” തുറുപ്പുഗുലാൻ”, ” രാജമാണിക്യം”, “പോക്കിരിരാജ”, “മാടമ്പി” തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും എല്ലാം കുട്ടിക്കാലം അവതരിപ്പിച്ച, മലയാളികളെ വിസ്മയിപ്പിച്ച നടനാണ് അശ്വിൻ മേനോൻ. ദിലീപ്, സുരേഷ് ഗോപി എന്നിവരുടെയും ചെറുപ്പകാലം അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയിരുന്നു അശ്വിൻ. എന്നാൽ പെട്ടെന്ന് അശ്വിൻ തിരശീലയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. സിനിമാ മേഖലയിൽ നിന്നും ഇടവേള എടുത്ത അശ്വിനെ കുറിച്ച് ഒരു വിവരവും ആരാധകർക്ക് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ് താരം.
ബാലതാരമായി അഭിനയിക്കുമ്പോൾ താരങ്ങളെ നേരിട്ട് കാണാൻ സാധിക്കില്ല എന്നൊരു പ്രശ്നം ഉണ്ടായിരുന്നു എന്നും പക്ഷേ മമ്മൂക്കയ്ക്ക് നല്ല ഓർമശക്തി ഉള്ളതുകൊണ്ട് എവിടെവച്ച് കണ്ടാലും നീ അങ്ങ് വളർന്നു പോയല്ലോ എന്ന് പറയാറുണ്ടെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. കുട്ടിക്കാലത്ത് പാട്ട് പഠിച്ചിരുന്നു, യൂത്ത് ഫെസ്റ്റിവലും മറ്റും പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നതായും അശ്വിൻ മനസ്സുതുറന്നു. അങ്ങനെയൊരു സംഗീത ആൽബം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ അശ്വിന് നല്ല സ്ക്രീൻ പ്രസൻസ് ഉണ്ടെന്ന് പറഞ്ഞ് അഭിനയിക്കാൻ അവസരങ്ങൾ നൽകാമെന്ന് അറിയിച്ചത്. അങ്ങനെ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ “വലയം ” എന്ന സീരിയലിൽ അശ്വിൻ ആദ്യമായി അഭിനയിച്ചത്.
ഇതിനുശേഷം അശ്വിനെ തേടി നിരവധി സിനിമ അവസരങ്ങൾ വരാൻ തുടങ്ങി. ജയരാജ് സംവിധാനം ചെയ്ത “റെയിൻ റെയിൻ കം എഗൈൻ “എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അശ്വിൻ കടക്കുന്നത്. പിന്നീട് മമ്മൂക്കയുടെ “തസ്കരവീരൻ”, “രാജമാണിക്യം” എന്നീ ചിത്രങ്ങൾ അശ്വിനെ തേടിയെത്തി. നാല് ചിത്രങ്ങളിലാണ് മമ്മൂക്കയുടെ ബാല്യകാലം താരം അവതരിപ്പിച്ചത്. “മാസ്റ്റർ പീസ്” എന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്ക്രീൻ പങ്കുവയ്ക്കാൻ കിട്ടിയ അനുഭവത്തെക്കുറിച്ച് താരം പങ്കുവയ്ക്കുന്നു. അശ്വിൻ ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം “മാസ്റ്റർപീസ്” ആയിരുന്നു. ദിവസവും നൂറുകണക്കിന് ആളുകളെ കാണുന്നു എങ്കിലും എല്ലാവരെയും ഓർത്തിരിക്കാൻ ഉള്ള പ്രത്യേക കഴിവ് മമ്മൂട്ടിക്ക് ഉണ്ട്. എപ്പോഴെങ്കിലും എവിടെ വച്ച് കണ്ടാലും സംസാരിക്കാറുണ്ട് എന്നും നീ അങ്ങ് വളർന്നു പോയല്ലോ എന്നൊക്കെ കുശലം ചോദിക്കാറുണ്ട് എന്നും അശ്വിൻ പറയുന്നു.
മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് നല്ല സിനിമകൾ ഉണ്ടാവുന്നു എന്നും മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ പോലും അത് അംഗീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എന്നും താരം പറയുന്നു. അഭിനയിച്ച സിനിമകളിലെ സംവിധായകരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നു എന്നും അശ്വിൻ കൂട്ടിച്ചേർത്തു. അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറായി പ്രവർത്തിക്കുകയാണ് അശ്വിൻ ഇപ്പോൾ. ആറുമാസത്തിലൊരിക്കൽ നാട്ടിൽ വരാൻ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു. അഭിനയം ആണോ പാട്ട് ആണോ ഇഷ്ടം എന്ന് ചോദിച്ചാൽ കൂടുതൽ താൽപര്യം പാട്ടിനോട് ആണ് എന്നായിരിക്കും അശ്വിന്റെ മറുപടി. ഭാവിയിൽ നായകനായി മലയാളസിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താനുള്ള സാധ്യത അശ്വിൻ തള്ളിക്കളയുന്നില്ല.