Movlog

Kerala

ദി ഗ്രേറ്റ് ആർട്ടിസ്റ്റ് കല്യാണിയെ കുറിച്ച് പത്താംക്ളാസുകാരൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു!

പത്താം ക്ലാസ് പരീക്ഷയിൽ കുട്ടികളെ തേടിയെത്തിയ ഒരു ചോദ്യമായിരുന്നു, നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഗത്ഭനായ ഒരു വ്യക്തിയെ കുറിച്ചും അവർ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് രണ്ടു പുറത്തിൽ കവിയാതെ ഉപന്യാസം തയ്യാറാക്കുക. ഇതുപോലെ ഒരു ചോദ്യം വന്നാൽ മിക്ക കുട്ടികളും മദർതെരേസ, അബ്ദുൽ കാലം തുടങ്ങിയ പ്രശസ്ത വ്യക്തികളെ കുറിച്ചുമാണ് ഉപന്യാസം തയ്യാറാക്കുന്നത്. അങ്ങനെ സച്ചിനെയും ധോണിയെയും കുറിച്ചെല്ലാം ഓരോ കുട്ടികൾ ഉപന്യാസം എഴുതി. സമയം കഴിഞ്ഞപ്പോൾ പേപ്പർ എല്ലാം വാങ്ങി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് എത്തി. വളരെ നല്ല രീതിയിൽ തന്നെ കുട്ടികളെല്ലാം അവർക്കിഷ്ടപ്പെട്ട പ്രഗത്ഭരെ കുറിച്ചും അവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പേപ്പറിൽ എഴുതിയിട്ടുണ്ട്. ഒന്നൊന്നായി വായിച്ച് അവർക്ക് ഗ്രേഡ് ഇടുകയായിരുന്നു അധ്യാപിക.

മമ്മൂട്ടി, മോഹൻലാൽ, വിജയ്, മദർ തെരേസ, മുരുകൻ കാട്ടാക്കട, ധോണി ,സച്ചിൻ തുടങ്ങി നിരവധി പ്രഗത്ഭരെ കുറിച്ച് കുട്ടികൾ എഴുതിയിട്ടുണ്ട്. പത്തു ബി യിൽ പഠിക്കുന്ന നരേന്ദ്രന്റെ പേപ്പർ എടുത്ത ടീച്ചർ ഒന്ന് ഞെട്ടി. ദി ഗ്രേറ്റ് ആർട്ടിസ്റ്റ് കല്യാണി കുട്ടി- എന്റെ അമ്മ എന്നായിരുന്നു ആ കുട്ടി എഴുതിയത്. പിന്നീട് ഒരു കൗതുകത്തോടെയാണ് ടീച്ചർ ഉപന്യാസം വായിച്ചു തുടങ്ങിയത്. കാരണം നരേന്ദ്രന്റെ അമ്മ കല്യാണിയെ ആ ടീച്ചർക്ക് നന്നായി അറിയാം. അച്ഛന്റെ മരണശേഷം മക്കളെ വളർത്താനായി തൊഴിലുറപ്പ് പണിക്ക് പോയും മറ്റു വീടുകളിൽ അടുക്കളപ്പണി ചെയ്തു ജീവിച്ചിരുന്ന കല്യാണി എങ്ങനെ ഒരു ഗ്രേറ്റ് ആർട്ടിസ്റ്റ് ആകുമെന്ന് ആ ടീച്ചർ ഓർത്തു. കുട്ടി എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് കൗതുകത്തോടെ വായിച്ചപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ കലാകാരി തന്റെ അമ്മയാണെന്ന് നരേന്ദ്രൻ എഴുതി. ആരുടെ പാട്ട് കേട്ടാണ് ഒരാൾ കരച്ചിൽ നിർത്തുകയും സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങുന്നത് അത് നമ്മുടെ സ്വന്തം അമ്മയുടെ താരാട്ട് പാട്ടാണ്. ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഓരോ കുഞ്ഞും കേൾക്കുന്ന ആദ്യത്തെ സംഗീതം അത് അമ്മയുടേതാണ്.

അവാർഡ് കിട്ടിയില്ലെങ്കിലും സംഗീതം പഠിച്ചില്ലെങ്കിലും രാഗവും താളവും ഇല്ലെങ്കിലും ഒരു കുഞ്ഞിന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നത് അമ്മയുടെ താരാട്ട് പാട്ട് തന്നെയാണ്. അനിയത്തിയെ തുറക്കുവാൻ ആയി അമ്മ പാടിയ താരാട്ട് പാട്ടിന്റെ അത്ര മാധുര്യമുള്ള ഒരു സ്വരവും ഭൂമിയിൽ വേറെ കേട്ടിട്ടില്ല എന്ന് നരേന്ദ്രൻ എഴുതി. എന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ഗായിക. ഗായിക മാത്രമല്ല ഒരു വലിയ കഥാകാരി കൂടിയുമാണ് അമ്മ. പകൽ മുഴുവനും പണിയെടുത്ത് വീട്ടിലെത്തി റേഷൻ പീഡിയയിൽ നിന്നും കിട്ടിയ അരികൊണ്ട് ഉണങ്ങാത്ത വിറകു ഊതി കത്തിച്ച് കഞ്ഞി ഉണ്ടാക്കുമ്പോൾ, കരിയും പുകയും ഏറ്റ അടുക്കളയിൽ അമ്മയ്ക്കൊപ്പം നരേന്ദ്രനും ഏട്ടനും ഇരിക്കുന്നുണ്ടാവും. ഇവരുടെ അടുത്തുതന്നെ പാ വിരിച്ച് അനിയത്തിയും കിടക്കുന്നുണ്ടാവും. അടുപ്പിൽ നിന്നും ഉയരുന്ന പുകച്ചുരുളുകൾക്കിടയിലൂടെ അമ്മ പറഞ്ഞു തന്നിട്ടുള്ള മനോഹരമായ കഥകൾ ഇതുവരെയും എവിടെയും വായിച്ചിട്ടുമില്ല കേട്ടിട്ടുമില്ല.

