Movlog

Faith

അവർ ഇനി അനാഥരല്ല ! അഞ്ച് ഇന്ത്യൻ പെൺകുട്ടികളെ ദത്തെടുത്ത അമേരിക്കൻ വനിതയുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥ.

തിരക്കുകളും സമ്മർദ്ദങ്ങളും നേട്ടങ്ങളും മാത്രം ലക്ഷ്യം വെച്ച് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് മനുഷ്യർ ഇന്ന്. ചുറ്റുമുള്ള സമൂഹത്തിനെ ഒന്ന് നോക്കി കാണുവാനോ മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാനോ അതിനായി ഒരു സഹായഹസ്തം നീട്ടുവാനോ ഉള്ള മനസ്സും സമയവും ഇന്ന് പലർക്കും ഇല്ല. മാതാപിതാക്കളുടെ സംരക്ഷണം ഇല്ലാതെ, ഒന്നു വിശപ്പടക്കാൻ പോലുമാവാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ആണ് ഇന്ന് തെരുവുകളിൽ കഴിയുന്നത്. ഒരു അപകടം സംഭവിച്ചാൽ പോലും തിരിഞ്ഞു നോക്കാതെ ക്യാമറ കണ്ണുകളിൽ പകർത്താൻ നോക്കുന്ന മനുഷ്യർക്കിടയിൽ വ്യത്യസ്തമായ ഒരു സംഭവം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ഇന്റർനാഷണൽ ഡേയ് ഇഫ് ഗേൾ ചൈൽഡിനോട് അനുബന്ധിച്ച് ആണ് ക്രിസ്റ്റെൻ വില്യംസിന്റെ വാർത്തകൾ പുറം ലോകം അറിയുന്നത്. അഞ്ച് ഇന്ത്യൻ പെൺകുട്ടികളെ ദത്തെടുത്ത് നിസ്വാർത്ഥമായ സ്നേഹത്തിന്റെ മറുവാക്ക് ആയിരിക്കുകയാണ് അമേരിക്കൻ വംശജയായ ക്രിസ്റ്റെൻ വില്യംസ്. ഹ്യൂമൻസ് ഓഫ് ബോംബെയിൽ ക്രിസ്റ്റെൻ വില്യംസ് നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു അമ്മയാകണം എന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. മാതൃത്വം അനുഭവിക്കാൻ എല്ലാവർക്കും ഭാഗ്യം കിട്ടിയെന്ന് വരില്ല.

39 വയസ് ആയിട്ടും തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താൻ കഴിയാഞ്ഞ ക്രിസ്റ്റെൻ ഡേറ്റിംഗ് ജീവിതം നിർത്തുവാൻ തീരുമാനിക്കുകയായിരുന്നു. സിംഗിൾ ജീവിതവും ജോലിയും ഒരുപാട് ആസ്വദിച്ചിരുന്ന ക്രിസ്റ്റെന് ജീവിതത്തിൽ ആകെ മിസ് ചെയ്തിരുന്നത് മാതൃത്വം ആയിരുന്നു. അങ്ങനെ 39 ആം വയസ്സിലായിരുന്നു അമ്മയാകണം എന്ന ആഗ്രഹം ക്രിസ്റ്റെൻ വില്യംസിന് ഉണ്ടാവുന്നത്. അമ്മയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പങ്കാളി ഇല്ലാത്തതിനാൽ ഒരുപാട് പ്രതിസന്ധികൾ ക്രിസ്റ്റെൻ നേരിടേണ്ടിവന്നു. അങ്ങനെ ദത്തെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

സിംഗിൾ മദർ ആകുന്നതിന്റെ പ്രതിസന്ധികളെ കുറിച്ച് ഒരുപാട് ചിന്തിച്ചുവെങ്കിലും ഒരു കുട്ടിക്ക് അനാഥാലയത്തിൽ നിന്നും ഉള്ളതിനേക്കാൾ സന്തോഷം വീട്ടിൽ കിട്ടും എന്ന തിരിച്ചറിവ് തന്റെ ആഗ്രഹവുമായി മുന്നോട്ട് പോകുവാൻ ക്രിസ്റ്റെൻ വില്യംസിനെ പ്രേരിപ്പിച്ചു. എന്നാൽ സിംഗിൾ ആയുള്ള വനിതകൾക്ക് അമേരിക്കയിൽ ദത്തെടുക്കാൻ ഉള്ള പരിമിതികൾ കാരണം അന്താരാഷ്ട്ര തലത്തിൽ ഇതിനു വേണ്ട നീക്കങ്ങൻ നടത്തി ക്രിസ്റ്റെൻ. അമേരിക്കയക്ക് പുറത്തുള്ള രാജ്യങ്ങളിലേക്കും തന്റെ ആഗ്രഹം സാക്ഷാത്കരിക്കുവാൻ ആയി ക്രിസ്റ്റെൻ പരിശ്രമിച്ചു .

