Movlog

Kerala

ബിജെപിയെ വിമർശിക്കുന്നതിനായി ഹിന്ദു മതക്കാരെ അപമാനിക്കുന്നത് നിർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ്

സമൂഹമാധ്യമങ്ങളിലെ ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് ട്രോളുകൾ. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ചില ട്രോളുകൾ ഒരു വിഭാഗത്തെയോ വ്യക്തികളെയോ അപമാനിക്കുന്ന രീതിയിൽ ആകാറുണ്ട്. ഇത്തരം ട്രോളുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹ്യ വിഷയങ്ങളിൽ എപ്പോഴും തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയെ ട്രോൾ ചെയ്യുന്നതിനായി ഒരു മതവിഭാഗത്തിനെ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് സന്തോഷ് പണ്ഡിറ്റ് തന്റെ കുറിപ്പിൽ പങ്കുവെച്ചത്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടോടെയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇന്ന് കണ്ടുവരുന്ന ഒരു രീതിയാണ് ഭാരതീയ ജനത പാർട്ടിയെ വിമർശിക്കുന്ന ട്രോളുകളിലെ കഥാപാത്രങ്ങൾക്ക് ഒരു ചന്ദനക്കുറിയും ഗോപി കുറിയും തൊടുന്നത്. ഇതിനെതിരെ ആഞ്ഞടിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഹിന്ദു സംസ്കാരത്തെ മനപ്പൂർവ്വം അധിക്ഷേപിക്കുകയാണ് ഇത്തരം ട്രോളുകൾ എന്ന് സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി.

ഏതൊരു പാർട്ടിയെയും വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണ്. എന്നാൽ അതൊരിക്കലും ഒരു മതവിഭാഗത്തെ മുറിവേൽപ്പിച്ചു കൊണ്ടാവരുത്. തന്റെ ആശയം മറ്റു മതസ്ഥരായ ട്രോളന്മാർ വിനയപൂർവ്വം സ്വീകരിക്കണമെന്ന് താരം പറയുന്നു. അതോടൊപ്പം ഒരു കാര്യം കൂടി സന്തോഷ് പണ്ഡിറ്റ് ഓർമിപ്പിക്കുന്നു. ഹിന്ദു മതത്തിലെ മുഴുവനാളുകളും ബിജെപിക്കാർ അല്ല, അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് കേരളം ബിജെപി ഭരിക്കും ആയിരുന്നു. ഗോപി കുറിയും ചന്ദനക്കുറിയും തൊട്ടാൽ അല്ലെങ്കിൽ ഒന്ന് ക്ഷേത്രത്തിൽ പോയാൽ, അയാൾ ബിജെപിക്കാരൻ ആകുന്നില്ല. അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം ട്രോളുകളിൽ ചന്ദനക്കുറിയും ഒരു മതത്തിനെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്ന് സന്തോഷ് പണ്ഡിറ്റ് വിനീതമായി അപേക്ഷിക്കുന്നു.

ശബരിമല വിഷയത്തിൽ അയ്യപ്പസ്വാമിയുടെ ചിത്രം പങ്കുവെച്ചവരെ മുഴുവൻ സംഘികൾ ആക്കി ചാണകം എന്നൊക്കെ വിളിച്ച് മറ്റു മതത്തിൽ ഉള്ളവർ ക്രൂരമായി അധിക്ഷേപിച്ചതിനെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചു. ശബരിമലയിൽ പോകുന്നവരും ക്ഷേത്രത്തിൽ പോകുന്നവരും മുഴുവനും ബിജെപിക്കാർ ആവില്ല. മറ്റുള്ളവർക്ക് ആദരവ് നൽകിയാൽ മാത്രമേ സ്വയം ആദരവ് പ്രാപ്തമാവുകയുള്ളൂ. “മറയില്ലാത്ത വാക്കുകൾ, മായമില്ലാത്ത പ്രവർത്തികൾ, ആയിരം സാംസ്കാരിക നായന്മാർക്ക് അര പണ്ഡിറ്റ്, പണ്ഡിറ്റിനെ പോലെ ആരുമില്ല” എന്ന് എഴുതിക്കൊണ്ട് സന്തോഷ് പണ്ഡിറ്റ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സംവിധാനം മുതൽ അഭിനയം വരെ ഒരു സിനിമയിലെ 8 മേഖലകൾ സ്വന്തമായി കൈകാര്യം ചെയ്ത കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം “കൃഷ്ണനും രാധയും” ഒരുപാട് വിമർശനങ്ങളും സൈബർ അറ്റാക്ക് നേരിട്ടിരുന്നു എങ്കിലും വമ്പൻ വിജയമായിരുന്നു. അഭിമുഖങ്ങളിൽ കോട്ടും സൂട്ടും ഇട്ടു സ്വയം സൂപ്പർസ്റ്റാറായി വിശേഷിപ്പിച്ചിരുന്ന സന്തോഷ് പണ്ഡിറ്റിനെ ആളുകൾ ആദ്യം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിലൊന്നും തളരാതെ താൻ ചെയ്യണമെന്ന് ആഗ്രഹിച്ചതെല്ലാം ചെയ്ത് വിജയം നേടി എടുക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിനെ അടുത്ത് അറിഞ്ഞതോടെ സന്തോഷ് പണ്ഡിറ്റിനെ വെറുത്തവർ പോലും അദ്ദേഹത്തിന്റെ ആരാധകരായി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കാറില്ല. നിരവധിപേരാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top