Movlog

Kerala

അസാനി ചുഴലിക്കാറ്റ് – മിക്ക ജില്ലകളിലും കനത്ത മഴ ! അപകട സാധ്യത മുന്നറിയിപ്പ് അറിയുക

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ആണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്നു ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

അതേ സമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. അസാനി ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര, ഒഡീഷ തീരങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. വീടിനു മുകളിലേക്ക് മരം വീണ് ഇന്നലെ ഒരു കുടുംബത്തിലെ രണ്ട് പേരാണ് മരിച്ചത്. മച്ചലി തീരത്തിന് സമീപമാണ് വീടിന് മുകളിലേക്ക് മരം വീണു ഒരു സ്ത്രീയടക്കം കുടുംബത്തിലെ രണ്ടു പേർ മരിച്ചത്. ഒഴുക്കിൽപെട്ട മത്സ്യതൊഴിലാളികൾ അടക്കം ഏഴ് പേരെ കാണാതായി.

ആന്ധ്രയിലെ ജില്ലകളിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിരവധി വിമാന സർവീസുകളും ട്രെയിനുകളും റദ്ദാക്കി. ചുഴലി കാറ്റിന് ശക്തി ക്ഷയിച്ചിട്ടുണ്ട് എങ്കിലും രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ വലിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രയിലെ കിഴക്കൻ തീരങ്ങളിലേക്ക് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത് എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കാറ്റ് ആന്ധ്രയുടെ തീരത്തിനടുത്ത് എത്തിയതിനു ശേഷം തിരിച്ചു ബംഗാൾ ഉൾക്കടളിൽ എത്തുന്നതോടെ ന്യൂനമർദ്ദം ആയി മാറിയേക്കും. ആന്ധ്രയുടെ വടക്കൻ തീരമേഖലയിലും കൃഷ്ണ, ഗുണ്ടൂർ, ഗോദാവരി ജില്ലകളിലും മഴ ശക്തമായിരിക്കുകയാണ്. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. റാണിപേട്ട് ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാതായി. ഗഞ്ചം തുറമുഖത്ത് ചേർന്ന് 11 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന വള്ളം മറിഞ്ഞു.

ഏഴുപേരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങൾ തൽക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും ചില ആഭ്യന്തര സർവീസുകൾ റദ്ദാക്കി. ഒഡീഷ പശ്ചിമ ബംഗാൾ തീരങ്ങളിലും കനത്ത മഴയുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവെ , ഭുബനേശ്വർ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി. വിശാഖപട്ടണം തുറമുഖം തൽക്കാലത്തേക്ക് അടച്ചു. വരും മണിക്കൂറുകളിൽ ആസാനി കൂടുതൽ ദുർബലമായി തീവ്ര ന്യൂനമർദ്ദം ആകും.

ദേശീയ ദുരന്തനിവാരണ സേനയുടെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തമിഴ്നാട് പുതുച്ചേരി കർണാടക തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആന്ധ്ര തീരങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അസാനിയുടെ സ്വാധീനം ഉള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top