂട്ടുന്നത്. വ്യത്യസ്തവും രസകരവുമായ ടാസ്കുകളാണ് ബിഗ് ബോസ് ഹൗസിൽ നടത്തുന്നത്. 18 മത്സരാർഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ ഉള്ളത്. ഒന്നിനൊന്ന് മികച്ച മത്സരാർത്ഥികൾ തമ്മിലുള്ള വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ആവേശഭരിതമായ മുഹൂർത്തങ്ങളാണ് ഓരോ എപ്പിസോഡും സമ്മാനിക്കുന്നത്.
മനോഹരവും, മധുരമുള്ള വേദനകളുടെ പ്രണയകഥകൾ ആണ് കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് ഹൗസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഡെയിലി ടാസ്കിൽ ഓരോ മത്സരാർത്ഥികളും തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി. ഫിറോസ് ആയിരുന്നു ആദ്യം സംസാരിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു തന്റെ ആദ്യ പ്രണയം എന്ന് ഫിറോസ് പറഞ്ഞു. ഫിറോസിന്റെ ഭാര്യ സജ്നയും ബിഗ് ബോസ് ഹൗസിൽ ഫിറോസിനൊപ്പം ഉണ്ട്. ഭാര്യയോട് സോറി എന്ന് പറഞ്ഞായിരുന്നു ഫിറോസ് സംസാരിച്ചത്. എനിക്കറിയാത്ത പ്രണയമോ എന്ന് അത്ഭുതത്തോടെ ചോദിക്കുകയും ചെയ്തു സജ്ന.
പതിനെട്ടാം വയസ്സിലാണ് ഫിറോസിന് ഒരു ശക്തമായ പ്രണയമുണ്ടായത്. കലയോടുള്ള ഇഷ്ടം കാരണം അവസരങ്ങൾ തേടി അലഞ്ഞു നടക്കുന്ന സമയമായിരുന്നു അത്. ഒരു സിനിമയിൽ നായകനായി അവസരം ലഭിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തു. അപ്പോഴും ആ പ്രണയം വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു. വീട്ടുകാർക്കും ഇഷ്ടമുള്ള ബന്ധമായിരുന്നു അത്. സിനിമ ഇറങ്ങി അതിന്റെ പോസ്റ്റുകൾ എല്ലാം നാട്ടിൽ എങ്ങും പതിച്ചു. പക്ഷേ അതിൽ എ സർട്ടിഫൈഡ് മാർക്ക് എന്ന ലേബൽ ഉണ്ടായിരുന്നു. അതോടെ ആ പ്രണയം നഷ്ടമാവുകയായിരുന്നു.
ഈ സംഭവത്തോടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും നഷ്ടങ്ങളും ഫിറോസിന് നേരിടേണ്ടി വന്നു. നാട്ടുകാർ ഫിറോസിനെ കല്ലെറിഞ്ഞു. എന്നാൽ അതിനേക്കാൾ തന്നെ വേദനിപ്പിച്ചത് ജീവനേക്കാൾ ഏറെ പ്രണയിച്ചവൾ തന്നെ വിട്ടു പോയപ്പോൾ ആണ് എന്ന് പറഞ്ഞ് ഫിറോസ് പൊട്ടിക്കരഞ്ഞു. ഫിറോസിന്റെ ഭാര്യ സജ്ന ഫിറോസിനെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു. ബാക്കി പറയാനാകാതെ സോറി പറഞ്ഞ് ഫിറോസ് തന്റെ കഥ അവസാനിപ്പിച്ചു തിരിച്ചു പോയിരുന്നു.