അങ്ങനെ ഒരിക്കൽ നേപ്പാളിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആയി 28000 ഡോളർ രൂപ നൽകിയെങ്കിലും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഇത് അറിഞ്ഞു തടയുകയായിരുന്നു. അന്ന് ക്രിസ്റ്റെൻ വില്യംസിന്റെ ഹൃദയം തകർന്നു പോയി. പണം പോയത് കാരണം അല്ല, ഒരു കുഞ്ഞിനെ കിട്ടും എന്ന് കരുതി അത് നടക്കാതെ വന്നപ്പോൾ ഉള്ള സങ്കടം ആയിരുന്നു അത്. പിന്നീടങ്ങോട്ട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. അങ്ങനെയാണ് ഇന്ത്യയിൽ നിന്നും ക്രിസ്ത്യൻ വില്യംസിനെ തേടി ഒരു ഫോൺ കോൾ വന്നെത്തുന്നത്. പ്രത്യേക പരിഗണന ഉള്ള കുട്ടിയെ മാത്രമേ ദത്തെടുക്കാൻ അനുവദിക്കുകയുള്ളൂ എന്നായിരുന്നു ഉപാധി.

അമ്മയാകണം എന്ന ആഗ്രഹത്തിന് മുന്നിൽ അതൊന്നും ഒരു തടസ്സമായിരുന്നില്ല. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ അമ്മയാകാൻ പോകുന്നുവെന്ന് സ്വന്തം അമ്മയെ അറിയിച്ചു ക്രിസ്റ്റെൻ. രണ്ടു ആഴ്ചകൾക്ക് ശേഷം ആയിരുന്നു മുന്നിയുടെ പ്രൊഫൈൽ ക്രിസ്റ്റെൻ കാണുന്നത്.മുമ്പ് വളർത്തിയവരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടിയായിരുന്നു മുന്നി. അതിന്റെതായ പ്രശ്നങ്ങൾ അവളുടെ സ്വഭാവത്തിലും ഉണ്ടായിരുന്നു. മുഖത്ത് മുറിപ്പാടുകളും ഉണ്ടായിരുന്നു. എന്നാൽ അവളുടെ ഹൃദയസ്പർശിയായ ചിരി കണ്ടപ്പോൾ മുന്നി തന്നെയാണ് തന്റെ മകൾ എന്ന് ക്രിസ്റ്റെൻ തീരുമാനിക്കുകയായിരുന്നു.

ഒരു ഇന്ത്യൻ പെൺകുട്ടിയെ ദത്തെടുക്കുന്ന ക്രിസ്റ്റെൻ വില്യംസിന്റെ തീരുമാനം അച്ഛൻ എതിർത്തുവെങ്കിലും ദത്തെടുക്കുമ്പോൾ ഏജൻസിക്ക് നൽകാനുള്ള പണം തികയാതെ വന്നപ്പോൾ ഒരു ചെക്ക് നൽകി മകളെ സഹായിക്കാൻ ആ അച്ഛൻ ഉണ്ടായിരുന്നു. ഒപ്പം ഇത് മുന്നി ഗ്രെയ്ക്ക് എന്ന കുറിപ്പും. ഗ്രെ എന്നത് ക്രിസ്റ്റെന്റെ കുടുംബപ്പേര് ആയിരുന്നു. പിന്നീട് ഒരുപാട് നടപടിക്രമങ്ങൾക്ക് ശേഷം 2013 ൽ വാലന്റൈൻസ് ദിനത്തിൽ ക്രിസ്റ്റെൻ വില്യംസിന്റെ ജീവിതത്തിലേക്ക് മുന്നി എന്ന മകൾ കടന്നു വന്നു. അന്ന് മുന്നിയെ വാരിപ്പുണർന്നപ്പോൾ ആയിരുന്നു മറ്റൊരാളെ ഇത്രയേറെ തനിക്ക് സ്നേഹിക്കാൻ കഴിയുമെന്ന് ക്രിസ്റ്റെൻ തിരിച്ചറിയുന്നത്.