ലോകത്തിലെ ഏറ്റവും വലിയ ശിൽപിയും തന്റെ അമ്മയാണ്. ഗോതമ്പുപൊടി കുഴച്ച് ശോഷിച്ച കൈകൊണ്ട് ഉരുളകളാക്കി പാത്രത്തിൽ കമഴ്ത്തിവെച്ച് അതിനുമുകളിൽ ഗോതമ്പു വെച്ച് ഗ്ലാസ്സുകൊണ്ട് ചപ്പാത്തി പരത്തുന്ന അമ്മയുടെ കഴിവ് എത്ര പ്രശംസിച്ചാലും മതിയാവില്ല. കലത്തിനു മുകളിൽ ഒരു തുണി ചുറ്റി കെട്ടി അതിന് മുകളിൽ ഗോതമ്പു പൊടി കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി വെച്ച് പുഴുങ്ങി എടുക്കുന്ന അമ്മ തന്നെയാണ് ഏറ്റവും വിദഗ്ധരായ ശില്പി. ഏറ്റവും വലിയ അഭിനേത്രിയും അമ്മ തന്നെയാണ്. കണ്ണു നിറയുമ്പോഴും ചുണ്ടുകളിൽ പുഞ്ചിരി വിടർത്തുന്ന അമ്മയെ പോലെ ഒരു മികച്ച നടി വേറെ എവിടെയും കണ്ടിട്ടില്ല. പട്ടിണികിടന്നും തന്റെ മക്കളെ വളർത്തി കിണറ്റിൽ നിന്ന് കോരി വെള്ളം കുടിച്ച് വിശപ്പടക്കുന്ന അമ്മയോളം ത്യാഗ ശീലിയായ മറ്റൊരാൾ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ തന്റെ അമ്മയാണ് ഏറ്റവും വലിയ ആർട്ടിസ്റ്റ്.

പകലുമുഴുവൻ പണിയെടുത്ത് രാത്രി അടുത്ത വീട്ടിലെ മുറ്റത്ത് മലപോലെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ പൊതിച്ച് എടുക്കുന്ന അച്ഛനെ പോലെ ഒരു കായിക അഭ്യാസിയെ കണ്ടിട്ടില്ല. ആ സ്നേഹവും കരുതലും അനുഭവിക്കാൻ വളരെ കുറച്ചു നാളെ കഴിഞ്ഞുവെങ്കിലും അച്ഛന്റെ അസാന്നിധ്യം അറിയിക്കാതെ മക്കളെ വളർത്തിയ അമ്മയെ മറന്നൊരു ജീവിതം എനിക്കില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ മകൻ ആയി ഏട്ടന്റെ അനുജനായി അനിയത്തിയുടെ കുഞ്ഞേട്ടന് ആയി ഈ കൊച്ചു വീട്ടിൽ തന്നെ പിറക്കണം.വിവാഹം കഴിഞ്ഞ് 18 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ കഴിയാത്ത ആ അധ്യാപിക വയറ്റിൽ കൈവെച്ച് കണ്ണീരോടെ പ്രാർത്ഥിച്ചു നരേന്ദ്ര നീ എന്റെ വയറ്റിൽ പിറന്നില്ലല്ലോ എന്ന്. അവന്റെ അക്ഷരങ്ങൾ നോക്കി കുറച്ചുനേരം ഇരുന്നു പോയി ആ ടീച്ചർ. അവൻ എഴുതിയത് അവന്റെ ജീവിതമായിരുന്നു. സ്വന്തം രക്തം ചാലിച്ചെഴുതിയ ജീവിതത്തിന് ഗ്രേഡ് ഇടാൻ ഉള്ള യോഗ്യത തനിക്കില്ലെന്ന് ടീച്ചർക്ക് തോന്നി. വളരെ വലിയൊരു സന്ദേശം തന്നെയാണ് ആ പത്താം ക്ലാസുകാരൻ നമുക്ക് നൽകുന്നത്. ഇന്നു നമ്മൾ മക്കളാണെങ്കിൽ നാളെ നമ്മൾ രക്ഷിതാക്കളാണ്. അപ്പോൾ നമ്മുടെ മക്കൾക്ക് പ്രചോദനമാകുന്ന ഗ്രേറ്റ് ആർട്ടിസ്റ്റുകൾ ആയി ഓരോ മാതാപിതാക്കളും മാറണം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top