Movlog

Faith

“ഓർമയി”ൽ നിന്നും പടിയിറങ്ങി മലയാള സിനിമയുടെ മഹാനടി കെപിഎസി ലളിത !

മലയാള സിനിമയുടെ സ്വന്തം അമ്മയാണ് കെ പി എ സി ലളിത. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം അമ്മ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്. വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള താരം ഹാസ്യ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടിമാരിലൊരാളാണ്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും വളരെ സജീവമാണ് കെപിഎസി ലളിത. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “തട്ടീം മുട്ടീം” എന്ന കുടുംബ പരമ്പരയിൽ സജീവമായിട്ടുള്ള താരം മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടുകുടുംബം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് കെപിഎസി ലളിത. പത്താം വയസ്സുമുതൽ നാടകങ്ങളിൽ സജീവമായിരുന്നു താരം. കെപിഎസി എന്ന നാടക ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് ഈ പേര് സ്വീകരിച്ചത്. ഇന്നസന്റുമായുള്ള കെപിഎസി ലളിതയുടെ താരജോഡി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരജോഡികളാണ് ഇവർ. ഭർത്താവും സംവിധായകനുമായ ഭരതന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത കെപിഎസി ലളിത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു.

മലയാള സിനിമയിലെ മിക്ക സൂപ്പർതാരങ്ങളുടെയും അമ്മവേഷം ചെയ്തിട്ടുള്ള കെപിഎസി ലളിതയോട് പ്രേക്ഷകർക്ക് ഒരു അമ്മയോട് എന്ന പോലെയുള്ള സ്നേഹം തന്നെയാണ്. നർമ്മവും ഗൗരവമാർന്ന വേഷങ്ങളും ഭദ്രമാണ് ഈ കൈകളിൽ. പതിറ്റാണ്ടുകളായി അഭിനയലോകത്ത് തിളങ്ങിയിട്ടുള്ള കെ പി എ സി ലളിതയെ കുറിച്ചുള്ള ദുഖകരമായ വാർത്തകൾ ആയിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്നത്.

അതീവ ഗുരുതരാവസ്ഥയിൽ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തകളായിരുന്നു പുറത്തു വന്നത്. നായികയായും നടിയായും സ്വഭാവ നടിയായും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങിയ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന താരം ഒരുപാട് ദിവസത്തെ ഐ സി യു ചികിത്സയ്ക്ക് ശേഷം നാട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകണം എന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ നിന്നും താരത്തിനെ വീട്ടിലെത്തിച്ചത്. മരുന്നുകൾ കൊണ്ടു മുന്നോട്ടു പോകാം എന്ന് ഡോക്ടർമാർ തീരുമാനം അറിയിച്ചതോടെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തുവാൻ താരം ആഗ്രഹം പ്രകടിപ്പിച്ചത്. നവംബർ 24നായിരുന്നു കെപിഎസി ലളിതയെ തൃശ്ശൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവെക്കേണ്ടി വന്നതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കടന്നു പോയ കാലത്തിന്റെ ഓർമ്മകൾ കൊണ്ട് ഉണ്ടാക്കിയ “ഓർമ്മ” എന്ന വീട്ടിൽ നിന്നും കെപിഎസി ലളിത എറണാകുളത്തേക്ക് യാത്രയായി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് തൃപ്പൂണിത്തറയിലുള്ള മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിലേക്ക് താരത്തിനെ കൊണ്ടു പോയത്. രണ്ടുമാസം മുമ്പ് ആയിരുന്നു എങ്കക്കാട്ടിലെ ഓർമ്മ എന്ന വീട്ടിലേക്ക് കെപിഎസിയെ കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ആകെ അവശയായ താരം പിന്നീട് സംസാരിക്കാതെ ആയി. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി. ഇത്രയും ദിവസം മകൻ സിദ്ധാർഥും ഭാര്യ സുജിനയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും ലളിതയുടെ സന്തതസഹചാരിയായ സാരഥി സുനിലും ഒപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി ആംബുലൻസിൽ ആയിരുന്നു താരത്തിനെ ഓർമ്മ എന്ന വീട്ടിൽ നിന്നും കൊണ്ടുപോയത്. ഓർമയിൽ നിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിലെ ഇതിഹാസ താരം കെ പി എ സി ലളിത.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top