സ്വാമി അയ്യപ്പന്റെ പടം വരച്ച ഷർട്ടുമിട്ട് സുരേഷ് ഗോപി പറയുന്നത് മുഴുവനും വർഗീയതയും സവർണതയും ആണ് എന്ന് ലക്ഷ്മി രാജീവ്. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുരേഷ് ഗോപിക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ്. എല്ലാ മതങ്ങളിലെയും ആചാരങ്ങളെ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചുചേർത്ത ഷർട്ടും ഇട്ടു കൊണ്ട് പറയുമ്പോൾ നിങ്ങൾ ശരിക്കും ആരാണെന്ന് ഓർത്തു പോവുകയാണ് എന്ന് ലക്ഷ്മി കൂട്ടിച്ചേർത്തു. ലക്ഷ്മി രാജീവിന്റെ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.
മകൾ ലക്ഷ്മിയുടെ മരണത്തിൽ നെഞ്ചു പൊട്ടിക്കരയുന്ന ഒരു അച്ഛനായിരുന്നു സുരേഷ് ഗോപി. സിനിമയിൽ അവസരങ്ങൾ ഇല്ലാത്ത സമയത്ത് തന്റെ വിഷമങ്ങൾ തുറന്നു പറഞ്ഞ താരം. ഒരിക്കൽ ഒരു യാത്രയിൽ കണ്ടുമുട്ടി പരിചയപ്പെടുകയും എവിടെ വിളിച്ചാലും ഓടിയെത്തുകയും ഫോൺ വിളിച്ചാൽ എടുക്കുകയും ചെയ്യുന്ന ഒരു നല്ല മനുഷ്യനായിരുന്നു സുരേഷ് ഗോപി പണ്ട് എന്ന് ലക്ഷ്മി പറയുന്നു . അനീതിക്കും അക്രമത്തിനുമെതിരെ പോരാടുന്ന ആദർശധീരനായ നിരവധി പോലീസ് കഥാപാത്രങ്ങളാണ് സുരേഷ് ഗോപി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇത്തരം കഥാപാത്രങ്ങളിൽ ആകൃഷ്ടരായി പോലീസ് ഉദ്യോഗം സ്വീകരിച്ച ഒരുപാട് ചെറുപ്പക്കാരുണ്ട്.
ഒരു വർഗീയ പാർട്ടിയിൽ സുരേഷ് ഗോപി ചേർന്നപ്പോൾ അത്ഭുതം തോന്നിയില്ല. സുരേഷ് ഗോപി ചേർന്നിട്ട് ആ പാർട്ടി അല്പമെങ്കിലും മെച്ചപ്പെടുമെന്ന് ആഗ്രഹിക്കുകയായിരുന്നു. അത്രമേൽ വിശ്വാസമായിരുന്നു സുരേഷ് ഗോപിയെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാൽ സ്വാമി അയ്യപ്പന്റെ പടം വരച്ച ഷർട്ടുമിട്ട് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത് മുഴുവൻ വർഗീയതയും സവർണതയും ആണെന്ന് ലക്ഷ്മി കുറ്റപ്പെടുത്തുന്നു. ഒരു സെക്യുലർ രാജ്യത്തെ തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ അതൊരു പുണ്യപുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങൾക്കുണ്ട്. മഹിഷി, മാളികപ്പുറം, യുദ്ധം, നിഗ്രഹം, പോര്, ശംഖു, കുന്തം, കൊടച്ചക്രം എന്നു തുടങ്ങി ബ്രാഹ്മണൻ ആകാൻ ആഗ്രഹിക്കുന്ന എല്ലാ ഘടകങ്ങളും ആയിരുന്നു സുരേഷ് ഗോപിയുടെ സംഭാഷണത്തിൽ ഉടനീളം.
ബിജെപി പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്ക് വില കൊടുക്കാൻ മാത്രം സുരേഷ് ഗോപി എന്ന താരത്തിനെ വളർത്തിയത് ദൈവമല്ല ഈ നാട്ടിലെ സാധാരണ മനുഷ്യരാണ് എന്ന് ലക്ഷ്മി രാജീവ് ഓർമ്മിപ്പിക്കുന്നു. പട്ടിണിപ്പാവങ്ങളുടെ എന്തെങ്കിലും പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ അഡ്രസ്സ് ചെയ്യുന്നുണ്ടോ എന്ന് ലക്ഷ്മി ചോദിക്കുന്നു. പ്രശസ്തമായ ഒരു ചൈനീസ് കവിതയും ലക്ഷ്മി തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
ഞാനൊരു പൂമ്പാറ്റയാണോ പൂമ്പാറ്റ ആണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്. സുരേഷ് ഗോപി ശരിക്കും വർഗീയ വാദിയായ സുരേഷ് ഗോപി ആയിരുന്നോ അതോ വർഗീയവാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ. താങ്കൾ ഇപ്പോൾ ദൈവത്തിൽ നിന്നും ഒരുപാട് അകലെയാണ് ഒരിക്കലും കാണാൻ സാധിക്കാത്ത വിധം അകലെ എന്ന ലക്ഷ്മി രാജീവ് പറയുന്നു. നിങ്ങൾ തോൽക്കുമ്പോൾ ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു ഓർക്കുക എന്നും ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം എന്തിനാണ് വേണ്ടെന്നു വച്ചത് എന്നും ലക്ഷ്മി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.