Movlog

Movie Express

കണ്ണനെ കാണാൻ ബാലാമണി വീണ്ടും ഗുരുവായൂരിൽ !

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നവ്യ നായർ. “ഇഷ്ടം” എന്ന സിനിമയിലൂടെ 2001ൽ ദിലീപിന്റെ നായികയായി മലയാളസിനിമയിലേക്ക് എത്തുമ്പോൾ ഒരു സ്കൂൾ വിദ്യാർഥിനിയായിരുന്നു നവ്യ. മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡി ആയിരുന്നു ദിലീപ് നനവ്യയുടേത്. “മഴത്തുള്ളിക്കിലുക്കം”, “കുഞ്ഞിക്കൂനൻ”, “കല്യാണരാമൻ”, “പാണ്ടിപ്പട”, “ഗ്രാമഫോൺ”, “പട്ടണത്തിൽ സുന്ദരൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.

അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് “നന്ദനം” എന്ന ചിത്രത്തിലെ ബാലാമണി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നവ്യയുടെ നായകൻ. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആയിരുന്നു ആദ്യമായി നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. പിന്നീട് 2005ൽ “കണ്ണേ മടങ്ങുക”, “സൈറ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ടാമതും താരം കരസ്ഥമാക്കി.

നവ്യാനായർ കേന്ദ്രകഥാപാത്രമായി എത്തിയ “സൈറ” കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്ത നാലാമത്തെ മലയാള ചിത്രമായിരുന്നു. 21 അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. “അഴകിയ തീയേ” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം “ഗജ” എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ ചുവടുവെക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

2010 ലായിരുന്നു ബിസിനസുകാരനായ സന്തോഷുമായിട്ടുള്ള നവ്യയുടെ വിവാഹം. ഇവർക്ക് സായി എന്ന ഒരു മകനുണ്ട്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന നവ്യ മിനിസ്ക്രീനിൽ സജീവമായിരുന്നു. മഞ്ച് ഡാൻസ്, ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, ലാഫിങ് വില്ല തുടങ്ങി നിരവധി പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി നവ്യ. അഭിനയത്തിന് പുറമേ മികച്ച നർത്തകി കൂടിയായ താരം 2018ൽ “ചിന്നം ചെറുകിളിയേ” എന്ന ഡാൻസ് വീഡിയോയിലൂടെ ആദ്യമായി സംവിധാനത്തിലേക്ക് കടന്നു.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2012-ലാണ് “സീൻ ഒന്ന് നമ്മുടെ വീട്” എന്ന സിനിമയിലൂടെ നവ്യാനായർ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം “ദൃശ്യം” എന്ന മോഹൻലാൽ ചിത്രത്തിന്റെ കന്നഡ റീമേക്കായ “ദൃശ്യ”യിലും താരം അഭിനയിച്ചു. ഇപ്പോഴിതാ “ഒരുത്തി” എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ അടുത്തിടെ സ്റ്റാർ മാജിക്കിൽ സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്ന വിധത്തിൽ താരം പെരുമാറിയത് ഏറെ വിമർശനങ്ങൾക്കും വിവാദത്തിനും ഇടയായി.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഗെയിം ഷോയാണ് സ്റ്റാർ മാജിക്. മിമിക്രി രംഗത്തും സീരിയൽ മേഖലയിലുമുള്ള താരങ്ങൾ അണിനിരക്കുന്ന സ്റ്റാർ മാജിക് മികച്ച സ്വീകാര്യത ലഭിച്ച ഒരു ടെലിവിഷൻ പരിപാടി ആയിരുന്നു. എന്നാൽ അടുത്തിടെ നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയ സ്റ്റാർ മാജിക്കിന്റെ എപ്പിസോഡിൽ നടന്ന സംഭവങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം അതിഥിയായി സന്തോഷ് പണ്ഡിറ്റും എത്തിയിരുന്നു. അവതാരക ലക്ഷ്മി നക്ഷത്രയും മറ്റുതാരങ്ങൾക്കൊപ്പം നവ്യയും നിത്യയും ചേർന്ന് സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങളെ കളിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതോടെ നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ചും താരങ്ങളെയും സ്റ്റാർ മാജിക്കിനെയും വിമർശിച്ച് രംഗത്തെത്തിയത്. വ്യാപകമായ പ്രതിഷേധങ്ങളും വിമർശനമാണ് സ്റ്റാർ മാജിക്കിനും താരങ്ങൾക്കും അവതാരകയ്ക്കും എതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു അതിഥിയായി ക്ഷണിച്ചു വരുത്തി മനപ്പൂർവ്വം തന്നെ അപമാനിക്കുകയായിരുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി. സന്തോഷ് പണ്ഡിറ്റിന്റെ “ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ” എന്ന സിനിമയിലെ ഗാനം പാടാൻ ആവശ്യപ്പെട്ടിട്ട് അത് പാടുമ്പോൾ ഗജനി യിലെ “സുട്ടും വിഴി ചൂടരെ” എന്ന പാട്ടു പാടി കളിയാക്കുകയായിരുന്നു ഓർക്കസ്ട്ര അടക്കം മറ്റു താരങ്ങൾ.

ഇങ്ങനെ സന്തോഷ് പണ്ഡിറ്റ് പാടിയ ഓരോ പാട്ടിനും അതിനേക്കാൾ ശബ്ദത്തിൽ മറ്റു പാട്ടുകൾ പാടിക്കൊണ്ട് സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകൾ എല്ലാം അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അവർ എന്ന് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. ഈ സംഭവത്തിൽ നവ്യ നായർക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ സ്കൂൾ കലോത്സവ വേദിയിൽ കലാതിലകം കിട്ടാത്തതിന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ നവ്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ നവ്യ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിലെ ദർശനം കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മഞ്ഞ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് നവ്യ നായർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മലയാളികളുടെ സ്വന്തം ബാലാമണി ഗുരുവായൂരമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “നന്ദനം” എന്ന ചിത്രത്തിലെ ഡയലോഗുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി കമന്റുകൾ ആണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top