Movlog

Movie Express

ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ നിങ്ങളെ മറന്ന് ജീവിക്കുന്നത്

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ലുക്ക് സോഷ്യൽ മീഡിയ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡോക്ടർ പി പി വിജയൻ തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം. ഇതൊരു പ്രചോദനമാകട്ടെ! ഏകദേശം ഒമ്പത് വര്‍ഷം മുമ്പാണ് ഒരു യുവതി എന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയത്. ക്ലാസിന്റെ ഭാഗമായി ചില ആക്റ്റിവിറ്റികളും ഗെയിമുകളുമൊക്കെ ഉണ്ടാകാറുണ്ട്.

ഒന്നിലും താല്‍പ്പര്യമില്ലാതെ മാറിനില്‍ക്കുന്നത് കണ്ടാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്. ഉച്ചഭക്ഷണത്തിന്റെ സമയത്ത് ആ പെണ്‍കുട്ടി എന്റെ അടുത്തേക്ക് വന്നു. മുഖത്ത് നിരാശാഭാവം. തനിക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാരണം ചോദിച്ചു. അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്. ഭര്‍ത്താവ് ഒരു ബിസിനസുകാരനാണ്. അയാള്‍ക്ക് തന്റെ ഓഫീസിലെ പെണ്‍കുട്ടിയോട് അതിരുകവിഞ്ഞ അടുപ്പം.

എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് അവളെ ഒഴിവാക്കാന്‍ പറ്റുന്നില്ലത്രെ. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് പരമാവധി ആത്മവിശ്വാസം കൊടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ബിരുദാനന്തരബിരുദമുള്ള അവരോട് സ്വന്തമായി ഒരു ഉപജീവനമാര്‍ഗ്ഗം നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. പിന്നീട് അവരെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷത്തിനുശേഷം വളരെ മോഡേണായി വസ്ത്രധാരണം ചെയ്ത ഒരു സ്ത്രീ എന്റെയടുത്ത് വന്നിട്ട് എന്നെ സാറിന് പരിചയമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒടുവില്‍ അവര്‍ കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസിലായി. അന്നത്തെ ആ സ്ത്രീയില്‍ നിന്ന് അവര്‍ ഏറെ മാറിയിരിക്കുന്നു. മുടിയിലും വസ്ത്രധാരണത്തിലുമൊക്കെ.

പണ്ട് അവരില്‍ ഞാന്‍ കണ്ടത് നിരാശയായിരുന്നെങ്കില്‍ ഇന്ന് വിജയിയുടെ ചിരിയാണ്. ഗാര്‍ഡനിംഗിനേക്കുറിച്ച് കൂടുതല്‍ പഠിച്ച് അവര്‍ സ്വന്തമായി ഒരു സംരംഭം ആരംഭിച്ചു. നഗരത്തിലെ ഏറ്റവും നല്ല വീടുകളുടെ ലാന്‍ഡ്‌സ്‌കേപ്പിംഗ് ചെയ്ത് കൊടുത്തത് തന്റെ കമ്പനിയാണെന്ന് പറയുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. ഞാന്‍ ചോദിക്കാതെ തന്നെ ദാമ്പത്യക്കെക്കുറിച്ചും അവര്‍ പറഞ്ഞു.

”സ്വന്തമായി ഒരു വരുമാനം കണ്ടെത്തിയശേഷം വിവാഹമോചനത്തിന് ഞാന്‍ ഒരുങ്ങിയതാണ്. പക്ഷെ ഭര്‍ത്താവ് എന്റെ കാലില്‍ വീണ് മാപ്പുപറഞ്ഞു. പിന്നെ ഞാനെല്ലാം ക്ഷമിച്ചു.” എന്തുകൊണ്ടാണ് ഭര്‍ത്താവ് തിരിച്ചുവന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. ”എന്റെ മാറ്റം തന്നെയായിരിക്കാം കാരണം.

ഞാന്‍ ഇത്തരത്തില്‍ മാറുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എന്നേക്കുറിച്ച് എല്ലാവരും അദ്ദേഹത്തോട് പുകഴ്ത്തിപ്പറയാന്‍ തുടങ്ങി. അവസാനം എന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ എന്റെ പിന്നാലെ നടക്കുന്ന അവസ്ഥയായി പുള്ളിക്ക്.” വിവാഹം കഴിയുന്നതോടെ പല സ്ത്രീകളും കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ ചുരുങ്ങിപ്പോകുന്നുവെന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. കുട്ടികളും കൂടി ആകുന്നതോടെ പലരും കരിയര്‍ ഉപേക്ഷിക്കുന്നു. സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ സമയമില്ലാതെയാകുന്നു.

സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടെന്നുവെക്കുന്നു. പക്ഷെ ഇതില്‍ സംഭവിക്കുന്ന അപകടം ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ നിങ്ങളെ മറന്ന് ജീവിക്കുന്നത് അവര്‍ക്ക് പോലും നിങ്ങള്‍ വിലയില്ലാതെയായി മാറുന്നു എന്നതാണ്. ആകര്‍ഷകമായി നടക്കാത്ത ഭാര്യയോട് ഭര്‍ത്താവിന് ആകര്‍ഷണം കുറയുന്നു.

ഒരുപാട് പഠിച്ചിട്ടും വീട്ടമ്മയായി ഒതുങ്ങിക്കൂടുന്ന അമ്മയോട് മക്കള്‍ക്ക് മതിപ്പ് ഇല്ലാതാകുന്നു. അതിനപ്പുറം മറ്റൊരു അപകടം കൂടിയുണ്ട്. നിങ്ങളുടെ ദാമ്പത്യത്തില്‍ ഒരു വിള്ളലുണ്ടായാലോ അല്ലെങ്കില്‍ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാലോ യാതൊരു വരുമാനവുമില്ലാതെ തുടര്‍ന്നുള്ള കാലം നിങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ ജോലി ചെയ്തിരുന്ന മേഖല ഏറെ മാറിയിട്ടുണ്ടാകും. പഠിച്ചതെല്ലാം നിങ്ങള്‍ മറന്നിട്ടുണ്ടാകും. വിദ്യാഭ്യാസയോഗ്യത കൊണ്ട് നിങ്ങള്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയിലായിട്ടുണ്ടാകും. മജ്ജു വാര്യരുടെ ഈ ചിത്രം ഒരുപാട് സ്ത്രീകള്‍ പങ്കുവെക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. സ്വന്തം കഴിവുകളെ തേച്ചുമിനുക്കിയെടുത്ത്, ഇഷ്ടമുള്ള മേഖലയില്‍ കാലുറപ്പിക്കാന്‍ ഈ ചിത്രം നിങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ!

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top