Movlog

Kerala

ജീവിതത്തിലെ പുതിയ തുടക്കം ആരാധകരുമായി പങ്കു വെച്ച് സന്തോഷ് പണ്ഡിറ്റ്

ആക്ഷേപിച്ചവരെയും പരിഹസിച്ചവരെയും കൊണ്ട് തന്നെ കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വയം സൂപ്പർസ്റ്റാറെന്ന് വിശേഷപ്പെടുത്തി സ്വന്തം സിനിമയിലെ എല്ലാ മേഖലയും കൈകാര്യം ചെയ്തു സിനിമ ഇറക്കിയ സന്തോഷ് പണ്ഡിറ്റിനെ ആളുകൾ വിഡ്ഢി എന്നും കോമാളി എന്നും മുദ്രകുത്തി. ഒരു സിനിമാക്കാരന് ചിന്തിക്കാൻ പോലും കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരു സിനിമ എടുത്ത ആളെ പരിഹസിച്ചു മലയാളികൾ ചിരിച്ചു. മറ്റുള്ളവരുടെ തെറിവിളികൾക്ക് ഇടയിലും ആത്മവിശ്വാസത്തോടെ തന്റെ സിനിമയുമായി മുന്നോട്ടു പോവുകയും അതിൽ നിന്നു ലാഭം ഉണ്ടാക്കുകയും ചെയ്ത സന്തോഷ് പണ്ഡിറ്റ് ആള് നിസ്സാരക്കാരനല്ല.

2011ൽ സന്തോഷ് പണ്ഡിറ്റ് ഒരുക്കിയ “കൃഷ്ണനും രാധയും” എന്ന സിനിമ അപ്രതീക്ഷിതമായ വിജയമാണ് കണ്ടെത്തിയത്. കാലം കടന്നുപോയതോടെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെക്കുറിച്ച് ആളുകൾ കൂടുതൽ അറിയുകയായിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ സന്തോഷ് പണ്ഡിറ്റ് എന്ന സാധാരണക്കാരനായ മനുഷ്യനെ പ്രേക്ഷകർ അടുത്തറിഞ്ഞു. പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയ്ക്ക് പുറമേ ശക്തമായ നിലപാടുകൾ ആരെയും ഭയക്കാതെ തുറന്നു പറയുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സിനിമയിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

പണ്ട് ആക്ഷേപിച്ചു നടന്നവർ ഇന്ന് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ഓടിവരുന്ന തരത്തിലേക്ക് സന്തോഷ് പണ്ഡിറ്റ് വളർന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകളും പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ പുതിയൊരു തുടക്കത്തിനെ കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ. ആദ്യമായി ഒരു സീരിയലിൽ അഭിനയിക്കാൻ പോവുകയാണ് സന്തോഷ്. മിനിസ്ക്രീനിൽ പല അഭിമുഖങ്ങളിലും, റിയാലിറ്റി ഷോയിലും, മറ്റു പരിപാടികളിലും താരം പങ്കെടുത്തിട്ടുണ്ട് എങ്കിലും ആദ്യമായാണ് ഒരു പരമ്പരയിൽ അഭിനയിക്കുന്നത്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “തിങ്കൾ കലമാൻ” ലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഹരിത ജി നായർ, റേയ്ജൻ രാജൻ, കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര ത്രികോണ പ്രണയവുമായി മുന്നേറുകയാണ്. കീർത്തി ആരെയായിരിക്കും വിവാഹം ചെയ്യുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. സീരിയലിന്റെ പ്രോമോ വീഡിയോയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന് പ്രേക്ഷകർ അറിഞ്ഞത്. പരമ്പരയിലെ മഹാ എപ്പിസോഡിൽ താരം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മഹാ എപ്പിസോഡ് കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഉശിരൻ സംഭാഷണങ്ങളും നന്മ മുഹൂർത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് സന്തോഷ് പണ്ഡിറ്റിനെ ഉൾപ്പെടുത്തിയുള്ള പ്രൊമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. മലയാളികൾ സിനിമകളിൽ മാത്രം കണ്ടിരുന്ന സന്തോഷ് പണ്ഡിറ്റ്ന്റെ തീപ്പൊരി ഡയലോഗുകൾ ഇനി വീട്ടിലിരുന്ന് ആസ്വദിക്കാനാകും എന്ന സന്തോഷത്തിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. സൂര്യ ടിവിയിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8:30 മണിക്കാണ് “തിങ്കൾ കലമാൻ” സംപ്രേഷണം ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top