1982ൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ മുകേഷ് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. നടനായും, സഹനടനായും, നിർമ്മാതാവായും, ഹാസ്യതാരമായും പ്രേക്ഷകരുടെ മനം കവർന്ന താരം പിന്നീട് മിനിസ്ക്രീൻ അവതാരകനായും മലയാളികൾക്ക് മുന്നിലെത്തി. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ കൂടിയായ മുകേഷ് പിന്നീട് രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചു. സിനിമയിലേക്ക് കടന്നു വരുന്നതിനു മുമ്പ് നാടകങ്ങളിൽ സജീവമായിരുന്ന മുകേഷ് കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുമാണ് സിനിമയിലേക്കെത്തുന്നത്. മുകേഷിന്റെ അച്ഛൻ ഓ മാധവനും അമ്മ വിജയകുമാരിയും നാടക രംഗത്ത് സജീവമായിരുന്നു.
മുകേഷ് ആദ്യം വിവാഹം കഴിച്ചത് സിനിമ നടി സരിതയെ ആയിരുന്നു. എന്നാൽ ഈ വിവാഹബന്ധത്തിന് അൽപ്പായുസ്സ് മാത്രമായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ മുകേഷ് പിന്നീട് പ്രശസ്ത നർത്തകി മേതിൽ ദേവികയെ ആണ് വിവാഹം കഴിച്ചത്. ദേവികയും ആദ്യ ഭർത്താവുമായുള്ള ദാമ്പത്യജീവിതം വേർപെടുത്തിയതിനു ശേഷമാണ് മുകേഷിന്റെ ജീവിതസഖി ആയത്. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴാണ് ദേവികയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഒരു പരിപാടിക്കിടയിൽ ദേവികയെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് ദേവിക മുകേഷിനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. വിവാഹമോചിതയാണ് എന്ന് അറിഞ്ഞപ്പോൾ മുകേഷ് ദേവികയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
ദേവികയുടെ വീട്ടുകാർക്ക് ആദ്യം ഈ ബന്ധത്തോട് എതിർപ്പായിരുന്നു എങ്കിലും വിവാഹമോചിതനായ മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിതപങ്കാളിയെ ആയിരിക്കുമെന്ന് ദേവിക തിരിച്ചറിയുകയായിരുന്നു. വിവാഹമോചനത്തിന്റെ കയ്പുള്ള അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ളവരാണ് മുകേഷും ദേവികയും. 22 വയസ്സിന്റെ പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് ദേവികയ്ക്ക് ഉറപ്പായിരുന്നു. അത് കൊണ്ടാണ് മുകേഷിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ ദേവിക ഉറച്ചുനിൽക്കുകയായിരുന്നു.