Movlog

Faith

നിഥിനയുടെ മൃതശരീരം എടുക്കുന്നത് വരെ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ച് സ്ത്രീ നിന്നത് രണ്ടു മണിക്കൂർ…നൊമ്പരമായി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നിഥിന എന്ന പെൺകുട്ടി വേർപാട്. നിഥിനയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. നിഥിനയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് നിർത്താതെ കരയുന്ന അമ്മ ബിന്ദുവിന്റെ കൈകൾ ചേർത്ത് ഒരു സ്ത്രീ മണിക്കൂറുകളോളം നിൽക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരുപാട് ആളുകൾ വരികയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ആ അമ്മയുടെ കൈ വിടാതെ മണിക്കൂറുകളോളം ആ സ്ത്രീ അവിടെ നിന്നു. നിഥിനയുടെ നിശ്ചലമറ്റ ശരീരം ചിതയിലേക്ക് എടുക്കുമ്പോൾ അമ്മയെ താങ്ങിപ്പിടിച്ച് വീടിനുള്ളിലെ മുറിയിലേക്ക് കൊണ്ടു പോകുന്നത് വരെ ആ കൈകൾ പിടിവിട്ടിരുന്നില്ല. നിഥിനയുടെ അന്ത്യ യാത്രയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് അത് ഒരു ഡോക്ടർ ആയിരുന്നു എന്ന് അറിയുന്നത്. എന്നാൽ അവർക്ക് ഡോക്ടറുടെ പേര് അറിയില്ലായിരുന്നു.

പിന്നീട് ഒരു ബന്ധു വഴി ബിന്ദുവിനോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ് അമ്മയുടെ കൈ വിടാതെ പിടിച്ചിരുന്നത് എന്നറിഞ്ഞത്. കരൾ രോഗ ബാധിതയായ ബിന്ദുവിനെ വർഷങ്ങളോളം ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ ഡോക്ടർ ആണ് സുവാൻ സക്കറിയ. അമ്മയല്ലാതെ മറ്റാരും ആശ്രയമില്ലാത്ത നിഥിനയുടെ പഠന ചെലവിനായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന ബിന്ദുവും മകളും ഡോക്ടർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇവരുടെ വിവരങ്ങൾ എപ്പോഴും വിളിച്ച് അന്വേഷിക്കുമായിരുന്നു ഡോക്ടർ. ബിന്ദുവിന് അസുഖം വർദ്ധിക്കുമ്പോൾ കഴിക്കേണ്ട മരുന്നുകൾ ഫോണിൽ കൂടി പറഞ്ഞുകൊടുക്കുകയും ചെറിയ സഹായങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. നിഥിനയുമായി വളരെ അടുപ്പമുണ്ടായിരുന്നു ഡോക്ടർക്ക്. 12 30നാണ് ഡോക്ടർ അവിടെയെത്തിയത്. ആ സമയം തൊട്ട് മൃതശരീരം സംസ്കരിക്കാൻ ആയി 2.30ന് എടുക്കുന്നതു വരെ ബിന്ദുവിന്റെ കൈകൾ കൂട്ടിപ്പിടിച്ചു ഒരേ നിൽപ്പ് ആയിരുന്നു ആ ഡോക്ടർ.

സർക്കാർ ആശുപത്രികളിൽ ഉയർന്ന ശമ്പളവും വാങ്ങി കഴിയുന്ന ഒരു ഡോക്ടറുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു സമീപനം ആരും പ്രതീക്ഷിക്കില്ല. ചികിത്സയെ വെറും ബിസിനസ് ആയി കാണുന്ന ഇന്നത്തെ ഡോക്ടർമാർക്കിടയിൽ സുവാൻ സക്കറിയയെ പോലുള്ള ഡോക്ടർമാർ ഒരു പ്രചോദനവും പ്രതീക്ഷയുമാണ്. തിരിച്ചെത്തിയതും മാധ്യമപ്രവർത്തകൻ ഈ വാർത്ത സ്റ്റോറി ആക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വാർത്ത വൈറലായി. നിരവധിപേരാണ് ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പീയുഷ് എന്ന മാധ്യമപ്രവർത്തകന്റെ കുറിപ്പ് മറ്റുള്ളവരിലേക്കും വെളിച്ചം വീശുമെന്ന് നമുക്ക് പ്രത്യാശിക്കാം. ആതുര ശുശ്രൂഷ രംഗത്ത് സുവാൻ സക്കറിയയെ പോലുള്ള ഡോക്ടർമാർ ഇനിയും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top