Movlog

Faith

“ഈ സിനിമ കണ്ട് വിവാഹ ജീവിതത്തിൽ നിരാശയാനുഭവിക്കുന്ന പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്ന് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” സംവിധായകൻ.

നമ്മുടെ സമൂഹത്തിൽ പല കുടുംബങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഇടുങ്ങിയ വ്യവസ്ഥകൾക്കും, ആൺ അധികാരങ്ങൾക്കും, അതിനോടുള്ള സ്ത്രീകളുടെ പ്രതികരണവും പുരോഗമന വാദവും എല്ലാം നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. കുടുംബനാഥന്റെ കുറ്റങ്ങൾ പൊറുക്കുന്ന, എല്ലാം സഹിക്കുന്ന സഹനത്തിന്റെയും ത്യാഗത്തിന്റെയും മറുവാക്കായ സ്ത്രീകഥാപാത്രങ്ങളെ മാത്രമേ നമ്മൾ ഇതുവരെ കണ്ടിട്ടുള്ളൂ.

“രാമന്റെ ഏദൻതോട്ട”ത്തിലേക്ക് നടന്ന മാലിനിയാണ് മലയാളികൾ ഏറ്റവും അവസാനം കണ്ട, വ്യവസ്ഥിതികളിൽ നിന്നും ഇറങ്ങി നടന്ന ഒരു നായിക. എന്നാൽ അതിന് ഒരു പടി മുകളിലേക്ക് കടന്ന് അതിലേറെ ശക്തയായ ഒരു നായികയെ സമ്മാനിക്കുകയാണ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ “ലൂടെ സംവിധായകൻ ജിയോ ബേബി.

ഇന്നും പല വീടുകളിൽ നിലനിൽക്കുന്ന വ്യവസ്ഥിതികളെ പച്ചയായി തുറന്നുകാണിക്കുകയാണ് സംവിധായകൻ ഈ സിനിമയിലൂടെ. കാലങ്ങളായി ഇന്നും തുടർന്നു വരുന്ന പല കുടുംബ പ്രശ്നങ്ങളിലും സ്ത്രീകൾ ജീവിതം ത്യജിക്കുമ്പോൾ ജിയോ ബേബിയുടെ നായിക ഈ വ്യവസ്ഥിതികളുടെ മുഖത്ത് സധൈര്യം എച്ചിൽ വെള്ളമൊഴിച്ച് ഇറങ്ങി പോവുകയാണ് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു സിനിമയാണ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ”. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത് തന്നെയാണ് അതിന്റെ വിജയം.

വിവാഹജീവിതത്തിൽ അതീവ നിരാശ അനുഭവിക്കുന്ന ഒരു പത്തു സ്ത്രീകൾ എങ്കിലും ഈ സിനിമ കണ്ടു വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം എന്ന് സംവിധായകൻ ജിയോ ബേബി അഭിമുഖത്തിൽ പറയുന്നു. രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നത് മാത്രമാണ് യഥാർത്ഥത്തിൽ വിവാഹം കൊണ്ട് സംഭവിക്കുന്നത് എന്നും ജിയോ ബേബി പറയുന്നു. ഒരുപാട് സ്ത്രീകളാണ് ഇത് ഞങ്ങളുടെ മുൻകാല ജീവിതമാണ് എന്ന് സിനിമ കണ്ടിട്ട് തുറന്നുപറഞ്ഞത്.

താൻ വിവാഹിതനാണെന്നും എന്നാൽ വിവാഹം വേണോ എന്ന ചിന്തയിലാണ് താനിപ്പോൾ എന്നും സംവിധായകൻ പറയുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിക്കണം എന്ന് അല്ല അതിനു അർഥം എന്നും വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസർഗികം അല്ലാത്ത കാര്യമാണ് എന്നും അദ്ദേഹം തുറന്നു പറയുന്നു.

പണ്ടുകാലങ്ങളിൽ ആരോ ഉണ്ടാക്കിവെച്ച ഒരു സമ്പ്രദായം അതേപോലെ പാലിച്ചു വരികയാണ് ഇന്നും. അതിനെ മഹത്വവത്കരിച്ച് ഒരുപാട് സിനിമകളും ഉണ്ടായി. എന്നാൽ വിവാഹത്തിലൂടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ് എന്ന് സംവിധായകൻ പറയുന്നു. ഒരു പരിധി വരെ പുരുഷന്മാർക്കും ഒരുപാട് അളവിൽ സ്ത്രീകൾക്കും വിവാഹം സ്വാതന്ത്ര്യം നിഷേധിക്കുന്നു. എന്താണ് വിവാഹം? ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ നിന്നും കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടിൽ വന്ന് അവിടെയുള്ള അച്ഛനെയും അമ്മയെയും പരിചരിക്കുക.

ഇത്തരം വ്യവസ്ഥിതികളിൽ നിന്നും പെൺകുട്ടികൾ സ്വന്തം തീരുമാനമെടുത്ത് പിന്മാറേണ്ട സമയമായിരിക്കുന്നു. ഈ സിനിമ കണ്ട് ഒരു പത്ത് വിവാഹമോചനങ്ങൾ ഉണ്ടാവുകയാണെങ്കിൽ തനിക്ക് അത്രയും സന്തോഷം ഉണ്ടാകുമെന്നും സംവിധായകൻ പറയുന്നു. സിനിമയിൽ ചിത്രീകരിച്ച പല രംഗങ്ങളും തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചർച്ചചെയ്ത് ഉണ്ടാക്കിയതാണെന്ന് ജിയോ ബേബി പറയുന്നു. സിനിമയിൽ കാണിച്ചിരിക്കുന്ന വിരസമായ സെക്സ് സീൻ പോലും അങ്ങനെ പിറന്നതാണ് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അത്തരം സ്ത്രീകളെ ചികിത്സിച്ച ഡോക്ടർമാരോടും സംസാരിച്ചിരുന്നു. കുടുംബ ജീവിതം എന്നു പറഞ്ഞു പൊക്കി പിടിക്കുന്ന സമ്പ്രദായത്തിന്റെ പ്രശ്നമാണു ഇതെന്ന് ജിയോ വിലയിരുത്തുന്നു.

“കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്” എന്ന ചിത്രത്തിനുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ “. സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. ഫ്രാൻസിസ് ലൂയിസ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയ ചിത്രത്തിലെ ചീഫ് അസോസിയേറ്റ് ഡയറക്ടർ നിഥിൻ പണിക്കർ ആണ്. അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണുരാജ്, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് തിരക്കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും സംഭാഷണങ്ങളെല്ലാം സാഹചര്യം മനസ്സിലാക്കി കഥാപാത്രങ്ങൾ തന്നെ പറഞ്ഞതാണെന്നും സംവിധായകൻ ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിനുശേഷം നിമിഷ സജയൻ- സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന സിനിമയാണിത്. മറ്റു പല സിനിമകളെയും പോലെ കേവലം ചർച്ച ചെയ്ത് ഒതുങ്ങി പോകാതെ, ഇന്നും നിലനിൽക്കുന്ന പല സാമൂഹിക സാഹചര്യങ്ങളെ പൊളിച്ചുമാറ്റാൻ ഇത്തരം സിനിമകൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. സാമൂഹിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഇത്തരം സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടാകട്ടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top