മുന്നി വളർന്നപ്പോൾ അവൾ ഒറ്റ കുട്ടി ആയി വളരരുത് എന്ന് ക്രിസ്റ്റെൻ ആഗ്രഹിച്ചു. അങ്ങനെ രണ്ടാമതും ദത്തെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴായിരുന്നു ഏജൻസിയിൽ നിന്ന് വിളി വരുന്നത്. 22 മാസമുള്ള ഒരു പെൺകുഞ്ഞുണ്ടെന്നും എന്നാൽ കുഞ്ഞിന് മൂക്കില്ല എന്നായിരുന്നു അവർ പറഞ്ഞത്. മാതാപിതാക്കളായി ഉപേക്ഷപ്പെട്ട് കണ്ടു കിട്ടുന്നതിന് മുമ്പ് നായ്ക്കൾ ആക്രമിച്ച 22 മാസം പ്രായമുള്ള ആ കുഞ്ഞായിരുന്നു രൂപ. അങ്ങനെ ആ വിളി വന്നു ഒരു വർഷത്തിന് ശേഷം രൂപയും ക്രിസ്റ്റെന്റെ കുടുംബത്തിന്റെ ഭാഗമായി.

ദിവസങ്ങൾ കടന്നു പോയപ്പോൾ മുന്നിയും രൂപയും തമ്മിലുള്ള സ്നേഹബന്ധം ഒരിക്കലും വേർപിരിക്കാൻ ആവാത്ത വിധം അടുത്തിരുന്നു. തന്റെ മക്കളെ കണ്ടപ്പോൾ ആയിരുന്നു ഇനിയും ചില അനാഥ പെൺകുട്ടികളെ മക്കൾ ആക്കുവാൻ കഴിയുമെങ്കിൽ തന്റെ ജീവിതം പൂർണം ആകുമെന്ന് ക്രിസ്റ്റെൻ തിരിച്ചറിയുന്നത്. അങ്ങനെ രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും മോഹിനിയും സൊണാലിയും ഇവരുടെ കുടുംബത്തിന്റെ ഭാഗമായി. ക്രിസ്റ്റെന്റെ കുടുംബം വളരാൻ തുടങ്ങി. അധ്യാപന ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് മക്കളുടെ ചിലവുകൾ മതിയാകാതെ വന്നപ്പോൾ റിയൽ എസ്റേറ്റിലേക്ക് ഇറങ്ങിയിരിക്കുകയാണ് ക്രിസ്റ്റെൻ.

2019 ൽ നാല് മക്കളുമായി വളരെ സന്തോഷകരമായ ജീവിതം നയിക്കുമ്പോൾ ആണ് ദൈവം തന്നോട് എന്തോ പറയുന്നതായി ക്രിസ്റ്റെന് തോന്നിയത്. ഡൗൺ സിൻഡ്രം ഉള്ള കുട്ടികളെ ക്രിസ്റ്റെൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെ ആണ്. അങ്ങനെ ആണ് സ്‌നിഗ്ധ ക്രിസ്റ്റെന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ജനുവരി 2020ൽ സ്‌നിഗ്‌ധയെ ദത്തെടുത്തെങ്കിലും കോവിഡ് മഹാമാരി കാരണം രണ്ടു മാസങ്ങൾക്ക് മുമ്പായിരുന്നു സ്‌നിഗ്ദയെ കൊണ്ട് വരാൻ സാധിച്ചത്. ഇപ്പോൾ ക്രിസ്റ്റെൻ വില്യംസിന്റെ കുടുംബം സമ്പൂർണമാണ്. തന്റെ പെണ്മക്കളുടെ സ്നേഹബന്ധം കാണുന്നത് ആണ് ക്രിസ്റ്റെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

ജീവിതത്തിൽ ഒരുപാട് ആളുകൾ വന്നു പോകുമെങ്കിലും സഹോദരിമാർ ജീവിതാവസാനം വരെ ഉണ്ടാവും എന്നാണ് തന്റെ മക്കളോട് ക്രിസ്റ്റെൻ പറയാറുള്ളത്. 39മത്തെ വയസിൽ ക്രിസ്റ്റെൻ കെട്ടിപ്പടുത്തുയർത്തിയ കുടുംബം 51 മത്തെ വയസിൽ സമ്പൂർണം ആയിരിക്കുകയാണ്. ഈ 12 വർഷങ്ങളെ പവിത്രമായിട്ടാണ് ക്രിസ്റ്റെൻ കാണുന്നത്. തന്റെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ എത്താൻ എടുത്ത സമയം ആയിരുന്നു ഈ 12 വർഷങ്ങൾ. ക്രിസ്റ്റെൻ വില്യംസിന്റെ ഹൃദയസ്പർശിയായ ജീവിത കഥ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിരവധി പേരാണ് ക്രിസ്റ്റെൻ വില്യംസ് എന്ന അമ്മയുടെ നിസ്വാർത്ഥമായ സ്നേഹത്തെയും സമർപ്പണത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top