Movlog

Kerala

ഓക്സിജൻ സിലിണ്ടറും വച്ച് പണിയെടുക്കുന്ന അമ്മയുടെ ചിത്രം പങ്കു വെച്ച കുറിപ്പിനെതിരെ ആഞ്ഞടിച്ച് സനിത മനോഹർ.

ഓക്സിജൻ സിലിണ്ടറും മാസ്കുമായി അടുക്കളയിൽ പണിയെടുക്കുന്ന ഒരു അമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒരു അമ്മ ഒരിക്കലും തന്റെ കടമകളിൽ നിന്ന് അവധി എടുക്കില്ല എന്ന അടിക്കുറിപ്പോടെയാണ്‌ ഈ ചിത്രം പങ്കു വെച്ചിരുന്നത്. അമ്മമാരുടെ നിസ്വാർത്ഥമായ സ്നേഹത്തെ കുറിച്ചും ത്യാഗത്തെക്കുറിച്ചും വർണിക്കുന്ന നിരവധി കമന്റുകൾ ആയിരുന്നു ഇതിനു കീഴിൽ ഒരുപാട് ആളുകൾ പങ്കു വെച്ചത്. എന്നാൽ കോവിഡ് ബാധിച്ചിട്ടും ഒന്ന് വിശ്രമിക്കാൻ ആവാതെ വീട്ടിലുള്ളവർക്ക് വേണ്ടി മാസ്കും ഓക്സിജൻ സിലിണ്ടറും ഉപയോഗിച്ച് ഒറ്റയ്ക്ക് പണിയെടുക്കേണ്ടി വന്ന ആ അമ്മയുടെ ദുരവസ്ഥയെ കുറിച്ച് ചോദ്യം ഉന്നയിക്കുകയാണ് സനിത മനോഹർ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ.

കോവിഡ് ബാധിച്ച തന്റെ സുഹൃത്തിന്റെ അനുഭവം പങ്കു വെച്ച് കൊണ്ടായിരുന്നു സനിത കുറിപ്പ് ആരംഭിച്ചത്. കോവിഡ് ബാധിച്ച് ഒന്ന് നില്ക്കാൻ പോലും സാധിക്കാതെ ശരീരം നുറുങ്ങുന്ന വേദനയോടെ ആണ് സനിതയുടെ സുഹൃത്ത് അടുക്കളയിൽ പണിയെടുക്കുന്നത്. പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കുവാൻ ഭർത്താവിന് താല്പര്യം ഇല്ലാത്തതിനാൽ വീട്ടിലുള്ളവർക്ക് വേണ്ടി ഉള്ള ഭക്ഷണം പാകം ചെയ്യുകയായിരുന്നു സുഹൃത്ത്. ഭർത്താവിനും അമ്മയ്ക്കും ശരീര വേദന ഉള്ളതിനാൽ അവർ ലിവിങ് റൂമിൽ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സുഹൃത്തിന്റെ നിസ്സഹായ അവസ്ഥയിൽ സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്ന് സനിത വിഷമിച്ചിരിക്കുമ്പോൾ ആണ് സമാനമായ ഒരു സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിരുപാധികയമായ സ്നേഹം ആണ് ‘അമ്മ എന്ന അടിക്കുറിപ്പോടെ പങ്കു വെച്ച ആ ചിത്രത്തിലെ ക്രൂരത മനസിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി പോലും എംബിഎ ബിരുദമുല്ല ആ കമ്പനി മാനേജർക്ക് ഉണ്ടായിരുന്നില്ല. ഒരു ‘അമ്മ ഓക്സിജൻ സിലിണ്ടറുമായി ജോലി ചെയ്യുന്നത് കണ്ടു ആ അമ്മയെ സഹായിക്കാൻ നിൽക്കാതെ ആ ചിത്രം പകർത്തി പ്രദർശിപ്പിക്കാൻ അങ്ങേയറ്റം ക്രൂരമായ മനസ്സുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. വെന്റിലേറ്ററിൽ കിടക്കുമ്പോഴും കുടുംബത്തിന് വേണ്ടി ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മയും ഭാര്യയും ആണ് നിരുപാധികമായ സ്നേഹം എന്ന് സ്വപ്നം കാണുന്നവർ ആണ് ഈ ചിത്രം ഷെയർ ചെയ്യുന്നത്.

തീയുടെ തൊട്ടടുത്താണ് ആ ‘അമ്മ ഓക്സിജൻ സിലിണ്ടറുമായി പണി എടുക്കുന്നത്. അത് പൊട്ടിത്തെറിച്ചു ‘അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കും എന്ന് ചിന്തിക്കാനുള്ള മാനസികാവളർച്ച പോലും ഇവർക്കില്ല. അങ്ങനെ സംഭവിച്ചാൽ തന്നെ ത്യാഗം ആണ് ‘അമ്മ എന്ന് പങ്കു വെച്ച് അവർ അതും ആഘോഷിക്കും എന്ന് സനിത തന്റെ കുറിപ്പിലൂടെ തുറന്നടിക്കുന്നു. വിശ്രമമില്ലാതെ കുടുംബത്തിന് വേണ്ടി പ്രയത്നിക്കാൻ അമാനുഷികരല്ല അമ്മമാർ. സർവംസഹയായ , സ്നേഹമയിയായ ത്യാഗിയുടെ പരിവേഷം അമ്മമാർക്ക് നൽകുന്നത് പലപ്പോഴും പണിയെടുക്കാതിരിക്കാനുള്ള മറ്റുള്ളവരുടെ തന്ത്രമാണ്. ഇത് സ്നേഹമല്ല ചൂഷണം ആണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. വേണ്ടെന്ന് ‘അമ്മ പറഞ്ഞാലും അവരെ സഹായിക്കുന്നത് മനുഷ്യത്വമാണ് എന്ന് മനസിലാക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top