Movlog

India

ഒരൊറ്റ രാത്രി കഴിഞ്ഞപ്പോൾ കോടിശ്വരന്മാരായത് 500 ഇന്ത്യക്കാർ ! നിമിഷങ്ങൾ കൊണ്ട് കോടിപതികൾ ആയ ഐ ടി കമ്പനിയുടെ കഥ !

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ ഫ്രഷ് വർക്സിൽ പ്രവർത്തിക്കുന്ന 500ലേറെ ഇന്ത്യൻ ജീവനക്കാരാണ് കോടീശ്വരന്മാരായത്. ബില്യൺ ഡോളർ ഐപിഒയുമായി വന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഉടനെ ഓഹരിവില 32 ശതമാനമാണ് കുതിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഐടി കമ്പനിയുടെ ഓഹരികൾ 47.55 ഡോളർ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. വിപണിമൂല്യം ആകട്ടെ 13 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. ഇതോടെ കമ്പനിയുടെ അഞ്ഞൂറിലേറെ ഇന്ത്യൻ ജീവനക്കാരാണ് കോടീശ്വരന്മാരായത്. ജീവനക്കാരിൽ എഴുപതോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. ഫ്രഷ് വർക്സിന്റെ സിഇഒയും സ്ഥാപകനുമായ ഗിരീഷ് മാതൃഭൂതം നാസ്ദാക്കിലെ അരങ്ങേറ്റത്തിനെ സ്വപ്നസാക്ഷാത്കാരം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ഗിരീഷ് തന്റെ സന്തോഷം പങ്കുവെച്ചത്. ട്രിച്ചിയിലെ ചെറിയ സംരംഭത്തിൽ നിന്നും നാസ്തദാക്കിൽ എത്തി നിൽക്കുമ്പോൾ കമ്പനിയിലെ ജീവനക്കാരോടും, ഉപഭോക്താക്കളോടും, നിക്ഷേപകരോടും നന്ദി അറിയിക്കുകയാണ് ഗിരീഷ്. തമിഴ്നാട്ടിലെ ട്രിച്ചിയിൽ ചെറിയ രീതിയിൽ ആരംഭിച്ച സ്ഥാപനമായിരുന്നു ഫ്രഷ് വർക്സ്. 11 വർഷങ്ങൾ കൊണ്ടാണ് ഈ അപൂർവ നേട്ടം കമ്പനി സ്വന്തമാക്കിയത്. 2010ൽ ആരംഭിച്ച സ്ഥാപനം സിലിക്കൺ വാലിയിലേക്ക് മാറിയെങ്കിലും ചെന്നൈയിലെ ഓഫീസ് സജീവമായി പ്രവർത്തിച്ചിരുന്നു.

ആഗോളതലത്തിൽ 4300 ജീവനക്കാർ പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ഫ്രഷ് വർക്സ്. ജീവനക്കാരുടെ 76 ശതമാനം പേരും കമ്പനിയുടെ ഓഹരി സ്വന്തമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സെക്വേയ ക്യാപിറ്റൽ, ക്യാപിറ്റൽ ജി എന്നീ സ്ഥാപനങ്ങളിൽ നിന്ന് 150 മില്ല്യൺ ഡോളർ നിക്ഷേപമാണ് ഈ ഐ ടി കമ്പനി സമാഹരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനം യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത് എന്ന നേട്ടവും ഫ്രഷ് വർക്സ് സ്വന്തമാക്കിയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top